ഇന്ത്യന്‍ സമ്പദ്‌രംഗം ഒരു തളര്‍ച്ചയിലൂടെ കടന്നു പോകുന്ന സമയത്തുള്ള ബജറ്റ് എന്ന നിലയില്‍ 2020-21 കേന്ദ്രബജറ്റിനെ ഏറെ പ്രതീക്ഷയോടെ മാത്രമല്ല അതിലേറെ ആകാംഷയോടെയാണ് ഏവരും കാത്തിരുന്നത്, പ്രത്യേകിച്ചു വളര്‍ച്ച നിരക്കിനെ വീണ്ടെടുക്കാനുള്ള എന്തെല്ലാം നടപടികളിലേക്കാകും ബജറ്റ് വെളിച്ചം വീശുന്നത് എന്നതിനെക്കുറിച്ച്.

ഒരു സമ്പദ് വ്യവസ്ഥ മുഴുവന്‍ വലിയ പ്രതീക്ഷയോടെ ഉറ്റുനോക്കുമ്പോള്‍ സ്വാഭാവികമായും ഒരു ബജറ്റിന് വേണ്ടത് വിശ്വാസ്യതയാണ്, പ്രത്യേകിച്ചും പ്രതീക്ഷിത വരുമാനത്തിന്റെയും ചെലവിന്റെയും കാര്യത്തില്‍. ഉദാഹരണമായി 2018-19, 2019-20 ബജറ്റുകളില്‍ ഏകദേശം 18% നികുതി വരുമാന വര്‍ധനവാണ് തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളില്‍ പിരിച്ചെടുത്ത തുകയില്‍ നിന്നു അനുമാനിച്ചത്. തൊട്ടു മുന്‍പുള്ള വര്‍ഷങ്ങളിലെ ശരാശരി വളര്‍ച്ച നിരക്കായ 7.5 ശതമാനതോടൊപ്പം 4.5 പണപ്പെരുപ്പം കൂട്ടുമ്പോള്‍ കിട്ടുന്ന 12 ശതമാനം നോമിനല്‍ നിരക്കില്‍ വളരുന്ന ഒരു രാജ്യത്തു നിന്നു 18% കൂടുതല്‍നികുതി വരുമാനം പ്രതീക്ഷിച്ചത് സ്വാഭാവികമായും അസ്ഥാനത്തായി. 2018-19 ഇല്‍ നികുതി വരുമാനം 9% കൂടിയെങ്കില്‍ 2019-20 ഇല്‍ ഈ വളര്‍ച്ച നിരക്ക് വെറും 2% ആയി. പുതിയ ബജറ്റ് 2020-21 ല്‍ സമ്പത് വ്യവസ്ഥ10% നോമിനല്‍ വളര്‍ച്ച കൈവരിക്കുമെന്നു കണക്കാക്കുമ്പോള്‍ നികുതി വരുമാനത്തില്‍ 12.5% വര്‍ധന പ്രതീഷിക്കുന്നുണ്ട്. 

കാലങ്ങളായി ബജറ്റുകളില്‍ കാണിക്കുന്ന ധനക്കമ്മി സര്‍ക്കാരിന്റെ മൊത്തം ബാധ്യത വെളിപ്പെടുത്തുന്നില്ല എന്നൊരു ആരോപണമുണ്ട്. ഗവണ്മെന്റ് നല്‍കുന്ന വായ്പാ ഗ്യാരണ്ടികള്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളിലേക്ക് മാറ്റി വയ്ക്കപ്പെടുന്ന സബ്സിഡി ചെലവുകള്‍ തുടങ്ങിയവയൊന്നും ധനകമ്മിയില്‍ ഉള്‍ക്കൊള്ളിക്കാറില്ല. ഈ വര്‍ഷത്തെ ബജറ്റില്‍ ഇതിനൊരു മാറ്റം വരും എന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അതുണ്ടായില്ല. എന്നിരുന്നാല്‍ തന്നെയും ബജറ്റ് ഡോക്യൂമെന്റസില്‍ അത്തരം ബാധ്യതകളുടെ വിവരം പ്രത്യേകമായി നല്‍കുകയുണ്ടായി.

പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍,റിസര്‍വ് ബാങ്ക് എന്നിവയില്‍ നിന്നുള്ള ലാഭവിഹിതം, ഓഹരി വിറ്റഴിക്കലിലൂടെയുള്ള വരുമാനം എന്നിവയാണ് നികുതികള്‍ക്ക് പുറമെയുള്ള ഗവണ്മെന്റിന്റെ വരുമാന സ്രോതസ്സുകള്‍. 2019-20 ള്‍ ഓഹരി വിറ്റഴിക്കലിലൂടെ 1 ലക്ഷം കോടി സമാഹരിക്കാന്‍ ലഖ്യമിട്ടിരുന്നെങ്കിലും ഇതുവരെ 18,000 കോടി രൂപ മാത്രമേ കിട്ടിയിട്ടുള്ളൂ. 65,000 കൂടിയായി ലക്ഷ്യം പുതുക്കി നിശ്ചയിച്ചെങ്കിലും ഇനി വെറും 2 മാസത്തിനുള്ളില്‍ എങ്ങനെ ഈ തുക സമാഹരിക്കുമെന്നു ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. അങ്ങനെ സമാഹരിക്കാന്‍ കഴിയാത്ത പക്ഷം ധനക്കമ്മി ബജറ്റില്‍ പ്രതീക്ഷിക്കുന്ന 3.8% ഇല്‍ നില്‍ക്കുകയുമില്ല.

വളര്‍ച്ചാ നിരക്കിലേക്ക് വരാം. 2018-19 ന്റെ തുടക്കം മുതല്‍ ഓരോ പാദത്തിലും വളര്‍ച്ചാനിരക്ക് കുറഞ്ഞു വരികയാണ്. മൂലധന നിക്ഷേപത്തിലും ക്രയവിക്രയത്തിലും (consumption) വന്ന കുറവാണ് വളര്‍ച്ചാ നിരക്ക് കുറയുവാനുള്ള കാരണം. കൃഷി, അനുബന്ധ വ്യവസായങ്ങളുടെ തളര്‍ച്ച 70 ശതമാനത്തോളം വരുന്ന ഗ്രാമീണ ജനതയുടെ ക്രയ വിക്രയ ശേഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഗ്രാമീണ മേഖലയില്‍ പണ ലഭ്യത ഉറപ്പു വരുത്തി ഈ തളര്‍ച്ച പരിഹരിക്കാന്‍ കഴിയും. അവിടെയാണ് തൊഴിലുറപ്പ് പോലുള്ള പദ്ധതികളുടെ പ്രസക്തി. നിര്‍ഭാഗ്യവശാല്‍ അടുത്തവര്ഷത്തേക്കുള്ള തുക വകയിരുത്തിയപ്പോള്‍ ഏകദേശം 10000 കോടിയുടെ കുറവാണ് തൊഴിലുറപ്പ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി മൂലം വാഹനങ്ങള്‍, ടിവി, ഏസി, വാഷിംഗ് മെഷിന്‍ തുടങ്ങിയ വീട്ട് സാധനങ്ങള്‍ക്കായി നല്കിവന്നിരുന്ന ലോണിന്റെ ലഭ്യതയിലും കുറവുണ്ടായി. ഇതും ഗ്രാമീണ മേഖലയിലെ ചെലവഴിക്കലിനെ ബാധിച്ചു.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ മൂലധനതിനായി പ്രധാനമായും  ആശ്രയിക്കുന്നത് ബാങ്കുകളെയാണ്. എന്നാല്‍ ചില ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ ദുര്‍വിനിയോഗം ചെയ്തതും വലിയ കോര്പറേറ് സ്ഥാപനങ്ങള്‍ക്ക് നല്‍കിയ വായ്പ കിട്ടാക്കടമായതും ഈ മേഖലകളില്‍  വായ്പ നല്‍കുന്നതില്‍ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.  പുതിയ പാപ്പരത്ത നിയമം (Insolvency and Bankruptcy Code), അടുത്ത കാലത്തുണ്ടായ എസ്സാര്‍ സ്റ്റീലിന്റെ ന്റെ വായ്പ കുടിശികയിന്മേലുള്ള സുപ്രീം കോടതി വിധി എന്നിവ കിട്ടാക്കടം തിരിച്ചു പിടിക്കുന്നതില്‍ ബാങ്കുകളെ സഹായിക്കുന്നുണ്ട്. കൂടുതല്‍ ദീര്‍ഘകാല വായ്പകള്‍ നല്‍കുന്നതില്‍ ബാങ്കുകളുടെ ആത്മവിശ്വാസം കൂട്ടാനും ഇത് സഹായിക്കും. എന്നിരുന്നാല്‍ തന്നെയും വായ്പ നല്‍കുന്നതിന് മുന്‍പ് ദീര്‍ഘകാല പദ്ധതികളെ വേണ്ട വിധം വിലയിരുതുന്നതില്‍ പൊതുമേഖല ബാങ്കുകളുടെ ബോര്‍ഡുകളെ സജ്ജരാക്കേണ്ടതിന്റെ ആവശ്യകതയുണ്ട്. പക്ഷെ ഈ ബാങ്ക് ബോര്‍ഡുകളുടെ പ്രൊഫെഷണല്‍ വല്‍ക്കരണത്തിനുള്ള സൂചനകളൊന്നും തന്നെ ബജറ്റില്‍ ഇല്ല. മാത്രമല്ല, പൊതുമേഖലാ ബാങ്കുകളെ കൂടുതല്‍ വായ്പ നല്‍കാന്‍ സജ്ജരാക്കാന്‍ മൂലധനം (recapitalisation) ഇറക്കേണ്ടതുമുണ്ട്. അതിനും തുക വകയിരുത്തിയിട്ടില്ല.

സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ക്രയവിക്രയം, മുതല്‍ മുടക്ക് എന്നിവ മാറ്റി നിര്‍ത്തിയാല്‍ സമ്പത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ഗവണ്മെന്റ് കൂടുതല്‍ ചെലവഴിക്കേണ്ടി വരും.നടപ്പു വര്‍ഷത്തേക്കാള്‍   മൊത്തം ചെലവില്‍ ഏകദേശം 12% വര്‍ധന ബജറ്റ് സൂചിപ്പിക്കുന്നുണ്ട് ഇത് പോര എന്ന അഭിപ്രായം സംസ്ഥാന ധനകാര്യ മന്ത്രി ഉന്നയിക്കുകയുണ്ടായി. എന്നിരുന്നാലും ശ്രദ്ധിക്കേണ്ട വസ്തുത മൂലധന ചെലവവില്‍ നടപ്പു വര്‍ഷത്തേക്കാള്‍ 18% വര്‍ധന വരുത്തി എന്നതാണ് . ആസ്തി വര്‍ധിപ്പിക്കാന്‍ ഉതകുന്ന ചെലവ് ആയതിനാല്‍ തന്നെ ഇത് സ്വാഗതാര്‍ഹമാണ്. അതോടൊപ്പം റവന്യൂ ചെലവിലുള്ള വര്‍ധന 12 % ആയി നിജപ്പെടുത്തിയിട്ടുമുണ്ട്. മാത്രമല്ല അടുത്ത വര്‍ഷത്തേക്കുള്ള മൊത്തം ഗവണ്മെന്റ് ചെലവായ 30 ലക്ഷം കോടി രൂപ ദേശീയ വരുമാനത്തിന്റെ ഏകദേശം 15 ശതമാനത്തോളം വരും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത് വെറും 9% മാത്രമായിരുന്നു.പക്ഷെ ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ മൊത്തം ക്രയവിക്രയ ശേഷി കൂട്ടാന്‍ ഈ തുക എത്ര മാത്രം പര്യാപ്തം ആണെനുള്ളത് സംശയമാണ് . 

എല്‍ഐസി, ഗവണ്മെന്റ് തുറമുഖങ്ങള്‍ തുടങ്ങിയവയുടെ ഓഹരി വിപണിയിലെ ലിസ്റ്റിംഗും ബജറ്റ് ലക്ഷ്യമിടുന്നുണ്ട്. ഓഹരി വിറ്റഴിച്ച് മൂലധനം നേടുന്നതിലുപരി ഈ സ്ഥാപനങ്ങളുടെ കാര്യക്ഷമത കൂട്ടാനും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പു വരുത്താനും അത് സഹായിക്കും. ഈ അടുത്ത സമയത്തു പാപ്പരായ പല കമ്പനികളിലും എല്‍ഐസിക്ക് ഭീമമായ ഓഹരി നിക്ഷേപം ഉണ്ടായിരുന്നുവെന്നതും ഗവണ്മെന്റ് പോര്‍ട്ടുകളുടെ വിപണി വിഹിതം സ്വകാര്യ തുറമുഖങ്ങള്‍ അതിവേഗം കയ്യടക്കുന്നതും ഈ അവസരത്തില്‍ ഓര്‍മ്മിക്കേണ്ടതാണ്.

 (അഭിപ്രായം വ്യക്തിപരം)

Content Highlight: union budget 2020 analysis