മുംബൈ: ബജറ്റില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനാല്‍ സ്മാര്‍ട്ട്‌ഫോണുകളുടെ വിലയില്‍ 2 മുതല്‍ 7 ശതമാനംവരെ വര്‍ധനവുണ്ടാകും. 

പൂര്‍ണമായും നിര്‍മിച്ച മൊബൈല്‍ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് കുറവാണെങ്കിലും തീരുവ വര്‍ധിപ്പിച്ചത് വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്ന് ഈരംഗത്തുള്ളവര്‍ പറയുന്നു.

ഇറക്കുമതി ചെയ്ത് ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ചാണ് രാജ്യത്ത് മൊബൈല്‍ ഫോണുകള്‍ നിര്‍മിക്കുന്നത് അതുകൊണ്ടുതന്നെയാണ് വിലവര്‍ധന പ്രതീക്ഷിക്കുന്നത്. 

മദര്‍ബോര്‍ഡ്, പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് എന്നിവയുടെ ഇറക്കുമതി തീരുവ 15 ശതമാനത്തില്‍നിന്ന് 20ശതമാനമായാണ് ഉയര്‍ത്തിയത്. മൊബൈല്‍ ഫോണ്‍ നിര്‍മിക്കാനുപയോഗിക്കുന്ന മറ്റ് ഭാഗങ്ങളുടെ തീരുവയിലും സമാനമായ വര്‍ധനവുണ്ട്. 

നിലവില്‍ ആഭ്യന്തര വിപണിയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ 97 ശതമാനവും രാജ്യത്തുതന്നെ നിര്‍മിക്കുന്നതാണ്. 40,000 മുകളില്‍ വിലയുള്ള ചില ഫോണുകള്‍മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. 

ആപ്പിളിന്റെ ചില ഫോണുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ടെങ്കിലും ജനപ്രിയ മോഡലുകളില്‍ പലതും ഇറക്കുമതിചെയ്യുകയാണ്. 

Mobile handset prices may rise