ദാവോസ്: രാജ്യത്തെ 63 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്രബജറ്റിനെക്കാൾ കൂടുതൽ. ഒരു ശതമാനംവരുന്ന അതിസമ്പന്നരുടെ ആസ്തി രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനംവരുന്ന, 95.3 കോടി ദരിദ്രരുടേതിനേക്കാൾ നാലിരട്ടിയാണെന്നും‌ം ലോക സാമ്പത്തികഫോറത്തിന് മുന്നോടിയായി ഓക്സ്ഫാം പുറത്തുവിട്ട ‘ടൈം ടു കെയർ’ റിപ്പോർട്ടിൽ പറയുന്നു.

63 ഇന്ത്യന്‍ സമ്പന്നരുടെ ആസ്തി
28.97 ലക്ഷം കോടി

2018-19 സാമ്പത്തികവര്‍ഷത്തെ കേന്ദ്ര ബജറ്റ്
24.42 ലക്ഷം കോടി

ലോകജനസംഖ്യയുടെ 60 ശതമാനംവരുന്ന 460 കോടി ജനങ്ങളുടെ ആകെ സമ്പത്ത് ചേർത്തുവയ്ക്കുന്നതിനെക്കാൾ ആസ്തി ലോകത്തെ 2153 ശതകോടീശ്വരന്മാരുടെ പക്കലുണ്ട്. ഒരു പതിറ്റാണ്ടിനിടയിൽ ലോകത്ത് അതിസമ്പന്നരുടെ എണ്ണം ഇരട്ടിയായെന്നും ആഗോള അസമത്വം ഞെട്ടിപ്പിക്കുന്നതരത്തിൽ വർധിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അസമത്വം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കാതെ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം പരിഹരിക്കാനാവില്ലെന്നും വളരെക്കുറച്ച് സർക്കാരുകൾ മാത്രമാണ് ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധത കാണിക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ പറഞ്ഞു.

സമ്പത്തിന്റെ മധുരം നുണയുന്നവര്‍
ഇന്ത്യയില്‍ 63 അതിസമ്പന്നരുടെ ആസ്തി 2018-'19 വര്‍ഷത്തെ കേന്ദ്രബജറ്റിനെക്കാള്‍ (24,42,200 കോടി) കൂടുതല്‍

  • 10 ശതമാനം സമ്പന്നരുടെ ആസ്തി ദേശീയ ആസ്തിയുടെ 74.3%
  • 2019-ല്‍ ഒരു ശതമാനം അതിസമ്പന്നരുടെ ആസ്തി വര്‍ധിച്ചത് 46%
  • 50 ശതമാനം ദരിദ്രരുടെ ആസ്തി വര്‍ധിച്ചത്-3%
  • ഉന്നത ടെക് കമ്പനിയിലെ സി.ഇ.ഒ.യുടെ ഒരുവര്‍ഷത്തെ വരുമാനത്തിനു തുല്യമായ തുക നേടാന്‍ ഒരുവീട്ടുജോലിക്കാരി പണിയെടുക്കേണ്ടത്-22,277 വര്‍ഷം
  • അവര്‍ ഒരുവര്‍ഷം കൊണ്ടു നേടുന്ന തുക സി.ഇ.ഒ. നേടുന്നത് 10 മിനിറ്റില്‍
  • രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെ പ്രതിഫലമില്ലാതെയുള്ള അധ്വാനം -326 കോടി മണിക്കൂര്‍ (ദിവസം)
  • പണപരമായ മൂല്യം 19 ലക്ഷം കോടി രൂപയ്ക്ക് തുല്യം, 2019-ലെ വിദ്യാഭ്യാസ ബജറ്റിന്റെ(93,000 കോടി) 20 ഇരട്ടി വരുമിത്.

India's 63 richest people have more assets than the Union Budget