ന്യൂഡല്‍ഹി: 2020-21 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര ബജറ്റിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹല്‍വ സെറിമണി പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കില്‍ തിങ്കളാഴ്ച നടക്കും. 

ബജറ്റ് രേഖകളുടെ അച്ചടി തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഈ ചടങ്ങ് നടക്കാറുള്ളത്. ഉദ്യോഗസ്ഥര്‍ക്ക് ഹല്‍വ പാചകംചെയ്ത് വിതരണംചെയ്യുന്നതാണ് ചടങ്ങ്. മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. 

കേന്ദ്ര ബജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് ധനകാര്യമന്ത്രാലയത്തില്‍ എല്ലാ ബജറ്റിനുമുമ്പും ഹല്‍വ സെറിമണി നടത്തുന്നത്. 

ഹല്‍വ വിതരണത്തിനുശേഷം മന്ത്രാലയത്തിലെ മിക്ക ഉദ്യോഗസ്ഥരും മുഴുവന്‍ സമയവും ബജറ്റുമായി ബന്ധപ്പെട്ട ജോലികളിലാവും. 

ഏതാനും ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊഴികെ മറ്റാര്‍ക്കും ഈ ദിവസങ്ങളില്‍ വീട്ടില്‍പോകാനോ ബന്ധുക്കളുമായി ഫോണില്‍പോലും ബന്ധപ്പെടാനോ അനുവാദമുണ്ടാകില്ല. ബജറ്റ് അവതരണംവരെ മന്ത്രാലയത്തില്‍ ഈ നിയന്ത്രണം തുടരും. 

ഫെബ്രുവരി ഒന്നിന് രാവിലെ 11 മണിക്കാണ് ധനമന്ത്രി നിര്‍മല സീതാരാമെന്‍ ബജറ്റ് അവതരിപ്പിക്കുക.