ന്യൂഡല്‍ഹി:  നിക്ഷേപിച്ച് നികുതി ഇളവ് നേടുക എന്ന സ്ഥിരം ഫോര്‍മുല പൊളിച്ചെഴുതിയതാണ് നിര്‍മ്മല സീതാരാമന്റെ രണ്ടാമത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിക്‌സഡ് ഡിപ്പോസിറ്റില്‍ തുടങ്ങി നികുതി കിഴിവിനുള്ള അനന്ത സാധ്യതകളാണ് ഓരോ ബജറ്റും തുറന്നുകൊടുത്തത്. ഇന്‍ഷുറന്‍സിലും പി.എഫിലും ടാക്‌സ് സേവിങ്‌സ് ഫണ്ടുകളിലേക്കും നിക്ഷേപം ഒഴുകി. ട്യൂഷന്‍ ഫീസ് ഇനത്തിലും നികുതി ലാഭിക്കാനായി. ഭവന വായ്പയും പലിശയും ഇടത്തരക്കാരന്റെ നികുതി കിഴിവിനുള്ള പ്രധാന മാര്‍ഗമായിരുന്നു. നിക്ഷേപിച്ച് നികുതി കിഴിവ് നേടുന്ന വഴി ഘട്ടം ഘട്ടമായി അടയ്ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നികുതി ഇളവിന്റെ പരിധി ഏറ്റവും ഒടുവില്‍ 1.50 ലക്ഷം വരെയായിരുന്നു. ആദായനികുതി വകുപ്പിലെ 80 സി പ്രകാരമായിരുന്നു ഇങ്ങനെ ഒന്നര ലക്ഷം നിക്ഷേപിച്ച് 15,000 രൂപ വരെ നികുതി കിഴിവ് നേടാന്‍ കഴിഞ്ഞിരുന്നത്. 30 ശതമാനം നികുതി സ്ലാബില്‍ ഉള്ളവര്‍ക്ക് ഇതുവഴി 45,000 രൂപ വരെ നികുതി കിഴിവ് ലഭിച്ചിരുന്നു. നിക്ഷേപിക്കുന്നതിലൂടെ ലഭിക്കുന്ന നിശ്ചിത വരുമാനം ഒപ്പം നികുതി നല്‍കാതെ രക്ഷപെടുകയും ചെയ്യാം എന്ന ഇരട്ട നേട്ടമായിരുന്നു 80 സിയുടെ ഹൈലൈറ്റ്‌.

അതിന് പുറമെ മെഡിക്ലെയിം അടക്കമുള്ളവയിലൂടെ 80 ഡിഡി പ്രകാരവും കിഴിവ് ലഭിക്കുകമായിരുന്നു. ടാക്‌സ് റിബേറ്റായി 2500 വേറെയുമുണ്ടായിരുന്നു. ഫലത്തില്‍ നിക്ഷേപം നടത്തുന്നതിലൂടെ ഏറക്കുറേ അഞ്ച് ലക്ഷം രൂപയ്ക്ക് അടുത്ത് നികുതിയുടെ പിടിയില്‍ നിന്ന് നിലവില്‍ തന്നെ ഒഴിവാകുമായിരുന്നു. 

നിര്‍മ്മലയുടെ രണ്ടാം ബജറ്റില്‍ ഇത് അടിമുടി പൊളിച്ചെഴുതി. ഒന്നുകില്‍ പഴയ നികുതി ഘടനയില്‍ തുടരാം. അല്ലെങ്കില്‍ പുതിയ നികുതി ഘടനയിലേക്ക് മാറാം. പുതിയതിലേക്ക് മാറുന്നതോടെ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് യാതൊരു നികുതിയും നല്‍കേണ്ടതില്ല. അതിന് മുകളില്‍ അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10 ലക്ഷം വരെ 15 ശതമാനവും നികുതി നല്‍കണം. നികുതി കിഴിവിനായി നടത്തിയ നിക്ഷേപത്തിന്റെ കണക്കുപുസ്തകം സ്വീകരിക്കില്ല.

നികുതി ഇളവിനുള്ള 70 മാനദണ്ഡങ്ങള്‍ എടുത്തുകളഞ്ഞു. എന്നാല്‍ 30 കിഴിവുകള്‍ തുടരും. ഇവ ഏതൊക്കെ എന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നാണ് മന്ത്രി വിശദീകരിച്ചത്. ഈ ലിസ്റ്റ് പുറത്തുവന്നാല്‍ മാത്രമേ ഭവന വായ്പ അതില്‍ ഉള്‍പ്പെടുമോ അതോ ചാരിറ്റി, ദുരിതാശ്വാസ നിധി എന്നിവയിലേക്കുള്ള വിഹിതം ഇങ്ങനെയുള്ളവ മാത്രമേ ശേഷിക്കുന്നുള്ളൂ എന്നൊക്കെ വ്യക്തമാകൂ.

അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ 20 ശതമാനമായിരുന്ന നികുതി സ്ലാബിനെ രണ്ടായി പിരിച്ച് 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം നികുതിയും 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 15 ശതമാനവുമാണ് പുതിയ നികുതി നിരക്ക്. ഫലത്തില്‍ ഇതില്‍ 7.5 ലക്ഷം വരെയുള്ളവര്‍ക്ക് 50,000 നികുതി നല്‍കേണ്ടിയിരുന്നത് 25,000 രൂപയായി കുറയും. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ 50,000 രൂപയായിരുന്ന നികുതി 37,500 രൂപയായും കുറയുന്നു

Content Highlights: Tax Slabs changed