ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയും ആദായ നികുതി നിരക്കുകളില്‍ കുറവ് വരുത്തിയും രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ്‌ ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ബജറ്റ് അവതരണം രണ്ട് മണിക്കൂര്‍ 40 മിനുട്ട് നീണ്ടുനിന്നു. 

മോദിസര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞുകൊണ്ട് ബജറ്റ് അവതരണം ആരംഭിച്ച ധനമന്ത്രി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് ഊന്നിപ്പറഞ്ഞു. കാര്‍ഷികമേഖല, അടിസ്ഥാന സൗകര്യ വികസനം, നികുതി തുടങ്ങിയ മേഖലകളില്‍ വന്‍ പദ്ധതികള്‍ ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. 

ആദായ നികുതിഘടനയില്‍ വരുത്തിയ മാറ്റമാണ് ബജറ്റിലെ പുതിയ നിര്‍ദേശം. നികുതി പരിഷ്‌കരണം പുതിയ പദ്ധതിയായി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പുതിയ ഘടനയിലൂടെ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ക്ക് പുറമേ 78000 രൂപയുടെ നേട്ടം ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതോടെ സര്‍ക്കാരിന് 40000 കോടി രൂപയുടെ വരുമാന നഷ്ടം വരുമെന്നും ധനമന്ത്രി പറഞ്ഞു. 

കര്‍ഷകര്‍ക്കായി പതിനാറിന വികസന പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 2.83 ലക്ഷം കോടി ഇതിനായി ചെലവഴിക്കും. കിസാന്‍ റെയില്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, കൃഷി ഉഡാന്‍ തുടങ്ങിയ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചു.

ആരോഗ്യ മേഖലയ്ക്ക് 69,000 കോടി രൂപ പ്രഖ്യാപിച്ചു. ആയുഷ്മാന്‍ ഭാരത് പദ്ധതി വിപുലീകരിക്കും.  

വിദ്യാഭ്യാസ മേഖലയ്ക്ക് 99300 കോടി രൂപ അനുവദിച്ചുകൊണ്ട് സ്റ്റഡി ഇന്‍ ഇന്ത്യ പ്രഖ്യാപനവും ധനമന്ത്രി നടത്തി. പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും. വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപവും ദേശീയ പോലീസ് സര്‍വകലാശാലയും ഓണ്‍ലൈന്‍ ഡിഗ്രി കോഴ്‌സുകളും പുതിയ നിര്‍ദേശങ്ങള്‍. 

വനിതാക്ഷേമത്തിനായി 28600 കോടി പ്രഖ്യാപിച്ചു. ആദിവാസി ക്ഷേമത്തിന് 53700 കോടി, പട്ടികജാതി-പിന്നോക്ക വികസന വിഭാഗക്ഷേമത്തിന് 85000 കോടി ഗ്രാമീണ വികസനത്തിന് 1.23 ലക്ഷം കോടി എന്നിവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. 

അടിസ്ഥാന സൗകര്യവികസനത്തിന് അഞ്ച് വര്‍ഷം കൊണ്ട് 100 ലക്ഷം കോടി രൂപയും വ്യാവസായ വാണിജ്യവികസനത്തിന് 273000 കോടിയും ചെലവഴിക്കും. ഗതാഗത മേഖലയ്ക്ക് 1.7 ലക്ഷം കോടിയും ഊര്‍ജമേഖലയ്ക്ക് 22000 കോടിയും ബജറ്റില്‍ വകയിരുത്തി. 2024ഓടെ നൂറ് പുതിയ വിമാനത്താവളങ്ങള്‍ രാജ്യത്ത് നിര്‍മിക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 

സംരംഭകത്വത്തിനും സാങ്കേതികതയ്ക്കും ബജറ്റില്‍ ഊന്നല്‍ നല്‍കുന്നുണ്ട്. 

ബജറ്റിന്റെ വിശദാംശങ്ങള്‍ വായിക്കാം- UNION BUDGET 2020

Content Highlights: Finance Minister Nirmala Sitaraman presented Union Budget 2020