ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റിലെ ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ബജറ്റ് നിര്‍ദേശങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്നും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന ബജറ്റാണിതെന്നും മോദി വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ 100 വിമാനത്താവളങ്ങള്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇതുവഴി രാജ്യത്തെ ടൂറിസം മേഖലയില്‍ കൂടുതല്‍ അവസരങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു 

ബജറ്റ് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് വിദ്യാര്‍ഥികള്‍ക്കാണ്. കൃഷി, അടിസ്ഥാന സൗകര്യം, തുണിത്തരം, സാങ്കേതികവിദ്യ എന്നിവയാണ് രാജ്യത്തെ പ്രധാന തൊഴില്‍ മേഖലകള്‍. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ നാല് മേഖലയ്ക്കും ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. ബജറ്റ് വിദേശത്തേക്കുള്ള കയറ്റുമതിക്ക് ആക്കം കൂട്ടുമെന്നും മോദി പറഞ്ഞു.

content highlights; budget will increase job opportunities says prime minister