ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ്സമ്മേളനം 31-നു തുടങ്ങും. സമ്മേളനം സുഗമമായി നടത്തുന്നതിനു സഹകരണം തേടി സർക്കാർ 30-നു സർവകക്ഷി യോഗം വിളിച്ചേക്കും.

പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം, എൻ.പി.ആർ, എൻ.ആർ.സി. വിഷയങ്ങൾ, ജമ്മുകശ്മീർ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്രാവശ്യത്തെ സമ്മേളനം. 31-നു രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ട്. സമ്മേളനത്തിൽ പൊതുനിലപാട് സ്വീകരിക്കാൻ പ്രതിപക്ഷപാർട്ടികളും പ്രത്യേകയോഗം ചേരുന്നുണ്ട്.

ഫെബ്രുവരി ഒന്നിനു ശനിയാഴ്ചയാണ് പൊതുബജറ്റ്. ആദ്യഘട്ട സമ്മേളനം 11-നു കഴിയും. തുടർന്ന് വിവിധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേർന്ന് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യും. രണ്ടാംഘട്ട സമ്മേളനം മാർച്ച് രണ്ടിനു തുടങ്ങി ഏപ്രിൽ മൂന്നിന് അവസാനിക്കും.

Budget Session: All-Party Meeting in 30th