പുതിയ കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്‍റെ ഇറക്കുമതി ചുങ്കം നിലവിലുള്ള 12 ശതമാനത്തില്‍നിന്ന് കുറവ് വരുത്തുകയോ ആളുകളുടെ  ക്രയശേഷി വര്‍ദ്ധിക്കുന്ന രീതിയില്‍ വ്യക്തിഗത ആദായ നികുതിയില്‍ കുറവ് വരുത്തുകയോ ചെയ്താല്‍ ജെംസ്, ജൂവലറി വ്യവസായ രംഗത്തുള്ള വളര്‍ച്ച കൂടുതല്‍ ത്വരിതപ്പെടുത്താനാവുമെന്ന്  കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിന്‍റെ ഡിജിറ്റല്‍ ഇന്ത്യ ഉദ്യമം കറന്‍സി രഹിത സമ്പദ് രംഗത്തിന് വഴിതെളിച്ചു. ഇതോടൊപ്പം ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ബാങ്കുകള്‍ നല്കിയ വിവിധ ആനുകൂല്യങ്ങള്‍ കൂടിയായപ്പോള്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ആഭരണ മേഖലയ്ക്ക് അത് ഏറെ ഗുണകരമായി.

കൂടുതല്‍ സുതാര്യത ഉറപ്പാക്കിയതോടെ ജെംസ്, ജൂവലറി വ്യവസായരംഗത്തിന്‍റെ വളര്‍ച്ചയ്ക്ക് അത് വഴിതെളിച്ചു. ഇതോടൊപ്പം ബിഐഎസ് ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള ചരിത്രപരമായ തീരുമാനം കൂടിയായപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബിസിനസ് നടത്താനും ഉപയോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.