ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയപദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് അവതരണം തുടങ്ങി. 2022 ല്‍ സ്വതന്ത്ര ഇന്ത്യക്ക് 75 വയസാകുമ്പോള്‍ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന പിയൂഷ് ഗോയല്‍ പറഞ്ഞു. അന്ന് എല്ലാവര്‍ക്കും വീടും, കക്കൂസും, വൈദ്യുതിയും ലഭ്യമാകും. തീവ്രവാദവും ജാതീയതയും സ്വജന പക്ഷപാതവുമില്ലാത്ത ഇന്ത്യയാണ് വിഭാവനം ചെയ്യുന്നതെന്നും പിയൂഷ് ഗോയല്‍ പറഞ്ഞു.

2022 ഓടെ നവഭാരതം സൃഷ്ടിക്കപ്പെടും. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട ഇന്ത്യ പ്രധാന സാമ്പത്തിക ശക്തിയായി വളര്‍ന്നു. ഏതൊരു വികസിത രാജ്യത്തേക്കാളും മേലെയാണ് നമ്മുടെ ജി.ഡി.പി.

ധനക്കമ്മി ആറു ശതമാനത്തില്‍ നിന്ന് മൂന്നു ശതമാനമായി. സംശുദ്ധമായ ബാങ്കിങ്ങിനെ ബാധിക്കുന്ന പ്രവര്ത്തനങ്ങള്‍ക്ക് തടയിടാനായി. വന്‍കിടക്കാര്‍ക്കും ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാതെ രക്ഷയില്ലെന്ന അവസ്ഥയായി. എല്ലാ മേഖലയും സുതാര്യത ഉറപ്പു വരുത്താനായി. ഇതൊരു അഴിമതി രഹിത സര്‍ക്കാരാണ്. പണപ്പെരുപ്പം 4.6 ശതമാനത്തില്‍ പിടിച്ച് നിര്‍ത്താന്‍ കഴിഞ്ഞുവെന്നും മന്ത്രി അവകാശപ്പെട്ടു. 

ഇന്ത്യയിലെ 98 ശതമാനം ഗ്രാമീണ മേഖലയിലും ശുചിത്വം ഉറപ്പാക്കാനായി. 5,85000 ഗ്രാമങ്ങള്‍ വെളിയിട വിജര്‍ജന വിമുക്തമായി. സ്വഛ് ഭാരത് അഭിയാന്റെ വിജയമാണിത്. ഇത് സര്‍ക്കാര്‍ പരിപാടി എന്നതില്‍ നിന്ന് ദേശീയ പദ്ധതിയായി വളര്‍ന്നു. 

എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങാന്‍ പോകുന്നില്ലെന്നും ഈ സര്‍ക്കാര്‍ ഉറപ്പാക്കി. നഗര-ഗ്രാമ അന്തരം ഇല്ലാതാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ 60,000 കോടി രൂപ ചെലവഴിച്ചു. പ്രധാനമന്ത്രി സടക്ക് യോജന വഴി റോഡ് നിര്‍മാണ് മൂന്നിരട്ടിയാക്കി. തൊഴിലുറപ്പ് പദ്ധതിയില്‍ ഇനിയും പണം നല്‍കാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും മന്ത്രി അറിയിച്ചു. 

ബജറ്റ് ചോര്‍ന്നുവെന്നും ബി.ജെ.പി ട്രഷററായ പീയൂഷ് ഗോയലിന് എങ്ങനെ ബജറ്റ് അവതരിപ്പിക്കാനാകും എന്നും ചോദിച്ചുള്ള പ്രതിപക്ഷ ബഹളത്തിനിടെയാണ് ബജറ്റ് അവതരണം. 

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ബുധനാഴ്ച സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സര്‍വേ റിപ്പോര്‍ട്ട് സഭയില്‍ വെക്കാറുണ്ട്. 14 ദിവസങ്ങളായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്. പ്രധാനവിഷയങ്ങളില്‍ നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ക്കുപകരം ബില്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ അടിയന്തരലക്ഷ്യമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. മുത്തലാഖ് ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്, കമ്പനീസ് ഭേദഗതി ഓര്‍ഡിനന്‍സ് എന്നിവയ്ക്കു പകരം ബില്‍ അവതരിപ്പിക്കും.

ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്ലുകളും പാര്‍ലമെന്റിലെത്തും. ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്‍, ആധാര്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്.