ന്യൂഡല്‍ഹി: കേന്ദ്രബജറ്റ് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികപോലെയെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വോട്ടര്‍മാരെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയിട്ടുള്ളത്.

ബജറ്റില്‍ നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ല. ബിജെപി ഭരണം ഈ വര്‍ഷം മെയ് വരെ മാത്രമാണുള്ളത്. ഏപ്രില്‍ - മെയ് മാസത്തില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ കേന്ദ്ര ബജറ്റിനെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയെന്ന് വിശേഷിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ബിജെപി ഭരണത്തിനിടെ രാജ്യം എന്ത് നേട്ടം കൈവരിച്ചുവെന്ന് വ്യക്തമാക്കാന്‍ അവര്‍ തയ്യാറായിട്ടില്ല. ബിജെപി നല്‍കിയ വാഗ്ദാനങ്ങളില്‍ എന്തെല്ലാം നിറവേറ്റിയെന്നും അവര്‍ പറയുന്നില്ല. 15 ലക്ഷംരൂപവീതം ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ എത്തുമെന്ന വാഗ്ദാനത്തെപ്പറ്റി ഒന്നും പറയുന്നില്ല.

അഞ്ച് വര്‍ഷത്തിനിടെ പത്ത് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനം നിറവേറ്റിയില്ല. ബജറ്റില്‍ പാവപ്പെട്ടവര്‍ക്കുവേണ്ടി ഒന്നുമില്ല. എല്ലാം രാഷ്ട്രീയമാണ്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയാണ് പാര്‍ലമെന്റില്‍ വായിച്ചത്. വോട്ടുനേടുക എന്ന ലക്ഷ്യം മാത്രമാണ് നീക്കത്തിന് പിന്നില്‍. എന്നാല്‍, ജനങ്ങളെ കബളിപ്പിക്കാന്‍ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്. ബിജെപി ഭരണത്തിനൂകീഴില്‍ ഒരു പുരോഗതിയും രാജ്യത്തിന് ഉണ്ടായിട്ടില്ലെന്നും ഖാര്‍ഗെ ആരോപിച്ചു.

Content Highlights: Union Budget, Mallikarjun Kharge, Congress