തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള മോദിസര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ ആദായ നികുതിയില്‍ വന്‍ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനക്കാരെ നികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു. രണ്ടര ലക്ഷത്തില്‍ നിന്ന് മൂന്നു ലക്ഷമാക്കും ആദായ നികുതി പരിധി എന്നാണ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കേ അഞ്ച് ലക്ഷമാക്കിയാലേ 'ഇംപാക്ട്' ഉണ്ടാവുകയുള്ളൂവെന്ന് മോദിക്ക് നന്നായി അറിയാം.

പക്ഷേ, ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്തിയിട്ടില്ലെന്നതാണ് സത്യം. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്സ് റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് അഞ്ചു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് മാത്രമാണ് ബാധകം. അതിന് മുകളിലുള്ളവര്‍ക്ക് രണ്ടര ലക്ഷം രൂപ മുതല്‍ അഞ്ചു ലക്ഷം വരെയുള്ള വരുമാനത്തിന് അഞ്ചു ശതമാനവും അഞ്ചു ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവും നികുതി നല്‍കണം.

നികുതി കുറച്ചത് അഞ്ചു ലക്ഷത്തിന് താഴെ വരുമാനമുള്ളവര്‍ക്ക് ആശ്വാസകരമാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ഉത്തരവാദിത്വ ബോധമുള്ള ഭരണനേതൃത്വത്തിന് ചെയ്യാനാകുന്നതല്ല ഇത്. സര്‍ക്കാരിന്റെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കുമെന്നത് ഒരുവശത്ത്. ഇടത്തരക്കാരുടെ സമ്പാദ്യശീലത്തെ നശിപ്പിക്കുന്നതാണ് ഈ 'ഇളവ്' എന്നതു മറുവശത്ത്. നേരത്തെ, രണ്ടര ലക്ഷം രൂപയ്ക്ക് മേല്‍ വാര്‍ഷിക വരുമാനമുണ്ടാകുമ്പോള്‍, നികുതിയില്‍ നിന്ന് രക്ഷ നേടാന്‍ ചെറുസാമ്പദ്യങ്ങള്‍ നടത്തിയിരുന്നവര്‍ക്ക് ഇനി അതിന്റെ ആവശ്യമില്ലാതെ വരും. ചുരുക്കത്തില്‍ ഖജനാവ് ചോരുകയും ചെയ്യും ഇടത്തരക്കാരന്റെ സമ്പാദ്യശീലം ഇല്ലാതെയുമാകും.

മാതൃഭൂമി സാമ്പത്തികകാര്യ ലേഖകന്‍

ആര്‍. റോഷന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

 

 

Content Highlights: Union Budget, Income Tax, Piyush Goyal