ന്യൂഡല്‍ഹി: 2030ഓടെ ഇന്ത്യയെ ലോകത്തെ ഏറ്റവും വികസിത രാജ്യമാക്കുമെന്ന പ്രഖ്യാപനവുമായാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇലക്ഷന്‍ വര്‍ഷ ബജറ്റ് ധനമന്ത്രി പീയൂഷ് ഗോയല്‍ അവതരിപ്പിച്ചത്. ജനപ്രിയമായ കുറെ താല്‍ക്കാലിക പദ്ധതികളും പ്രഖ്യാപനങ്ങളും മാത്രമല്ല ഈ ബജറ്റിലുള്ളത്. പത്തു വര്‍ഷം കൊണ്ട് പത്തു മേഖലകളില്‍ ഊന്നിയുള്ള ഊര്‍ജിതമായ വികസന പ്രക്രിയ നടപ്പാക്കും എന്ന വാഗ്ദാനം കൂടി പീയൂഷ് ഗോയല്‍ ഇതില്‍ മുന്നോട്ടു വെക്കുന്നുണ്ട്. ഫലത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പാണെന്നും അനിവാര്യമാണെന്നുമുള്ള പരോക്ഷ പ്രഖ്യാപനമാണ് ദീര്‍ഘകാല പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടുള്ളത്. എല്ലാം ഇലക്ഷനില്‍ കണ്ണുവെച്ചാണെന്ന ആരോപണം പ്രതിപക്ഷവും ഉയര്‍ത്തിക്കഴിഞ്ഞു.  

ഗോയലിന്റെ വിഷന്‍ 2030: പത്തു വര്‍ഷം, പത്തു പദ്ധതികള്‍.  

1. ടെന്‍-ട്രില്യണ്‍ ഇക്കോണമി: ഇന്ത്യയെ പത്തു കൊല്ലം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച സാമ്പത്തികശക്തിയാക്കുക എന്ന പ്രഖ്യാപനമാണ് ആദ്യത്തേത്. ഇന്ത്യയെ ഏറ്റവും ധനികവും വികസിതവും ആധുനികവുമായ രാജ്യമാക്കും. അതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനമാണ് ഇതിന് ധനമന്ത്രി വെക്കുന്ന മുന്നുപാധിയും കര്‍മപദ്ധതിയും. പത്തു വര്‍ഷം കൊണ്ട് ഭാവനാപൂര്‍ണമായ പദ്ധതികളിലൂടെ ഇതു നടപ്പാക്കും. 

2. ഡിജിറ്റല്‍ ഇന്ത്യ: ലക്ഷക്കണക്കിനു തൊഴിലവസരങ്ങളും ഭരണത്തില്‍ സുതാര്യതയും ഉറപ്പു വരുത്തുന്ന ഒരു ഡിജിറ്റല്‍ വിപ്ലവമാണ് ഗോയല്‍ മുന്നോട്ടു വെക്കുന്ന രണ്ടാമത്തെ സ്വപ്നം. ഓരോ ഇന്ത്യക്കാരനെയും ഡിജിറ്റല്‍ സാക്ഷരതയിലും സ്വയം പര്യാപ്തതയിലും എത്തിക്കുക എന്നതാണ് ഈ ബൃഹത് പദ്ധതിയുടെ ആദ്യപടി. ലോകത്തെ ഡിജിറ്റല്‍ സാങ്കേതികതയുടെ ബൗദ്ധിക മേധാവിത്തം ഏറ്റെടുക്കുക എന്നത് അന്തിമ ലക്ഷ്യവും.

3. ഗ്രീന്‍, ക്ലീന്‍, ഇലക്ട്രിക് ഇന്ത്യ: ലോകത്തെ ഏറ്റവും സുന്ദരവും സ്വച്ഛവുമായ ഭൂവിഭാഗമായി ഇന്ത്യയെ മാറ്റുക എന്ന പദ്ധതിയാണ് ഇത്. ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള മാറ്റമാണ് ഇതിന്റെ ആദ്യപടി. ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതില്‍ ലോകരാജ്യങ്ങള്‍ക്കു മാതൃകയാവുന്ന പദ്ധതികള്‍ ഇന്ത്യ ആവിഷ്‌കരിച്ചു നടപ്പാക്കും.

4. മേക്ക് ഇന്‍ ഇന്ത്യ: വ്യവസായ നിര്‍മിതികളില്‍ ഇന്ത്യന്‍ ആധിപത്യം ഉറപ്പിക്കും. സ്വയം പര്യാപ്തമായ ഒരു വ്യവസായ ശൃംഖല സൃഷ്ടിക്കും. ഇന്ത്യന്‍ വ്യവസായങ്ങള്‍ക്ക് ലോകനിലവാരം ഉറപ്പാക്കും. ഉല്‍പ്പാദന യൂണിറ്റുകളുടെ ഗ്രാമീണ ക്ലസ്റ്ററുകള്‍ ഉണ്ടാക്കും.   

5. സുലഭം, സുരക്ഷിതം ജലം: നദികളെ ശുദ്ധീകരിക്കുക, കുടിവെള്ളം സുലഭമായ രാജ്യമായി ഇന്ത്യയെ മാറ്റുക എന്നത് വലിയൊരു ദൗത്യമാണ്. നദീസമൃദ്ധമാണെങ്കിലും വരള്‍ച്ചയില്ലാത്ത രാജ്യമാക്കാനും സുരക്ഷിതമായ ജലലഭ്യത ഉറപ്പാക്കാനുമുള്ള പദ്ധതിയാണ് വേണ്ടത്. 

6. ബ്ലൂ ഇക്കോണമി: ലോകരാജ്യങ്ങളെല്ലാം സമുദ്രാധിഷ്ഠിത വികസന സങ്കല്‍പ്പം ഉള്ളവരാണ്. നമുക്കതില്ല. ദീര്‍ഘമായ കടലോരങ്ങള്‍ ഉണ്ടെങ്കിലും വികസനത്തിനുതകും വിധം ഉപയോഗപ്പെടുത്താന്‍ ഇതുവരെ നമുക്കു സാധിച്ചിട്ടില്ല. മത്സ്യ സമ്പത്ത്, നാവികശക്തി, കടലോരജീവിതങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ബൃഹദ് വികസന പദ്ധതി ആവിഷ്‌കരിക്കും. 

7. ബഹിരാകാശ ശക്തി: ഇന്ത്യയെ ലോകത്തെ നമ്പര്‍ വണ്‍ സ്പേസ് ശക്തിയാക്കുക എന്നതാണ് ഈ ദൗത്യം. 2022-ഓടെ ഇന്ത്യക്കാരന്‍ ബഹിരാകാശത്തെത്തും. വിപുലമായ സ്പേസ് പ്രോഗ്രാമുകള്‍ ഏറ്റെടുക്കും. ഇന്ത്യക്കാരായ ബഹിരാകാശ ശാസ്ത്രജ്ഞരെ വളര്‍ത്തിക്കൊണ്ടു വരും.

8. സ്വന്തം കൃഷി, സ്വന്തം ഭക്ഷണം: ഹൈഫാം പ്രൊഡക്ഷന്‍ നടപ്പാക്കും. ലോകത്തിന്റെ ഭക്ഷ്യഹബ്ബായി ഇന്ത്യയെ മാറ്റും. ഭക്ഷണത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുന്ന രാജ്യമാക്കും. 

9. സൗഖ്യരാഷ്ട്രം: സൗഖ്യമാണ് ആത്യന്തിക ലക്ഷ്യം. ജനതയുടെ ആത്മീയവും ശാരീരികവുമായ സൗഖ്യവും ഉന്നതിയും ലക്ഷ്യമിട്ടുള്ള ആരോഗ്യ പദ്ധതികള്‍ നടപ്പാക്കും. രോഗവും അശാന്തിയുമില്ലാത്ത ജീവിതം ഓരോ പൗരനും ഉറപ്പു വരുത്തും.

10. മിനിമം ഗവണ്മെന്റ്, മാക്സിമം ഗവേണന്‍സ്: ബ്യൂറോക്രസി മുക്തമായ ഭരണരീതി കൊണ്ടുവരും. സുതാര്യതയും ഉത്തരവാദിത്തവുമുള്ള സംവിധാനം ആവിഷ്‌കരിക്കും. ഡിജിറ്റല്‍ സാങ്കേതികതയിലൂടെ മികവുറ്റ ഒരു ഭരണസംവിധാനം ഉണ്ടാക്കും. 

ഗോയലിന്റെ പ്രഖ്യാപനങ്ങള്‍ ബജറ്റിനു വികസനോന്മുഖ പരിവേഷം നല്‍കുന്നതാണ്. ദീര്‍ഘകാല കാഴ്ചപ്പാടുള്ള സര്‍ക്കാര്‍ എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നു. മുന്‍ സര്‍ക്കാരുകളും ഈ സര്‍ക്കാരിന്റെ തന്നെ മുന്‍ ബജറ്റുകളും പറഞ്ഞതിന്റെ ആവര്‍ത്തനമാണ് ഈ പദ്ധതികളില്‍ പലതും. അടങ്കല്‍ തുകയോ സ്രോതസ്സോ സമയക്രമമോ പറഞ്ഞിട്ടുമില്ല. ഒപ്പം, കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ, പത്തു കൊല്ലത്തേക്ക് ഭരണം ഉറപ്പിച്ച ഒരു സര്‍ക്കാരിന്റെ ശരീര ഭാഷ കൂടി ഗോയല്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഭരണത്തുടര്‍ച്ചക്കു വേണ്ടിയുള്ള പരോക്ഷമായ അഭ്യര്‍ഥനയും ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. 

Content Highlights; Union Budget 2019, Piyush Goyal, BJP, Congress