ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയപദ്ധതികളും കൂടുതൽ നിക്ഷേപം ആകർഷിക്കുന്നതിനുള്ള പദ്ധതികളും വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ ഇടം പിടിക്കും. കാർഷികമേഖലയ്ക്ക് വിപുലമായ ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നു.

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സർവേ ബുധനാഴ്ച സർക്കാർ സഭയിൽ വെച്ചില്ല. സാധാരണമായി ബജറ്റിന് തലേദിവസം സർവേ റിപ്പോർട്ട് സഭയിൽ വെക്കാറുണ്ട്. 14 ദിവസങ്ങളായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്. പ്രധാനവിഷയങ്ങളിൽ നിലവിലുള്ള ഓർഡിനൻസുകൾക്കുപകരം ബിൽ പാസാക്കുകയാണ് സർക്കാരിന്റെ അടിയന്തരലക്ഷ്യമെന്ന് പാർലമെന്ററികാര്യമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. മുത്തലാഖ് ഓർഡിനൻസ്, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഒാർഡിനൻസ്, കമ്പനീസ് ഭേദഗതി ഓർഡിനൻസ് എന്നിവയ്ക്കു പകരം ബിൽ അവതരിപ്പിക്കും.

ശീതകാല സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന ബില്ലുകളും പാർലമെന്റിലെത്തും. ജുവനൈൽ ജസ്റ്റിസ് ഭേദഗതി ബിൽ, ആധാർ ബിൽ, പൗരത്വ ഭേദഗതി ബിൽ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്.

സമ്മേളനത്തിനു മുന്നോടിയായി വ്യാഴാഴ്ച സർക്കാർ കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങൾക്കു പരിഹാരം കണ്ടെത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. പാർലമെന്റംഗങ്ങൾ എന്ന നിലയിൽ എല്ലാവരും ചുമതല നിർവഹിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കണമെന്നും മോദി നിർദേശിച്ചു.

Content Highlights: union budget 2019