ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ 2019-20 വര്‍ഷത്തെ ഇടക്കാല ബജറ്റില്‍ ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗത്തെയും കൂടുതല്‍ പരിഗണിച്ചേക്കും.

ഫെബ്രുവരി ഒന്നിനാണ് സര്‍ക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുക. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നികുതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

80 സി പ്രകാരമുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് വര്‍ധിപ്പിക്കണമെന്ന് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 2014ലെ ഇതുപ്രകാരമുള്ള പരിധി അവസാനം വര്‍ധിപ്പിച്ചത്. 

ഭവന വായ്പയുടെ പലിശയ്ക്ക് നല്‍കുന്ന നികുതിയിളവ് പരിധി വര്‍ധിപ്പിച്ചേക്കും. ശമ്പള വരുമാനക്കാര്‍ക്കും മധ്യവര്‍ഗക്കാര്‍ക്കും ഗുണകരമാകുന്നതരത്തില്‍ കൂടുതല്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നുതന്നെയാണ് കരുതുന്നത്. 

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മോദി സര്‍ക്കാര്‍ ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുതുടങ്ങിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം റിസര്‍വേഷന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.