ന്യൂഡല്‍ഹി: കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 

 രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ചിലവും വഹിക്കും. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. 

പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു പണം ലഭിക്കും. ഈ വര്‍ഷം ഇതിനായി 20,000 കോടി വകയിരുത്തും. 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഉത്തരേന്ത്യയില്‍ വന്‍ കര്‍ഷക രോഷമുണ്ടായ സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ വിലയിരുത്തലുണ്ടായിരുന്നു.

content highlights: Pradhan Mantri Kisan Samman Nidhi, Rs 6000 direct deposit to farmers account