ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ കര്‍ഷകരേയും ഇടത്തരക്കാരായ നികുതി ദായകരേയും കയ്യിലെടുത്ത് നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലിക്ക് പകരം താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന പീയൂഷ് ഗോയല്‍ ജനപ്രിയ പദ്ധതികള്‍ ആവോളം ഉള്‍ക്കൊള്ളിച്ചാണ് തന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. അഞ്ച് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ലയെന്നതാണ് ഏറ്റവും ജനപ്രിയ പ്രഖ്യാപനം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ മൂന്ന് കോടി പേര്‍ക്ക് പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കും. പീയൂഷ് ഗോയലിന്റെ പ്രഖ്യാപനങ്ങളെ 'മോദി മോദി' വിളികളോടെയാണ് അംഗങ്ങള്‍ സ്വീകരിച്ചത്.

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ ലഭ്യമാക്കുന്ന കിസാന്‍ സമ്മാന്‍ നിധിയാണ് മറ്റൊരു പ്രഖ്യാപനം. ഇത് കേന്ദ്രസര്‍ക്കാരിനെതിരേ ഏറ്റവും കൂടുതല്‍ ഏതിര്‍പ്പ് പ്രകടിപ്പിക്കുന്ന കര്‍ഷകരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇ.എസ്.ഐ പരിധി ഉയര്‍ത്തിയതും, അസംഘടിത തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പ്രധാനമന്ത്രി ശ്രം യോഗി മന്‍ദന്‍ പദ്ധതിയും ജനപ്രിയ ഇനങ്ങളില്‍ എടുത്ത് പറയാനാവുന്നതാണ്. 

നികുതി ദായകര്‍ക്ക്

അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്ല. നിലവില്‍ 2.50 ലക്ഷം വരെയുള്ളവര്‍ക്കായിരുന്നു ഈ ആനുകൂല്യം. 

ശമ്പള വരുമാനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മറ്റ് ചെറിയ വരുമാനക്കാര്‍ക്കും ഇത് ഗുണം ചെയ്യും. 80 സിപ്രകാരമുള്ള ഇളവ് ഒന്നര ലക്ഷം രൂപയില്‍ തുടരും. ഇതോടെ ആറര ലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 40,000ത്തില്‍നിന്ന് 50,000 രൂപയാക്കി. മൂന്നുകോടി ജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. 

ആദായ നികുതി റീഫണ്ട് ഒരു ദിവസത്തിനുള്ളില്‍ നല്‍കാനുള്ള പദ്ധതിയും സര്‍ക്കാര്‍ ആവിഷ്‌കരിച്ചതായി മന്ത്രി പ്രഖ്യാപിച്ചു. ഇന്‍ഫോസിസാണ് ഇതിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്.

കര്‍ഷകര്‍ക്ക്
കര്‍ഷകര്‍ക്ക് 6000 രൂപ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി കേന്ദ്രബജറ്റില്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ കുറച്ചു കാലമായി കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വില ലഭിക്കുന്നില്ല. കര്‍ഷകരുടെ വരുമാനക്കുറവ് നികത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. 

 രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ വരിക. രാജ്യത്തെ 12 കോടി കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. മൂന്ന് ഗഡുക്കളായാണ് കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ലഭ്യമാക്കുക. കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും വഹിക്കും. ഓരോ വര്‍ഷവും ഇതിനായി 75,000 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. 

പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു പണം ലഭിക്കും. ഈ വര്‍ഷം ഇതിനായി 20,000 കോടി വകയിരുത്തും. 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

ഉത്തരേന്ത്യയില്‍ വന്‍ കര്‍ഷക രോഷമുണ്ടായ സാഹചര്യത്തില്‍ ബജറ്റില്‍ കൂടുതല്‍ കാര്‍ഷിക പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തേ വിലയിരുത്തലുണ്ടായിരുന്നു.

പ്രതിരോധമേഖലയ്ക്ക്

ചരിത്രത്തില്‍ ആദ്യമായി പ്രതിരോധ മേഖലയ്ക്ക് വന്‍ ബജറ്റ് വിഹിതം മാറ്റിവെച്ച് മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ്. മൂന്ന് ലക്ഷം കോടിയാണ് പ്രതിരോധ മേഖലയ്ക്കായി മാറ്റി വെച്ചത്.

പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി പ്രകാരം ഇതുവരെ 35000 കോടി വിതരണം ചെയ്ത് കഴിഞ്ഞൂവെന്നും  സൈന്യത്തില്‍ ശമ്പള പരിഷ്‌ക്കരണം നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍  അറിയിച്ചു. 

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുമ്പ് 40 വര്‍ഷത്തോളമായി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നിലച്ചിരിക്കുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഇത് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞൂവെന്നും പീയൂഷ് ഗോയല്‍ പറഞ്ഞു.

അസംഘടിത മേഖലയ്ക്ക്

15,000 രൂപവരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിച്ചു. 60 വയസ് പൂര്‍ത്തിയാകുമ്പോള്‍ ഇത് ലഭിക്കും. പ്രതിമാസം 100 രൂപയാണ് വിഹിതമായി അടയ്‌ക്കേണ്ടത്. തുല്യ തുക തന്നെ സര്‍ക്കാരും അടയ്ക്കും. നടപ്പു സാമ്പത്തിക വര്‍ഷം നടപ്പില്‍ വരുന്ന പദ്ധതിയാണിത്. 

ഗ്രാറ്റുവിറ്റി പരിധി 10 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ആയുഷ്മാന്‍ ഭാരത്

പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റില്‍ ധനമന്തി അരുണ്‍ ജെയ്റ്റ്ലി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25-ന് ആയിരന്നു നിലവില്‍ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല. 

ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ മോദിയുടെ ആയുഷ്മാന്‍ പദ്ധതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും വന്‍ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തെലങ്കാന, ഓഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ പദ്ധതിയുമായി സഹകരിക്കാത്തത്. 

റെയില്‍വേ
കേന്ദ്ര ഇടക്കാല ബജറ്റില്‍ റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തെ റെയില്‍വെയുടെ മൂലധന ചെലവായി 1.6 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 1.48 ലക്ഷം കോടിയായിരുന്നു.

ഹൈസ്പീഡ് ട്രെയിനുകള്‍, ആധുനികവത്കരണം, യാത്രക്കാരുടെ സുരക്ഷ എന്നിവക്കാണ് അടുത്ത വര്‍ഷം മുന്‍ഗണന നല്‍കുന്നത്. കാവല്‍ക്കാരില്ലാത്ത റെയില്‍വേ ക്രോസുകള്‍ രാജ്യത്തില്ലാതായെന്നും ഇടക്കാല ധനകാര്യ മന്ത്രി പിയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. വടക്കു കിഴക്കന്‍ മേഖലകളിലേക്ക് റെയില്‍വേ ചരക്ക് ഗതാഗതം ആരംഭിച്ചു. മേഘാലയയും ത്രിപുരയും റെയില്‍വേ മാപ്പില്‍ വന്നു. 

സര്‍വീസ് നടത്തുന്ന 100 വിമാനത്താവളങ്ങള്‍ രാജ്യത്തുണ്ട്. റെയില്‍വേയ്ക്ക് അപകട രഹിതമായ കാലമാണ് കടന്നു പോയത്. രാജ്യത്ത് ഓരോ ദിവസവും 27 കിലോമീറ്റര്‍ റോഡ് നിര്‍മിക്കപ്പെടുന്നുണ്ട്.