സ്വതന്ത്ര ഇന്ത്യയിലെ 89-ാമത്തെ കേന്ദ്ര ബജറ്റ്‌ ഒരിടക്കാല ബജറ്റായിരിക്കുമെന്ന സൂചനകളാണ്‌ കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന്‌ ലഭിക്കുന്നത്‌. ഇത്‌ നരേന്ദ്ര മോദി സർക്കാരിന്റെ ആറാമത്തെ ബജറ്റ്‌ കൂടിയാണ്‌. ഒരു തിരഞ്ഞെടുപ്പുവർഷത്തിൽ സമ്പൂർണ ബജറ്റവതരിപ്പിക്കുന്നതിന്‌ നിയമപരമോ സാങ്കേതികമോ ആയ പ്രതിബന്ധങ്ങളൊന്നുമില്ലെങ്കിലും കീഴ്‌വഴക്കങ്ങളും ജനാധിപത്യ മൂല്യങ്ങളും കണക്കിലെടുത്ത്‌, ഇന്ത്യയിൽ ഇടക്കാല ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ടും അവതരിപ്പിക്കുകയാണ്‌ പതിവ്‌. ഈ വർഷവും തിരഞ്ഞെടുപ്പിന്‌ മുമ്പ്‌ വോട്ട്‌ ഓൺ അക്കൗണ്ടും ഇടക്കാല ബജറ്റും അവതരിപ്പിക്കുമെന്നാണ്‌ ധനമന്ത്രിയടക്കമുള്ളവർ നൽകുന്ന സൂചന. എന്നാൽ, കഴിഞ്ഞ ഏതാനും ഇടക്കാല ബജറ്റുകളിൽ പ്രഖ്യാപിച്ച ക്ഷേമപരിപാടികളും ചെറിയതോതിലുള്ള പ്രത്യക്ഷനികുതി പരിഷ്കരണങ്ങളും പ്രതീക്ഷിക്കാം. 

ഇടക്കാല ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ടും
ഇടക്കാല ബജറ്റും വോട്ട്‌ ഓൺ അക്കൗണ്ടും ഒന്നാണെന്ന്‌ കരുതുന്ന പലരുമുണ്ട്‌. എന്നാൽ, ഇതു രണ്ടും രണ്ടാണ്‌. വോട്ട്‌ ഓൺ അക്കൗണ്ടിൽ ചെലവു വശം മാത്രമാണ്‌ കൈകാര്യം ചെയ്യപ്പെടുന്നതെങ്കിൽ, ഇടക്കാല ബജറ്റ്‌ ചെലവും വരുമാനവും ഉൾക്കൊള്ളുന്ന കണക്കുകളുടെ സംയുക്തമാണ്‌. പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു ഭരണകൂടത്തിന്റെ ബജറ്റാണ്‌ ഇടക്കാല ബജറ്റ്‌. സമ്പൂർണ ബജറ്റിനോട്‌ സാമ്യമുള്ള ധനകാര്യ പ്രസ്താവനകളാണ്‌ ഇടക്കാല ബജറ്റിലുണ്ടായിരിക്കുക.
 
സർക്കാരിന്റെ നിയമബദ്ധമായ ചെലവുകൾക്കു വേണ്ട പണം, ഒരു നിശ്ചിത കാലത്തേക്ക്‌ സഞ്ചിത നിധിയിൽ നിന്ന്‌ പിൻവലിച്ച്‌ ചെലവഴിക്കുന്നതിന്‌ പാർലമെന്റിൽ അനുമതി തേടി അവതരിപ്പിക്കുന്നതാണ്‌ വോട്ട്‌ ഓൺ അക്കൗണ്ട്‌. അതിൽ ക്ഷേമപരിപാടികളോ നികുതി പ്രഖ്യാപനങ്ങളോ ഇളവുകളോ ഒന്നും ഉണ്ടായിരിക്കില്ല. എന്നാൽ, 

ഇടക്കാല ബജറ്റിൽ ചെറിയതോതിലുള്ള ക്ഷേമ പരിപാടികളും നികുതിയിളവുകളും മറ്റും ഉണ്ടായിരിക്കും. ഭരണഘടനാപരമായി നിലവിലെ ഗവണ്മെന്റിന്‌ നികുതിഘടനയിൽ മാറ്റം വരുത്തുന്നതിന്‌ വിലക്കുകളൊന്നുമില്ലെങ്കിലും സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട 13 വോട്ട്‌ ഓൺ അക്കൗണ്ട്‌ - ഇടക്കാല ബജറ്റുകളിലും വലിയ തോതിലുള്ള നികുതിമാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതിനു കാരണം, തങ്ങൾ ഏതാനും മാസത്തേക്കു മാത്രമുള്ള ഖജനാവിന്റെ സൂക്ഷിപ്പുകാർ മാത്രമാണെന്ന ഭരണാധികാരികളുടെ ജനാധിപത്യബോധമാണ്‌. ഇനി സമ്പൂർണ ബജറ്റവതരിപ്പിച്ച്‌ പാസാക്കിയാലും തിരഞ്ഞെടുപ്പിന്‌ ശേഷം അധികാരത്തിൽ വരുന്ന സർക്കാരിന്‌ അത്‌ അടിമുടി മാറ്റാൻ അധികാരമുണ്ട്‌.

ഇടക്കാല ബജറ്റിലെ ചില മുന്‍കാല അനുഭവങ്ങള്‍
യു.പി.എ.യിലും എൻ.ഡി.എ.യിലും പരോക്ഷ നികുതികളിൽ ചില മാറ്റങ്ങൾ വരുത്തി, ചില വ്യക്തികൾ ഇടക്കാല ബജറ്റ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. 2014-15-ലെ ഇടക്കാല ബജറ്റിൽ വാഹന മേഖലയ്ക്ക്‌ വേണ്ടി കേന്ദ്ര എക്സൈസ്‌ തീരുവയിൽ ചില ഇളവുകൾ വരുത്തുകയുണ്ടായി അന്നത്തെ ധനമന്ത്രി പി. ചിദംബരം. 

2009-10-ലെ ഇടക്കാല ബജറ്റിൽ അന്നത്തെ ധനമന്ത്രി പ്രണബ്‌കുമാർ മുഖർജി എക്സൈസ്‌ തീരുവയിൽ ഇളവു വരുത്തുകയും സേവന നികുതി നിരക്കുകളിൽ രണ്ട്‌ ശതമാനത്തിന്റെ കുറവ്‌ വരുത്തുകയും ചെയ്തു. ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും ആവശ്യം പരിഗണിച്ച്‌, വോട്ട്‌ ഓൺ അക്കൗണ്ടിന്‌ മറുപടി പറയുമ്പോഴാണിത്‌ ചെയ്തത്‌. 
 
2004-ൽ വോട്ട്‌ ഓൺ അക്കൗണ്ട്‌ അവതരിപ്പിക്കുന്നതിന്‌ ഏതാനും ദിവസം മുമ്പ്‌ അന്നത്തെ ധനമന്ത്രി ജസ്വന്ത്‌ സിങ്‌ ചില പരോക്ഷ നികുതികളിൽ കുറവു വരുത്തുകയുണ്ടായി. എന്നാൽ, ഇപ്പോൾ സെൻട്രൽ എക്സൈസും സേവന നികുതിയും ചരക്ക്‌ സേവന നികുതിയിൽ ലയിപ്പിച്ചിരിക്കുന്നു. 

ജി.എസ്‌.ടി.യിൽ എന്തു മാറ്റം വരുത്തണമെങ്കിലും ജി.എസ്‌.ടി. കൗൺസിലാണ്‌ തീരുമാനമെടുക്കേണ്ടത്‌. അതിനാൽ, കേന്ദ്ര ധനമന്ത്രിക്ക്‌ താൻ കൂടി പങ്കാളിയായ ജി.എസ്‌.ടി. കൗൺസിലിന്റെ അനുവാദമില്ലാതെ ജി.എസ്‌.ടി. നിരക്കുകളിൽ മാറ്റം വരുത്താൻ കഴിയില്ല, കസ്റ്റംസ്‌ തീരുവയിലും പ്രത്യക്ഷ നികുതിയിലും മാത്രമേ മാറ്റം വരുത്താൻ കഴിയൂ. അതിന്‌ അദ്ദേഹം എത്രത്തോളം മുതിരുമെന്ന്‌ കണ്ടറിയണം.

ഇതിനു മുമ്പുള്ള ചില ഇടക്കാല ബജറ്റുകളിൽ, ചില സുപ്രധാന പദ്ധതി പ്രഖ്യാപനങ്ങളും ധനമന്ത്രിമാർ നടത്തിയിട്ടുണ്ട്‌. 2014-15-ലെ ഇടക്കാല ബജറ്റിലാണ്‌ ചിദംബരം ‘ഒരു റാങ്ക്‌, ഒരു പെൻഷൻ’ പ്രഖ്യാപനം നടത്തിയത്‌. 
2009-10-ലെ ഇടക്കാല ബജറ്റിൽ ധനമന്ത്രി പ്രണബ്‌ മുഖർജി പലിശ ധനസഹായ പദ്ധതികളുടെ കാലാവധി നീട്ടുകയും രാജ്യരക്ഷാ ചെലവ്‌ ഉയർത്തുകയും ചെയ്തു.  

ഒന്നാം എൻ.ഡി.എ. സർക്കാരിന്റെ കാലത്ത്‌ 2004-ലെ ഇടക്കാല ബജറ്റിൽ ജസ്വന്ത്‌ സിങ്‌ ‘അന്ത്യോദയ അന്നയോജന’ പദ്ധതിയിലെ ഗുണഭോക്താക്കളുടെ എണ്ണം ഒന്നരക്കോടിയിൽ നിന്ന്‌ രണ്ടുകോടിയായി ഉയർത്തുകയും കർഷകർക്കുള്ള ഇൻഷുറൻസ്‌ പദ്ധതി 20 ജില്ലകളിൽ നിന്ന്‌ 100 ജില്ലകളിലേക്ക്‌ വ്യാപിപ്പിക്കുകയും ചെയ്തു.

ഇടക്കാല ബജറ്റിലെ സാധ്യതകള്‍
സമ്പദ്ഘടനയുടെ അടിത്തറ ശക്തമാണെങ്കിലും വളരെ മെച്ചപ്പെട്ട ഒരു സാമ്പത്തികാവസ്ഥയല്ല രാജ്യത്ത്‌ ഇന്നുള്ളത്‌. പ്രതീക്ഷിച്ച രീതിയിൽ പ്രത്യക്ഷ-പരോക്ഷ നികുതികളും നികുതിയേതര വരുമാനവും ഉയർന്നില്ല. ചെലവ്‌ നിയന്ത്രണാതീതമായി ഉയർന്നു. തത്‌ഫലമായി ധനക്കമ്മി ബജറ്റ്‌ ലക്ഷ്യമായ 3.3 ശതമാനത്തിൽ ഒതുക്കിനിർത്താൻ കഴിഞ്ഞേക്കില്ല. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നു. ഗ്രാമീണ മേഖലയിൽ ചോദനം താഴ്ന്ന തലത്തിലാണ്‌. കർഷകർ പ്രതിസന്ധിയിലാണ്‌. 

അതേസമയം, ജനങ്ങൾ സർക്കാരിൽ നിന്ന്‌ ബജറ്റുവഴി പലതും പ്രതീക്ഷിക്കുന്നു. കർഷകർ, വ്യവസായികൾ, വ്യാപാരികൾ, ഇടത്തരക്കാർ എന്നിവരെല്ലാം ബജറ്റിനെ പ്രതീക്ഷയോടെയാണ്‌ വീക്ഷിക്കുന്നത്‌. അവരുടെയെല്ലാം പ്രതീക്ഷയ്ക്കൊത്ത്‌ ഉയരാൻ ധനമന്ത്രിക്ക്‌ കഴിയുമോ ? 

സാമ്പത്തിക വളർച്ചയ്ക്കും സാമ്പത്തിക സുസ്ഥിരതയ്ക്കും ജനജീവിതത്തിന്റെ ഗുണമേന്മ കൂട്ടുന്നതിനും കഴിയുമ്പോഴാണ്‌ ഒരു ബജറ്റ്‌ വിജയിക്കുന്നത്‌.

  • മൂന്നുലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്ന്‌ ഒഴിവാക്കിയേക്കും. 
  • വിറ്റുവരവ്‌ കണക്കാക്കാതെ എല്ലാവർക്കും ഒരുപോലെ കമ്പനി നികുതി 25 ശതമാനമാക്കണമെന്ന ‘ഫിക്കി’യുടെ ആവശ്യം പരിഗണിച്ചു കൂടായ്കയില്ല. 
  • ദീർഘകാല മൂലധന നേട്ടത്തിന്മേൽ ചുമത്തുന്ന നികുതി ഒഴിവാക്കുക, സ്റ്റോക്ക്‌ എക്സ്‌ചേഞ്ച്‌ ഇടപാടിന്മേലുള്ള നികുതി എടുത്തു കളയുക 
  • തുടങ്ങി സ്റ്റോക്ക്‌ ബ്രോക്കർമാർ മുന്നോട്ടു വെച്ച നിർദേശങ്ങൾ പരിഗണിക്കപ്പെടുമെന്ന്‌ തോന്നുന്നില്ല.


ബജറ്റവതരണത്തിൽ നമ്മൾ കാലാകാലങ്ങളായി നിലനിർത്തിയിരുന്ന പല കൊളോണിയൽ ശീലങ്ങളും മോദി സർക്കാർ മാറ്റിമറിച്ചിട്ടുണ്ട്‌. ഫെബ്രുവരി അവസാന പ്രവൃത്തിദിവസം അവതരിപ്പിച്ചിരുന്ന കേന്ദ്ര ബജറ്റ്‌, ഫെബ്രുവരി ആദ്യ പ്രവൃത്തി ദിവസത്തേക്ക്‌ മാറ്റിയതും റെയിൽവേ ബജറ്റ്‌ പൊതുബജറ്റിന്റെ ഭാഗമാക്കിയതും ആവശ്യമെങ്കിൽ കേന്ദ്ര ബജറ്റ്‌ ഇരുന്നുകൊണ്ടും അവതരിപ്പിക്കാമെന്നും തീരുമാനിച്ച്‌ നടപ്പിലാക്കിയത്‌ മോദി ഭരണത്തിലാണ്‌. അതിനാൽ, പ്രത്യക്ഷ നികുതികളിലും വലിയ മാറ്റങ്ങൾ ഫെബ്രുവരി ഒന്നിന്‌ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചാൽ അത്ഭുതപ്പെടേണ്ടതില്ല. കൂടാതെ, പെൻഷനുൾപ്പെടെ ക്ഷേമ പരിപാടികളുടെ ഒരു പെരുമഴ തന്നെ ബജറ്റിൽ പ്രതീക്ഷിക്കാം.