ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള മോദി സര്‍ക്കാരിന്റെ ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ദേശീയ വക്താവായ മനീഷ് തിവാരിയാണ് ട്വിറ്ററിലൂടെ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ബജറ്റിലെ സുപ്രധാന തീരുമാനങ്ങളുടെ സൂചനകള്‍ മനീഷ് തിവാരി ട്വിറ്റിറിലൂടെ പുറത്തുവിട്ടു. സര്‍ക്കാര്‍ ഉറവിടങ്ങള്‍ വഴി ലഭിച്ച ഈ സൂചനകള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും തുകകളും ബജറ്റിലും വരികയാണെങ്കില്‍ ബജറ്റ് ചോര്‍ന്നതായി കണക്കാക്കേണ്ടതല്ലേയെന്നും തിവാരി ചോദിച്ചു.

പതിനന്നോളം പോയിന്റുകളാണ് തിവാരി പുറത്തുവിട്ട ലിസ്റ്റുകളിലുള്ളത്. ആദായ നികുതിയുടെ പരിധി നാല് ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലാക്കാന്‍ സാധ്യതയുണ്ട്. കര്‍ഷകര്‍ രണ്ടു ലക്ഷം വരെയുള്ള  വായ്പകള്‍ കൃത്യസമയത്ത് അടച്ചാല്‍ പലിശയില്‍ ഇളവ് നല്‍കും, എന്നതടക്കമുള്ള കാര്യങ്ങളാണ് തിവാരി ട്വീറ്റ് ചെയ്ത സൂചനകളിലുള്ളത്.

Content Highlights: Budget leaked-Congress accusation-Manish Tewari tweet