ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി വഴി 50 കോടി ജനങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കിയെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പീയൂഷ് ഗോയല്‍. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ ബജറ്റില്‍ ധനമന്തി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ച ആയുഷ്മാന്‍ ഭാരത് കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 25-ന് ആയിരന്നു നിലവില്‍ വന്നത്. പത്ത് കോടിയോളം പാവപ്പെട്ട കുടുംബങ്ങളെ ലക്ഷ്യമിട്ടായിരുന്നു പദ്ധതി പ്രഖ്യാപിച്ചതെങ്കിലും കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങള്‍ പദ്ധതി നടപ്പാക്കിയിരുന്നില്ല. 

ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്കും മരുന്നുകള്‍ക്കും വരുന്ന ചെലവുകളാണ് പദ്ധതി പ്രകാരം ലഭ്യമാക്കുക. സര്‍ജറി, മരുന്നുകള്‍, പരിശോധന, യാത്ര തുടങ്ങി 1350 ഇനം ചെലവുകള്‍ പദ്ധതിയുടെ ഭാഗമാണ്. എന്നാല്‍ മോദിയുടെ ആയുഷ്മാന്‍ പദ്ധതി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ളതാണെന്നും വന്‍ തട്ടിപ്പാണെന്നും ധനമന്ത്രി തോമസ് ഐസക്ക് കുറ്റപ്പെടുത്തിയിരുന്നു. കേരളം, തെലങ്കാന, ഓഡീഷ, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ ആയുഷ്മാന്‍ പദ്ധതിയുമായി സഹകരിക്കാത്തത്. 

Content Highlights: 50 Crore People Get Benifit of Ayushman Bharath