ന്യൂഡല്‍ഹി: അമ്പത് കോടി ജനങ്ങള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം കുറിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍.  

ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതി രാജ്യത്ത് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പത്ത് കോടി കുടുംബങ്ങളിലെ അമ്പത് കോടി ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. 

പൊതുജനാരോഗ്യം, സാമൂഹിക ക്ഷേമം എന്നിവ ലക്ഷ്യമിട്ടുള്ള ആയുഷ്മാന്‍ ഭാരത് പദ്ധതിയെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷ പദ്ധതിയെന്നാണ് ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി വിശേഷിപ്പിച്ചത്. 

ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ രാജ്യത്തെ ഓരോ മുക്കിലും മൂലയിലും എത്തുന്നുവെന്ന് ഉറപ്പു വരുത്താനായി ഒന്നര ലക്ഷത്തോളം ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ പുതിയതായി സ്ഥാപിക്കുമെന്നും ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. 1200 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്. 

സ്വകാര്യ സ്ഥാപനങ്ങളുടേയും പദ്ധതിയില്‍ പങ്കുചേരാന്‍ താത്പര്യമുള്ള വ്യക്തികളുടേയും പങ്കാളിത്തത്തോടെയാവും പദ്ധതി നടപ്പിലാക്കുക. പദ്ധതി പൂര്‍ണതോതില്‍ പ്രാബല്യത്തില്‍ വന്നാല്‍ ലോകത്തില്‍ തന്നെ പൊതുജനാരോഗ്യം ലക്ഷ്യംവെച്ചുള്ള ഏറ്റവും വലിയ പദ്ധതിയാവും ആയുഷ്മാന്‍ ഭാരത് പദ്ധതി.