ന്യൂഡല്‍ഹി:  2022 ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. വിളകള്‍ക്ക് 50 ശതമാനം താങ്ങുവില ഉറപ്പാക്കും. ഇ നാം പദ്ധതിയില്‍ കൂടുതല്‍ കര്‍ഷകരെ പങ്കാളികളാക്കും. കാര്‍ഷിക ക്ലസ്റ്റര്‍ വികസിപ്പിക്കും. കൂടുതല്‍ ഗ്രാമീണ ചന്തകള്‍ ആരംഭിക്കും. കാര്‍ഷിക വിപണികളുടെ വികസനത്തിനായി 2000 കോടി രൂപ നീക്കിവെക്കും. ഭക്ഷ്യധാന്യ സംസ്‌കരണത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി. ഇതോടെ ബജറ്റ് വിഹിതം 1400 കോടിയായി ഉയര്‍ന്നു.

കാര്‍ഷിക വളര്‍ച്ചയ്ക്ക് ഓപ്പറേഷന്‍ ഗ്രീന്‍ പദ്ധതി പ്രഖ്യാപിച്ചു. ഇതിനായി ബജറ്റ് വിഹിതമായി 500 കോടി നീക്കിവെച്ചു. മുള അധിഷ് ഠിത വ്യവസായങ്ങള്‍ക്ക് മുന്‍ഗണന നല്‍കും. 1290 കോടി ബജറ്റ് വിഹിതമായി ഉള്‍പ്പെടുത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ പദ്ധതി വിപുലീകരിച്ച് ഫിഷറീസ്. മൃഗസംരക്ഷണ മേഖലയിലെ കര്‍ഷകരേയും ഉള്‍പ്പെടുത്തും. ഫിഷറീസ്-മൃഗസംരക്ഷണ മേഖലയ്ക്ക് ബജറ്റ് വിഹിതം 1000 കോടിയാക്കി. കാര്‍ഷിക ഉത്പാദന മേഖലയിലെ കമ്പനികളുടെ നികുതി ഘടന പരിഷ്‌കരിക്കും.

42 പുതിയ അഗ്രോ പാര്‍ക്കുകള്‍ തുടങ്ങും. ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരമൊരുക്കും.  സൗഭാഗ്യ പദ്ധതി പ്രകാരം നാല് കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ വൈദ്യുതി. ഉജ്ജ്വല യോജനയിലൂടെ എട്ട് കോടി ഗ്രാമീണ സ്ത്രീകള്‍ക്ക് സൗജന്യ പാചക വാതക കണക്ഷന്‍ നല്‍കും.