ന്യൂഡല്‍ഹി: അരുണ്‍ജെയ്റ്റ്ലി പ്രഖ്യാപിച്ച ബജറ്റില്‍ പെട്രോള്‍ ഡീസല്‍ വില്‍പ്പന നികുതിയില്‍ എട്ടുരൂപയോളം കുറവു വരുത്തിയെങ്കിലും അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കില്ല. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പുതിയതായി റോഡ് സെസ് ഏര്‍പ്പെടുത്തിയതാണ് നികുതി ഇളവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കാതാക്കിയത്. റോഡ് സെസസ്സായി ലിറ്ററിന് എട്ടുരൂപയാണ് ബജറ്റില്‍ ഏര്‍പ്പെടുത്തിയത്. ഫലത്തില്‍ ഒരു നികുതി കുറച്ച് മറ്റൊരു നികുതി ഏര്‍പ്പെടുത്തുകയാണ് ധനമന്ത്രി ചെയ്തിരിക്കുന്നത്.
പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ക്ക് അടിസ്ഥാന എക്സൈസ് നികുതിയില്‍ രണ്ടുരൂപ കുറച്ചതിന് പുറമെ ഇവയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന അഡീഷണല്‍ എക്സൈസ് നികുതിഎടുത്തുകളയുകയും ചെയ്തിരുന്നു. ആറുരൂപയായിരുന്നു ഇത്തരത്തില്‍ ഈടാക്കിയിരുന്നത്. അതേസമയം എഥനോള്‍ കലര്‍ത്തിയ പെട്രോളിന് റോഡ് സെസ്സ്, അടിസ്ഥാന സൗകര്യ സെസ്സ് എന്നിവക്കായി ഏര്‍പ്പെടുത്തിയിരുന്ന 10 ശതമാനവും, ബയോ ഡീസലിന് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന 20 ശതമാനം സെസ്സും എടുത്തുകളഞ്ഞിട്ടുണ്ട്.
ഡല്‍ഹി, മുംബൈ, ബെംഗളൂരു,പുണെ, ചെന്നൈ, നോയിഡ തുടങ്ങിയ നഗരങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 80 രൂപ എന്ന റെക്കോര്‍ഡ് വില രേഖപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു എക്സൈസ് നികുതിയില്‍ ഇളവ് വരുത്തിയത്. നികുതി കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നതാണ്. നികുതി കുറച്ചത് ആഗോള തലത്തില്‍ ഇന്ധനവിലയിലുണ്ടായ വര്‍ധനവില്‍ നിന്ന് ജനങ്ങള്‍ക്ക് ആശ്വാസം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ പുതിയതായി റോഡ് സെസ്സ് ഏര്‍പ്പെടുത്തിയത് ഈ ആശ്വാസം നഷ്ടപ്പെടുത്തി.
അതേസമയം ജിഎസ്ടി നടപ്പിലാക്കിയതുമൂലമുണ്ടായ വരുമാന നഷ്ടം മറികടക്കാനാണ് റോഡ് സെസ്സ് ഏര്‍പ്പെടുത്തിയതെന്നാണ് സൂചന. അല്ലായിരുന്നുവെങ്കില്‍ ധനക്കമ്മി കുറയ്ക്കാനുള്ള സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍ക്ക് തടസം ഉണ്ടാകുമായിരുന്നു. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങള്‍ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശാ്രമിക്കുന്നത്. ഇത് പലപ്പോഴായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉന്നയിച്ചിട്ടുള്ളതുമാണ്. പക്ഷേ ഇക്കാര്യം സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടില്ല.