ന്യൂഡല്‍ഹി: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് അവതരിപ്പിച്ചത് വികസന സൗഹാര്‍ദ്ദ ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നാം മുന്നോട്ട് വയ്ക്കുന്ന 'പുതിയ ഇന്ത്യ'എന്ന കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താന്‍ ഈ കേന്ദ്രബജറ്റിന് സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. 

ദലിത് വിഭാഗത്തിന്റേയും പാവപ്പെട്ടവരുടേയും കര്‍ഷകരുടേയും ആദിവാസി വിഭാഗങ്ങളുടേയും ക്ഷേമത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ട് ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ കേന്ദ്രബജറ്റ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം, കാര്‍ഷികം എന്നു തുടങ്ങി എല്ലാ വികസന മേഖലകളേയും ഉള്‍ക്കൊള്ളിച്ചുള്ള ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ചെറുകിട വ്യവസായ മേഖലയിലെ നിഷ്‌ക്രിയ ആസ്തിയെ പരിഗണിച്ചു കൊണ്ടുള്ള പ്രഖ്യാപനങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.