ഴിഞ്ഞയാഴ്ച 10,973 എന്ന ലക്ഷ്യമായിരുന്നു പ്രധാനമായും ഉയർന്ന തലത്തിൽ നിർദേശിച്ചിരുന്നത്. താഴേക്ക് 10,832 എന്ന നിലവാരമാണ് ആദ്യ സപ്പോർട്ട് നൽകിയിരുന്നത്. അതിനു താഴെ 10,666 നിലവാരവും 10,450 നിലവാരവും ഇപ്പോഴത്തെ റാലിയുടെ സപ്പോർട്ടായി കണ്ടിരുന്നു. കഴിഞ്ഞയാഴ്ച എന്താണ് സംഭവിച്ചതെന്ന് ആദ്യം പരിശോധിക്കാം. 
 
തിങ്കളാഴ്ച രേഖപ്പെടുത്തിയ 10,881 ആയിരുന്നു കഴിഞ്ഞയാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലവാരം. അന്നുതന്നെ 10,973 എന്ന ലക്ഷ്യം നിഫ്റ്റി നേടുകയും ചെയ്തിരുന്നു. പിന്നീട് ചൊവ്വാഴ്ച പ്രസ്തുത ടാർജറ്റ് നിലവാരത്തിനു മുകളിലേക്ക് ക്ലോസ് ചെയ്ത് പുതിയ ലക്ഷ്യം 11,519-ലേക്ക് കുറിക്കുകയും ചെയ്തു. ബുധനാഴ്ച രേഖപ്പെടുത്തിയ 11,110.10 എന്ന നിലവാരമാണ് ഇതുവരെയുള്ള നിഫ്റ്റിയുടെ ഏറ്റവും ഉയർന്ന നിലവാരം. കഴിഞ്ഞ വ്യാഴാഴ്ച നിഫ്റ്റി ക്ലോസ് ചെയ്തത് 11,069-ലായിരുന്നു.  

10,033 നിലവാരത്തിൽ നിന്നാണ് ഈ മുന്നേറ്റം തുടങ്ങിയത്. 1000-ത്തിലധികം പോയന്റിന്റെ വർധന ഇതിനകം നടത്തി. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗമേറിയ റാലി കൂടിയായിരുന്നു ഇത്. വേഗം കൂടുമ്പോൾ ഒരൽപ്പം ശ്രദ്ധകൂടി ഉയരുന്നതു നന്ന്. 10,973 നിലവാരത്തിനു മുകളിൽ നിഫ്റ്റിയുടെ അടുത്ത ടാർജറ്റ് കാണുന്നത് 11,519 ആണ് എന്ന് നേരത്തെ സൂചിപ്പിച്ചല്ലോ. കഴിഞ്ഞദിവസം രേഖപ്പെടുത്തിയ 11,110 തന്നെയാണ് ഇപ്പോൾ നിഫ്റ്റിയുടെ ആദ്യ കടമ്പയും.

ഈ നിലവാരം ഭേദിക്കാനായില്ലെങ്കിൽ നിഫ്റ്റിയിൽ ഒരു തിരുത്തൽ പ്രതീക്ഷിക്കേണ്ടിവരും. താഴെ 11,022 നിലവാരത്തിന് താഴെ, വരും ദിനങ്ങളിൽ ക്ലോസ് ചെയ്യാൻ ഇടയായാൽ, അത് സാങ്കേതിക തിരുത്തലിനുള്ള സൂചനയാണ്. അതിനു താഴേക്ക് ലഭിക്കാവുന്ന ആദ്യ സപ്പോർട്ട് പിന്നീട് 10,794 നിലവാരത്തിലാണ്. ഈ നിലവാരവും ക്ലോസിങ് അടിസ്ഥാനത്തിൽ നഷ്ടപ്പെട്ടാൽ  10,560-10,600 നിലവാരത്തിനടുത്താണ് പിന്നീട് പ്രധാന സപ്പോർട്ട് ലഭിക്കാൻ സാധ്യത. 

വരുന്ന വെള്ളിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ആവും ഈ ആഴ്ചത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. കേന്ദ്ര ബജറ്റ് ഈവർഷം അവതരിപ്പിക്കുന്നത് സാമ്പത്തികമായും രാഷ്ട്രീയപരമായും സമ്മർദത്തിനുള്ളിൽ നിന്നുകൊണ്ടാണ്. നികുതി വരുമാനം പ്രതീക്ഷിച്ചതനുസരിച്ച് ഉയരാത്തതും ക്രൂഡ് ഓയിൽ വില ഉയർന്നുവരുന്നതും എട്ടു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് വരുന്നതുമൊക്കെ ധനമന്ത്രിയെ സമ്മർദത്തിലാക്കുന്ന വിഷയങ്ങളാണ്. ഇതിനൊക്കെ പുറമെ, 2019 ഏപ്രിലോടെ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു കൂടി നടക്കാനിരിക്കുന്നത് ബജറ്റ് ഇതുവരെയുള്ളതിൽ നിന്നും വ്യത്യസ്തമാക്കാൻ തക്ക കാരണങ്ങളാണ്.

സർക്കാരിന് കഴിഞ്ഞ സാമ്പത്തികവർഷം വരുമാനം നേടിക്കൊടുത്തത് പ്രധാനമായും റിസർവ് ബാങ്കിൽ നിന്നുള്ള ലാഭവീതം, പൊതുമേഖലാ ഓഹരി വിൽപ്പനയിൽ നിന്ന് ലഭിച്ച പ്രതീക്ഷിച്ചതിലും ഉയർന്ന വരുമാനം, സ്‌പെക്ട്രം വരുമാനം എന്നിവയായിരുന്നു. ഓഹരി വിപണി ഉയർന്നുനിന്നത് ഇതിന് സഹായിച്ചിട്ടുണ്ട്. ദീർഘകാല മൂലധന നേട്ട നികുതിയിൽ ഇത്തവണ മാറ്റങ്ങൾ വരുത്തും എന്ന ആശങ്ക വിപണിയിലുണ്ട്. ഇപ്പോൾ ഒരുവർഷം കഴിഞ്ഞ് വിൽപ്പന നടത്തിയാൽ നികുതി കൊടുക്കേണ്ടതില്ല എന്ന കാലയളവ്, മൂന്നു വർഷമായി ഉയർത്തും എന്നതാണ് പ്രധാനമായും കേൾക്കുന്ന ശ്രുതി.

മറ്റു പല എമർജിങ് മാർക്കറ്റുകളിലും പ്രത്യേകിച്ച് ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ, ബ്രസീൽ തുടങ്ങിയ വിപണികളിൽ ദീർഘകാല മൂലധനനേട്ട നികുതി ഇല്ല എന്നതുകൊണ്ടുതന്നെ ഇവിടെ ഈ വിഷയത്തിൽ ഇപ്പോൾ ഉള്ള സ്ഥിതിക്ക്‌ മാറ്റം വരുത്തുന്നത് നിക്ഷേപകരെ കൂടുതൽ അകറ്റും. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്‌ട്രേലിയ, ജർമനി തുടങ്ങിയ വികസിത വിപണികളിൽ ദീർഘകാല മൂലധന നേട്ട നികുതിയുണ്ട്. എന്നാൽ, അവിടെ നിക്ഷേപം കുറേക്കൂടി സുരക്ഷിതമാണെന്ന വ്യത്യാസം നാം മറന്നുകൂടാ. 

ജി.എസ്.ടി. വരുമാനത്തിൽ പകുതിയിലേറെയും സംസ്ഥാനങ്ങൾക്കുള്ള വിഹിതമാണെന്നതും കുറേ റീഫണ്ട് പോവാനുള്ളതാണെന്നും കണക്കാക്കുമ്പോൾ ഈ ഇനത്തിൽ വരുന്ന ഭീമമായ തുക സർക്കാർ പ്രചരിപ്പിക്കുന്നത്രയും ആകർഷകവുമല്ല. 
 
കഴിഞ്ഞ തവണ മൂഡീസ് രാജ്യത്തിന്റെ റേറ്റിങ് ഒരുപടി ഉയർത്തിയപ്പോൾ സുചിപ്പിച്ചിരുന്ന ഒരു പ്രധാന കാര്യം സർക്കാരിന്റെ കടബാധ്യത ഉയരുന്നതും സാമ്പത്തിക പരിഷ്കാരങ്ങളിൽ നിന്ന്‌ പുറകോട്ടു പോവുന്നതും രാജ്യത്തിന്റെ സുസ്ഥിര റേറ്റിങ്ങിനു തടസമാവുന്നു എന്നതായിരുന്നു. ഇതൊക്കെ കണക്കുകൂട്ടലിൽ ഏറ്റക്കുറച്ചിൽ ഉണ്ടാക്കാൻ പര്യാപ്തമായ കാര്യങ്ങളാണ്. ജി.എസ്.ടി. നിരക്കുകളിൽ ഇനിയും കുറവുവരുത്താൻ സർക്കാർ നിർബന്ധിതരാണ്. കൂടുതൽ ആളുകളെ ആദായനികുതിയുടെ പരിധിയിൽ കൊണ്ടുവരാനുള്ള സാധ്യത പ്രധാനമന്ത്രി സൂചിപ്പിക്കുകയും ചെയ്തു. അടിസ്ഥാനസൗകര്യം, പാർപ്പിടം, കൃഷി മേഖലകളിൽ മുന്നോട്ടു വച്ചിരിക്കുന്ന കാൽ പിന്നോട്ടെടുക്കാൻ വയ്യ. അതുകൊണ്ടുതന്നെ, ഈ മേഖലകളിൽ കൂടുതൽ ഊന്നൽ നൽകേണ്ടിവരും. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുന്ന മേഖലകളിൽ ശ്രദ്ധ കൊടുക്കേണ്ടിയും വരും.

കോർപ്പറേറ്റ് നികുതിനിരക്ക് വീണ്ടും കുറയ്ക്കാനും സർക്കാർ നിർബന്ധിതരാണ്. ഇതിനൊക്കെ ഇടയിൽ നിന്നുകൊണ്ട് അരുൺ ജെയ്റ്റ്‌ലി എന്തു മാജിക് ആണ് നടത്താൻപോവുന്നത് എന്നാവും വിപണിയിലെ ഇടപാടുകാർ ശ്രദ്ധിക്കുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ബജറ്റ് വിപണിയിൽ കാര്യമായ ചലനങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഈ വർഷം ഒരു വ്യത്യാസമുള്ളത് വിപണി റെക്കോഡുകൾ തകർത്തെറിഞ്ഞത്‌ അമിതാവേശത്തിലാണെന്നതാണ്. ബജറ്റ് വിപണിയുടെ വേഗം കൂട്ടുമോ അതോ ഒരു ‘സ്പീഡ് ബ്രേക്കർ’ ആവുമോ എന്നതാവും ഈ വാരാന്ത്യത്തിൽ കിട്ടേണ്ട ഉത്തരം. 

(നിയമപ്രകാരമുള്ള അറിയിപ്പ്: ഓഹരി നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്) 
ഇ-മെയിൽ: jaideep.menon@gmail.com