ന്യൂഡല്‍ഹി: കള്ളപ്പണം തടയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായി മൂന്ന് ലക്ഷത്തിലധികമുള്ള തുക നേരിട്ട് കൈമാറിയുള്ള ഇടപാടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. 2017 ഏപ്രില്‍ 1 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കള്ളപ്പണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്ന് ധനമന്ത്രി പറഞ്ഞു.

റിട്ട. ജസ്റ്റിസ് എം.ബി ഷാ അധ്യക്ഷനായ സമിതി കഴിഞ്ഞ ജൂലായില്‍ സുപ്രീം കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മൂന്ന് ലക്ഷത്തിനുമേല്‍ പണം നേരിട്ട് കൈമാറി നടത്തുന്ന ഇടപാടുകള്‍ നിയമവിരുദ്ധമാക്കാനും ഇടപാടുകാര്‍ക്ക് ശിക്ഷ ലഭിക്കാനും തക്കവിധം നിയമനിര്‍മ്മാണം നടത്തുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി പറഞ്ഞു.