ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇനി 2000 രൂപവരെ മാത്രമെ സംഭാവന പണമായി സ്വീകരിക്കാന്‍ കഴിയൂ. ഉയര്‍ന്ന തുക ചെക്കായോ ഇലക്ട്രോണിക് സംവിധാനംവഴിയോ സ്വീകരിക്കേണ്ടിവരും.

റിസര്‍വ് ബാങ്ക് വൈകാതെ പുറത്തിറക്കുന്ന ഇലക്ട്രല്‍ ബോണ്ടുകളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വീകരിക്കാം. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതാണ് ഇക്കാര്യം. കള്ളപ്പണം തടയുന്നതിനുള്ള സര്‍ക്കാര്‍ നടപടികളുടെ തുടര്‍ച്ചയാണ് നീക്കം. ചെക്ക് നല്‍കിയോ ഓണ്‍ലൈന്‍ വഴിയോ ജനങ്ങള്‍ക്ക് ആര്‍.ബി.ഐയുടെ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങാം.

പിന്നീട് അവ പാര്‍ട്ടികള്‍ക്ക് കൈമാറാം. നിശ്ചിത അക്കൗണ്ട് വഴിമാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ബോണ്ടുകള്‍ മാറിയെടുക്കാം. രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട വലിയ മാറ്റമാണ് ഇതെന്നും വരും തലമുറയ്ക്ക് കള്ളപ്പണത്തില്‍നിന്ന് മുക്തമാകാന്‍ നീക്കം സഹായിക്കുമെന്നും ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.