ന്യൂഡല്‍ഹി: രണ്ടര ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയിലുള്ള ആദായനികുതി അഞ്ച് ശതമാനമായി കുറച്ചുകൊണ്ട് മോദി സര്‍ക്കാരിന്റെ പൊതുബജറ്റ്. നേരത്തെ ഇത് 10 ശതമാനമായിരുന്നു.

റിബേറ്റ് കൂടി ലഭിക്കുന്നതോടെ മൂന്ന് ലക്ഷം രൂപമുതല്‍ 3.5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് 2,500 രൂപമാത്രമാണ് നികുതി ബാധ്യത വരിക. 

80സി പ്രകാരം 1.5 ലക്ഷം രൂപയുടെ നിക്ഷേപം നടത്തുന്നവര്‍ക്ക് 4.5 ലക്ഷം രൂപവരെ നികുതി നല്‍കേണ്ടതില്ല.

നികുതി കുറച്ചതോടെ അഞ്ച് ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 12,500 രൂപയുടെ മെച്ചമാണ് ഉണ്ടാകുക.

അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവര് 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ 30 ശതമാനവും നികുതി അടയ്ക്കണം. 50 ലക്ഷം മുതല്‍ ഒരു കോടി വരെ വരുമാനമുള്ളവരില്‍ നിന്ന് 10 ശതമാനവും ഒരു കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരില്‍ നിന്ന 15 ശതമാനം സര്‍ചാര്‍ജ് ഈടാക്കാനും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

രാഷ്ട്രീയപാര്‍ട്ടികളുടെ പണപ്പിരിവിന് കടിഞ്ഞാണിടണമെന്നും ധനമന്ത്രി പറഞ്ഞു. ഇനി മുതല്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ജനങ്ങളില്‍ നിന്ന് പണമായി പരമാവധി 2000 രൂപ മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് ബജറ്റില്‍ ജെയ്റ്റലി പ്രഖ്യാപിച്ചു.

രണ്ടായിരത്തില്‍ കൂടുതല്‍ തുക സംഭാവനയായി വാങ്ങണമെങ്കില്‍ അത് ചെക്കോ, ഡിജിറ്റല്‍ ഇടപാടിലൂടേയോ മാത്രമേ നടത്താവൂ എന്നും  ജെയ്റ്റലി നിര്‍ദേശിച്ചു. രാഷ്ട്രീയപാര്‍ട്ടികള്‍ ടാക്സ് റിട്ടേണ്‍ കൃത്യമായി സമര്‍പ്പിക്കണമെന്നും ബജറ്റ് പ്രസംഗത്തില്‍ അരുണ്‍ ജെയ്റ്റലി ആവശ്യപ്പെട്ടു.

ഇതോടൊപ്പം ഡിജിറ്റല്‍ ബാങ്കിംഗ് ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കറന്‍സി രൂപത്തിലുള്ള പണമിടപാടുകള്‍ക്കും അരുണ്‍ ജെയ്റ്റലി നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്ന് ലക്ഷത്തില്‍ രൂപയില്‍ കൂടുതല്‍ തുക ഇനി കറന്‍സിയായി കൈമാറാതെ ചെക്കായോ ഡിജിറ്റല്‍ രൂപത്തിലോ മാത്രമേ പണമിടപാടുകള്‍ നടത്താവൂ എന്ന നിര്‍ദേശവും ജെയ്റ്റലിയുടെ ബജറ്റിലുണ്ട്.