മൂന്നുലക്ഷം രൂപ മുതൽ അഞ്ച്‌ ലക്ഷം രൂപ വരെയുള്ള സ്ലാബിന്റെ ആദായനികുതി നിരക്ക്‌ 10 ശതമാനത്തിൽ നിന്ന്‌ 5 ശതമാനമാക്കി കുറച്ചത്‌ സാധാരണക്കാർക്ക്‌ ആശ്വാസമായിട്ടുണ്ട്‌. എന്നാൽ ഇത്‌ പ്രഖ്യാപിക്കുമ്പോഴും വകുപ്പ്‌ 87 എ പ്രകാരമുള്ള റിബേറ്റ്‌ 5,000 രൂപയിൽ നിന്ന്‌ 2,500 രൂപയാക്കി കുറച്ചതും ഈ റിബേറ്റിനുള്ള വരുമാന പരിധി അഞ്ച്‌ ലക്ഷത്തിൽ നിന്ന്‌ 3.50 ലക്ഷം രൂപയാക്കി ചുരുക്കിയതും ധനമന്ത്രി പറഞ്ഞതുമില്ല, പലരും ശ്രദ്ധിച്ചതുമില്ല.

60 വയസ്സ്‌ തികഞ്ഞവർക്കുള്ള അടിസ്ഥാന ഒഴിവിൽ മാറ്റമൊന്നും വരുത്താത്തതു മൂലം ഇവരിൽ ചിലർക്ക്‌ അധിക നികുതി ബാധ്യതയാണ്‌ വന്നുചേരുക. ചിലർക്കാവട്ടെ ബാക്കിയുള്ളവർക്കു ലഭിക്കുന്ന ആശ്വാസമൊട്ട്‌ ലഭിക്കുന്നുമില്ല.

ഉദാഹരണം: 3,55,000 രൂപ വരുമാനമുള്ള മുതിർന്ന പൗരന്‌ നിലവിൽ 500 രൂപയാണ്‌ നികുതി. (മൊത്തം നികുതി രൂപ 5500 - 87 എ പ്രകാരം, റിബേറ്റ്‌ രൂപ 5000 = 500/-). എന്നാൽ 2017-18 ൽ ഇതേ വ്യക്തി, 2,750 രൂപ നികുതി നൽകണം (മൊത്തം നികുതി രൂപ 2750 - 87 എ പ്രകാരം റിബേറ്റ്‌ ഇല്ല). അതായത്‌ 2,250 രൂപ അധിക നികുതി ബാധ്യത വരും.

ഇതേ പോലെ മറ്റു വരുമാനക്കാരിൽ ചിലർക്കും അധികബാധ്യത വരുന്നുണ്ട്‌. (അധിക നികുതിബാധ്യത ബ്രാക്കറ്റിൽ) 3,60,000 (2,000), 3,65,000 (1,750), 3,70,000 (1,500), 3,75,000 (1,250), 3,80,000 (1,000), 3,85,000 (750), 3,90,000 (500), 3,95,000 (250), 4,00,000 (0).

ശമ്പളക്കാർക്ക്‌ പ്രത്യേകിച്ച്‌ ആശ്വാസമൊന്നുമില്ല
ധനമന്ത്രിയുടെ പ്രസംഗത്തിൽ പറഞ്ഞിരിക്കുന്നത്‌ അഞ്ച്‌ ലക്ഷം രൂപയിൽ കൂടുതൽ വരുമാനം കാണിച്ച്‌ റിട്ടേൺ സമർപ്പിക്കുന്ന 76 ലക്ഷം വ്യക്തികളിൽ 56 ലക്ഷവും ശമ്പള വരുമാനക്കാരാണ്‌ എന്നാണ്‌. ഇവർക്ക്‌ ശമ്പള വരുമാനം ലഭിക്കുന്നതിലേക്കായി വേണ്ടിവരുന്ന യാതൊരു ചെലവും കിഴിവായി ലഭ്യമല്ല എന്നിരിക്കെ വകുപ്പ്‌ 80 സി, 80 സിസിഡി, 80 ഡി എന്നിവയിലെ പരിധികളും ഭവനവായ്പാ പലിശയ്ക്കുള്ള പരിധിയും ഒഴിവാക്കപ്പെട്ട അലവൻസുകൾക്കുള്ള പരിധികളും വർധിപ്പിക്കുമെന്നുള്ള ആശകൾ അസ്ഥാനത്തായി. ഇക്കൂട്ടരാണ്‌ പണം പിൻവലിക്കാനായി ബാങ്കുകൾക്കും എ.ടി.എമ്മുകൾക്കും മുമ്പിൽ വരി നിന്നവരിൽ ഭൂരിഭാഗവും എന്നത്‌ ഇവിടെ ഒാർക്കേണ്ടതുണ്ട്‌.

ആനുകൂല്യങ്ങളുമുണ്ട്‌
കാപ്പിറ്റൽ ഗെയിൻസ്‌
സ്ഥാവര വസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോൾ ദീർഘകാല മൂലധന ലാഭം എന്ന നിലയിൽ നികുതിയാശ്വാസം ലഭിക്കുന്നതിനായി പ്രസ്തുത വസ്തുക്കൾ നിലവിലുള്ള നിയമപ്രകാരം കുറഞ്ഞത്‌ 36 മാസമെങ്കിലും കൈവശം വച്ചിരിക്കേണ്ടതുണ്ട്‌. വകുപ്പ്‌ 2 (42എ) - യിൽ വരുത്താനുദ്ദേശിക്കുന്ന ഭേദഗതിയിലൂടെ ഈ കാലാവധി 24 മാസമായി കുറവു ചെയ്യാനുള്ള നിർദേശം ഒട്ടനവധി നികുതിദായകർക്ക്‌ ആശ്വാസപ്രദമായിരിക്കും.

table

നിലവിലുള്ള നിയമത്തിലെ വകുപ്പ്‌ 55 പ്രകാരം 1981 ഏപ്രിൽ ഒന്നിന് മുമ്പ്‌ സ്വായത്തമാക്കിയ മൂലധന ആസ്തികളുടെ വാങ്ങിയ വിലയായി അവയുടെ 1981 ഏപ്രിൽ ഒന്നിലെ കമ്പോള വിലയോ മുതൽമുടക്കോ (തമ്മിൽ കുറഞ്ഞത്‌) കണക്കിലെടുക്കാവുന്നതാണ്‌. പ്രസ്തുത തീയതിയിലെ കമ്പോള വില കണ്ടുപിടിക്കാൻ നികുതിദായകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച്‌ 2001-ഏപ്രിൽ ഒന്നിലെ കമ്പോള വില പരിഗണിക്കാമെന്നുള്ള ദേഭഗതി നിർദേശം  സ്വാഗതാർഹമാണ്‌.

മുദ്രവില നിർണയത്തിനായി വിവിധ സംസ്ഥാനങ്ങളിൽ ഈ തീയതിയിൽ കമ്പോള വില പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതിനാൽ വലിയ ബുദ്ധിമുട്ടില്ലാതെ കമ്പോള വില കണ്ടുപിടിക്കാനാവുമെന്നു മാത്രമല്ല 1981 - ഏപ്രിലിലേതിനെ അപേക്ഷിച്ച്‌ 2001-ൽ കമ്പോള വില അധികമായിരിക്കുമെന്നതിനാൽ മൂലധന ലാഭത്തിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യും.

കൈവശമുള്ള സ്ഥലം ബിൽഡർമാർക്ക്‌ ഒരു ഡവലപ്‌മെന്റ്‌ കരാറിലൂടെ നൽകിയാൽ നിലവിലുള്ള നിയമപ്രകാരം ബിൽഡർമാർക്ക്‌ കൈവശാവകാശം നൽകുന്ന തീയതികളിൽ കൈമാറ്റം നടന്നതായി കണക്കാക്കണം. ഇത്‌ ഇങ്ങനെയുള്ള വസ്തുക്കളുടെ ഉടമസ്ഥർക്ക്‌ ഒട്ടനവധി ബുദ്ധിമുട്ടുകളും വ്യവഹാരങ്ങളും ക്ഷണിച്ചുവരുത്തിയതു പരിഗണിച്ച്‌ ആസ്തികൾ കൈമാറ്റം ചെയ്യുന്ന തീയതിയായി പരിഗണിക്കേണ്ടത്‌ നിശ്ചിത അധികാരിയിൽ നിന്ന്‌ പൂർത്തിയാക്കൽ സർട്ടിഫിക്കറ്റ്‌ (certificate of completion) ലഭ്യമാകുന്ന തീയതിയായിരിക്കുമെന്നാണ്‌ ഭേദഗതി നിർദേശം (2017-18 മുതൽ ബാധകം).

എന്നാൽ കരാറുകാരനിൽ നിന്ന്‌ എന്തെങ്കിലും തുക പണമായി ലഭിക്കുകയാണെങ്കിൽ പ്രസ്തുത തുകയിൽ 10 ശതമാനം നിരക്കിൽ ടി.ഡി.എസ്‌. പിടിക്കാനും ഭേദഗതി നിർദേശമുണ്ട്‌. (പുതിയ വകുപ്പ്‌ 194 ഐസി - 2016-17 സാമ്പത്തിക വർഷം മുതൽ ബാധകം)

കാപ്പിറ്റൽ ഗെയിൻസിൽ നിന്ന്‌ നികുതി ലാഭിക്കാനായി നിലവിൽ നാഷണൽ ഹൈവേ അതോറിറ്റി, റൂറൽ ഇലക്‌ട്രിഫിക്കേഷൻ കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ ബോണ്ടുകളിൽ നിക്ഷേപിക്കാമെന്നാണ്‌ വകുപ്പ്‌ 54 ഇ.സി.യിൽ പറഞ്ഞിരിക്കുന്നത്‌. ഇത്‌ ഭേദഗതി ചെയ്ത്‌ കേന്ദ്ര സർക്കാരിനാൽ പ്രഖ്യാപിതമായ, മൂന്നു വർഷമെങ്കിലും കാലാവധിയുള്ള ഏതു  ബോണ്ടുകളിലും നിക്ഷേപം നടത്തിയാൽ മതിയെന്ന ഭേദഗതി നിർദേശം പരക്കെ നല്ലതാണ്‌. 

സ്റ്റാർട്ട്‌ അപ്പുകൾക്ക്‌ ആശ്വാസം
നിലവിലുള്ള വകുപ്പ്‌ 80 ഐ.എ.സി. പ്രകാരം അർഹതപ്പെട്ട സ്റ്റാർട്ട്‌ അപ്പുകൾക്ക്‌, തുടക്കം മുതൽ അഞ്ച്‌ വർഷം വരെയുള്ള കാലയളവിൽ തുടർച്ചയായുള്ള ഏതെങ്കിലും മൂന്ന്‌ വർഷങ്ങളിൽ ആർജിക്കുന്ന വരുമാനത്തിന്‌ 100 ശതമാനം നികുതിയിളവ്‌ ലഭ്യമാണ്‌. മേല്പറഞ്ഞ അഞ്ച്‌ വർഷം എന്ന കാലാവധി ഏഴ്‌ വർഷം ആക്കാനുള്ള ഭേദഗതി നിർദേശം സ്റ്റാർട്ട്‌ അപ്പ്‌ സംരംഭങ്ങൾക്ക്‌ സഹായകരമാണ്‌.

(കേരളത്തിലെ മുൻനിര ചാർട്ടേഡ്‌ അക്കൗണ്ടന്റാണ്‌ ലേഖകൻ)
ഇ-മെയിൽ: kcjosephvarghese@gmail.com