ന്യൂഡൽഹി: മൂന്നുലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിടപാടിന് കനത്ത പിഴ ചുമത്തും. പണം കൈപ്പറ്റിയയാൾ നോട്ടായി എത്ര തുകയാണോ  സ്വീകരിച്ചത് അത്രയും തുകതന്നെ പിഴയായി നൽകേണ്ടിവരുമെന്ന് കേന്ദ്ര റവന്യൂ സെക്രട്ടറി ഹസ്‌മുഖ് അധിയ വ്യക്തമാക്കി.
 
“പണം സ്വീകരിക്കുന്നയാളിൽനിന്നാകും പിഴയീടാക്കുക. നാലുലക്ഷം സ്വീകരിച്ചാൽ നാലുലക്ഷം പിഴ, 50 ലക്ഷമെങ്കിൽ പിഴയും 50 ലക്ഷം” -അദ്ദേഹം വിശദീകരിച്ചു. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽവരും.
   
മൂന്നുലക്ഷത്തിനുമുകളിലുള്ള ഇടപാടുകൾ ബാങ്കുകൾമുഖേനമാത്രമേ നടത്താൻപാടുള്ളൂവെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കള്ളപ്പണം തടയുന്നതിനായുള്ള പദ്ധതികളുടെ ഭാഗമായാണിത്. രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് പാൻകാർഡ് നിർബന്ധമാണെന്ന നിബന്ധന തുടരുമെന്നും അധിയ പറഞ്ഞു.
 
വലിയ പണമിടപാടുകൾ സർക്കാർ നിരീക്ഷിക്കുകയും ദുരൂഹമായ പണമിടപാടുകൾ‍ നിയന്ത്രിക്കുകയും ചെയ്യുമെന്നും റവന്യൂസെക്രട്ടറി വ്യക്തമാക്കി. 

കണക്കിൽപ്പെടാത്ത പണം സൂക്ഷിക്കുന്ന ആൾക്കാർ അത് അവധിക്കാല ആഘോഷങ്ങൾക്കായും ആഡംബരവസ്തുക്കൾ വാങ്ങാനുമാണ് കൂടുതലായും ഉപയോഗിക്കുക. എന്നാൽ, പണമിടപാടുകൾക്ക് പിഴ ചുമത്തുന്നതിലൂടെ ഇത്തരം ഇടപാടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കഴിയും. 
       ആദായനികുതി നിയമത്തിൽ ഇതിനായി ഭേദഗതിവരുത്തും. 

ഇതുപ്രകാരം ഒരു വ്യക്തിയിൽനിന്ന് ഒറ്റ ഇടപാടിലൂടെയോ ഒരു സംഭവവുമായി ബന്ധപ്പെട്ട് ഗഡുക്കളായോ മൂന്നുലക്ഷം രൂപയിൽ കൂടുതലുള്ള തുക പണമായി കൈമാറ്റം ചെയ്യുന്നത് വിലക്കുന്ന വകുപ്പ് നിയമത്തിൽ കൂട്ടിച്ചേർക്കും. ഈ നിർദേശം സർക്കാർ, ബാങ്കിങ്സ്ഥാപനങ്ങൾ, പോസ്റ്റോഫീസുകൾ എന്നിവയ്ക്ക് ബാധകമല്ലെന്നും അധിയ കൂട്ടിച്ചേർത്തു.
 
ബജറ്റ് പ്രഖ്യാപനത്തിനുമുമ്പ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള മുഖ്യമന്ത്രിമാരുടെ പാനൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ, പരിധിയിൽ കവിഞ്ഞ പണമിടപാടുകൾ നിരോധിക്കണമെന്ന നിർദേശം മുന്നോട്ടുവച്ചിരുന്നു.
 
രാജ്യത്തുള്ള കള്ളപ്പണം എത്രയെന്ന് നിർണയിക്കാൻ നോട്ട് അസാധുവാക്കലിലൂടെ സർക്കാരിന് കഴിഞ്ഞു. ഭാവിയിൽ കള്ളപ്പണം സമ്പദ്‌വ്യവസ്ഥയിലേക്ക് എത്തുന്നത് തടയാനുള്ള ശ്രമങ്ങളാണ് സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.