മാക്രോ ഇക്കണോമിക് തലത്തില്‍ മാത്രം ഒട്ടേറെ പ്രതീക്ഷ നല്‍കുന്ന ബജറ്റിന്റെ നേട്ടങ്ങള്‍ക്കായി സാധാരണക്കാരന്‍ ഏറെ കാത്തിരിക്കേണ്ടി വരുമെന്ന് പ്രോഗ്‌നോ അഡ്വസര്‍ സ്ഥാപകന്‍ ജി.സഞ്ജീവ് കുമാര്‍. 

ബജറ്റിലെ സുപ്രധാന കാര്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോം ഫെയ്‌സ് ബുക്ക് ലൈവിലൂടെ വായനക്കാരുമായി പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

2017 ബജറ്റ്; സാധാരണക്കാരന് എത്രമാത്രം പ്രതീക്ഷ നല്‍കുന്നുണ്ടെന്ന കാര്യം അദ്ദേഹം വിശകലനം ചെയ്തത് ഇങ്ങനെ;

കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് പിന്‍വലിച്ചു കൊണ്ടുളള നടപടിയ്ക്ക് ശേഷമുളള ആദ്യ ബജറ്റില്‍ സാധാരണക്കാരന് പ്രതീക്ഷിക്കാന്‍ ഏറെയൊന്നുമുണ്ടായില്ല എന്നത് അല്‍പ്പം നിരാശ ജനിപ്പിക്കുന്ന ഒന്നാണ്.

കളളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം ബാങ്കില്‍ നിക്ഷേപം കൂടാന്‍ കാരണമായതോടെ സര്‍ക്കാറിന് ഏറെ നേട്ടമുണ്ടായതിനാല്‍ ഒട്ടേറെ ഇളവുകളാണ് സാധാരണക്കാരന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മാക്രോ ഇകണോമിക് തലത്തില്‍ ഏറെ നല്ല മാറ്റങ്ങള്‍ കൊണ്ടു വന്ന ഈ ബജറ്റ് ഇടത്തരക്കാരുടെ ജീവിതത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കില്ല.

ആദായനികുതിയുടെ ഇളവ് രണ്ടര ലക്ഷമായി തന്നെ നിലനിര്‍ത്തിയതും, രണ്ടരലക്ഷം മുതല്‍ 5 ലക്ഷം വരെ അഞ്ച് ശതമാനം മാത്രം നികുതി ഏര്‍പ്പെടുത്തിയ പ്രഖ്യാപനവും സാധാരണക്കാരന് പ്രതീക്ഷ നല്‍കുന്നു.

കൂടാതെ സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ഗതാഗത മാര്‍ഗമാണ് റെയില്‍വെ. അതുകൊണ്ടു തന്നെ ഐ.ആര്‍.ടി.സി ബുക്കിങ് സര്‍വ്വീസ് ചാര്‍ജ് നിര്‍ത്തലാക്കിയത് തീര്‍ത്തും സ്വാഗതാര്‍ഹമാണ്. 

വസ്തുവകകള്‍ വില്‍ക്കുമ്പോള്‍ കണക്കാക്കുന്നന മൂലധനനേട്ട പരിധി മൂന്ന് വര്‍ഷത്തില്‍ നിന്ന് രണ്ട് വര്‍ഷമായി ചുരുക്കിയതും ഇത് വഴി നികുതിയില്‍ ലഭ്യമാകുന്ന കുറവും പ്രയോജനപ്പെടും.

തൊഴിലുറപ്പ് പദ്ധതിയ്ക്കായി കൂടുതല്‍ പണം നീക്കി വെച്ചുകൊണ്ടുളള പ്രഖ്യാപനം സ്വയം തൊഴില്‍ കണ്ടെത്തുന്ന യുവാക്കള്‍ക്ക് സഹായമായേക്കും.

ഇത്തരം ചില കാര്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബജറ്റിലെ മാക്രോ തലത്തിലുളള തീരുമാനങ്ങളുടെ നേട്ടം ലഭിക്കാന്‍ സാധാരണക്കാരന് ഏറെ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം വിശകലനം ചെയ്തു.