തിരുവനന്തപുരം:ധനക്കമ്മി മൂന്ന് ശതമാനത്തില്‍ താഴെ നിലനിര്‍ത്തിക്കൊണ്ടുള്ള 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ തനത് വരുമാനം ഉയര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റിലുണ്ട്. ഇതിന്റെ ഫലമായി റവന്യു കമ്മി 2019-20ലെ പുതുക്കിയ കണക്കായ 2.01 ശതമാനത്തില്‍ നിന്ന് 1.55 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.

2020-21ലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരുമാനം 1,14,635 കോടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റവന്യു ചിലവ്- 1,29,837 കോടിയും റവന്യു കമ്മി- 15,201 കോടിയുമാകുമെന്ന് എസ്റ്റിമേറ്റില്‍ പറയുന്നു. എന്നാല്‍ 2019-20ലെ പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം റവന്യു വരവ് 99,042 കോടി. റവന്യു ചിലവ് 1,16,516 കോടി. റവന്യു കമ്മി- 17,474 കോടി എന്നിങ്ങനെ ആയിരുന്നു.

2020-21ലെ ചിലവ് നടപ്പ് വര്‍ഷത്തേക്കാള്‍ 15 ശതമാനം കൂടുതലാണ്. സംസ്ഥാനത്തിന്റെ പൊതുകടം 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 24,491.91 കോടിയാകും. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 19,987 കോടിയായിരുന്നു. വികസന ചിലവുകള്‍ വെട്ടിക്കുറയ്ക്കാതെ സംസ്ഥാനത്തെ നവീകരണത്തിന്റെ പാതയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തിനായി 1,103 കോടിയുടെ അധിക വിഭവ സമാഹരണവും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Content Highlights: Kerala budget estimate 2020-21