തിരുവനന്തപുരം:  ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. ഇതില്‍ 125 കോടിരൂപ കേരള, കോഴിക്കോട്, കണ്ണൂര്‍, മഹാത്മ, മലയാളം, സംസ്‌കൃത, നിയമ സര്‍വകലാശാലകള്‍ക്കു വേണ്ടിയുള്ളതാണ്. ഉന്നത വിദ്യാഭ്യസ കൗണ്‍സിലിന് 16 കോടി. കെ.സി.എച്ച്.ആറിന് ഒമ്പത് കോടി. അസാപ്പിന് അമ്പതുകോടി.

കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സിന് അഞ്ച് കോടി. ഇതില്‍ രണ്ടുകോടി മ്യൂസിയങ്ങള്‍ക്കുള്ള വിഷ്വല്‍ ഡോക്യുമെന്റേഷനു വേണ്ടിയുള്ളതാണ്. 

കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ നവീകരിക്കും. മാര്‍ച്ച് മാസത്തോടെ കോളജുകളില്‍ 1000ത്തോളം അധ്യാപക തസ്തികകള്‍ തുടങ്ങും. 
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 പുതിയകോഴ്സുകള്‍ അനുവദിക്കും. 

ന്യൂജനറേഷന്‍ ഇന്റര്‍ഡിസിപ്ലിനറി കോഴ്‌സുകളാകും തുടങ്ങുക. കോഴ്‌സുകള്‍ ലഭിക്കണമെങ്കില്‍ കോളേജിന് നാക് അക്രഡിറ്റേഷന്‍ എ പ്ലസ് ഗ്രേഡ് ഉണ്ടാകണം. ഇതില്‍ സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവ്. പുതുതായി ആരംഭിച്ച പട്ടിക വിഭാഗം ട്രസ്റ്റുകളുടെ കോളേജുകള്‍ക്ക് മാത്രമേ ഇളവുണ്ടാകൂ. അഞ്ച് വര്‍ഷം കഴിഞ്ഞ് മാത്രമേ സ്ഥിരം തസ്തിക സൃഷ്ടിക്കൂ. അതുവരെ താത്കാലിക കരാര്‍ വ്യവസ്ഥയില്‍ കോഴ്‌സുകള്‍ നടത്തണം. 

content highlights:kerala budget 2020 fund allocation for higher education