തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനം സര്‍ക്കാരിന്റെ നയമാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി പൂര്‍ണമായും ഒഴിവാക്കും. 

പുതുതായി വാങ്ങുന്ന പെട്രോള്‍ ഡീസല്‍ ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതിക്ക് ഏര്‍പ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തുകളഞ്ഞു. പകരം ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചുവര്‍ഷത്തെ നികുതി 2500 രൂപയായി നിജപ്പെടുത്തും.

2 ലക്ഷംവരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരു ശതമാനവും 15 ലക്ഷംവരെ വില വരുന്ന കാറുകള്‍ക്കും മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കും രണ്ട് ശതമാനവും നികുതി കൂട്ടി. 25,000 രൂപയായി പുക പരിശോധന കേന്ദ്രങ്ങളുടെ ലൈസന്‍സ് ഫീ കൂട്ടി.

പുതുതായി വാങ്ങുന്ന ഇലക്ട്രിക് കാറുകള്‍, ഇലക്ട്രിക മോട്ടോര്‍ ബൈക്കുകള്‍, ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സര്‍വീസ് വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയുടെ ഒറ്റത്തവണ നികുതി അഞ്ചുശതമാനമാക്കി നിജപ്പെടുത്തും. 

ഡീലര്‍മാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ക്ക് പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ അടക്കുന്നതിന്റെ പതിനഞ്ചില്‍ ഒന്ന് നികുതി ഏര്‍പ്പെടുത്തും. ഇത്തരം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പതിനഞ്ചുവര്‍ഷത്തെ ഒറ്റത്തവണ നികുതി ബാധകമാവുന്നതാണ്. 

മള്‍ട്ടി ആക്‌സില്‍ വാഹനങ്ങളുടെ ത്രൈമാസ നികുതി അയല്‍സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഉള്ള നികുതിയേക്കാള്‍ വളരെ കൂടുതലാണ്. ആയതിനാല്‍ ടിപ്പര്‍ വിഭാഗത്തില്‍ പെടാത്തതും ഭാരക്കൂടുതലുള്ള വാഹനങ്ങളുടെ നികുതി ഇരുപത് ശതമാനം കുറവ് ചെയ്യുന്നു. 

പത്തുലക്ഷത്തിന് മുകളില്‍ വിലയുള്ള വാഹനം വില്‍ക്കുമ്പോള്‍ വാഹനം വില്‍ക്കുന്നവര്‍ ഒരു ശതമാനം നികുതി പിടിച്ച് ആദായ നികുതി വകുപ്പിന്‌ അടക്കേണ്ടതുണ്ട്. ഇതുപിന്നീട് വാഹന ഉടമ അടയ്ക്കുന്ന നികുതിയില്‍ ക്രമീകരിക്കാവുന്നതാണ്. ഈ തുക വാങ്ങല്‍ വില കണക്കാക്കുമ്പോള്‍ ഉള്‍പ്പെടില്ല. 

രണ്ടുലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകള്‍ക്ക് ഒരുശതമാനവും പതിനഞ്ചുലക്ഷം വിലവരുന്ന മോട്ടോര്‍ കാറുകള്‍ക്ക് നികുതിയില്‍ രണ്ടുശതമാനം വര്‍ധനവ് വരുത്തുന്നുണ്ട്. ഇതുവഴി ഇരുന്നൂറ് കോടി രൂപയാണ് അധിക വരുമാനം പ്രതീക്ഷിക്കുന്നത്.

Content Highlights: Kerala Budget 2020