തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യത്ത് പടര്‍ത്തുന്ന ആശങ്ക വലുതാണെന്ന് സൂചിപ്പിച്ചുകൊണ്ട് ഇന്ത്യയെക്കുറിച്ചുള്ള കവിതകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം ആരംഭിച്ചത്. പിന്നീട് ഒരോ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പും വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള യുവതലമുറയുടെ സാഹിത്യരചനകളിലെ വരികള്‍ തോമസ് ഐസക് കടംകൊണ്ടു. ആനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ശാരദക്കുട്ടി എന്നിവരുടെ വരികളും ബജറ്റ് പ്രസംഗത്തില്‍ കടന്നുവന്നു.

ജനാധിപത്യവും സ്വേച്ഛാധിപത്യവും മുഖാമുഖം നില്‍ക്കുകയാണെന്നു പറഞ്ഞ് പ്രസംഗം ആരംഭിച്ച ധനമന്ത്രി, വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഭാഷ സംസാരിക്കുന്ന കേന്ദ്ര ഭരണാധികാരികളും അക്രമവും ഹിംസയുമാണ് കര്‍മമെന്ന് വിശ്വസിക്കുന്ന അണികളും വര്‍ഗീയവല്‍കരണത്തിന് പൂര്‍ണമായി കീഴ്‌പ്പെട്ട ഭരണ സംവിധാനവുമാണ് ഇന്നത്തെ ഇന്ത്യ എന്ന് കൂട്ടിച്ചേര്‍ത്തു. 'ഒരു രാജ്യത്തിന്റെ മുന്നിലെ പഥങ്ങള്‍' എന്ന ആനന്ദിന്റെ ലേഖനത്തിലെ വാചകങ്ങളാണ് തുടര്‍ന്ന് മന്ത്രി ഉദ്ധരിച്ചത്. 'അഭ്യസ്തവിദ്യരും ഭൗതികരംഗത്ത് മുന്നില്‍ നില്‍ക്കുന്നവരുമായ ഒരു സമൂഹം എങ്ങനെയാണ് പെട്ടെന്നൊരു ജനതയുടെ ആകെയുള്ള വെറുപ്പിന് ആവേശിക്കപ്പെടുകയും അവിശ്വസിനീയമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത്?'

തൊട്ടുപിറകെ അന്‍വർ അലിയുടെ 'മനസ്സാലെ നമ്മള്‍ നിനയ്ക്കാത്തതെല്ലാം കൊടുങ്കാറ്റുപോലെ വരുന്ന കാലത്താണ് നാമിന്ന് ജീവിക്കുന്നത്' എന്ന വരികകളും ധനമന്ത്രി ചൊല്ലി. 'പകയാണ് പതാക. ധീരതയാണ് നയതന്ത്രം ആക്രമണമാണ് അഭിവാദനം. ഓരോ പൗരനും ഓരോ പൊട്ടിത്തെറി', ഒ.പി.സുരേഷിന്റെ വരികള്‍ നിലവിലെ സാഹചര്യത്തെ അക്ഷരാര്‍ഥത്തില്‍ ആറ്റിക്കുറുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 

വയനാട് മീനങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദ്രുപത് ഗൗതം എന്ന 15 കാരന്റെ വരികളും ധനമന്ത്രി ഉദ്ധരിച്ചു. 'ഭയം ഒരു രാജ്യമാണ്, അവിടെ നിശബ്ദദത ഒരു ആഭരണമാണ്.. എന്ന വരികള്‍ കുറിച്ചത് ദ്രുപത് ഗൗതം എന്ന 15 കാരനായ വിദ്യാര്‍ഥിയാണ് എന്ന് ഓര്‍ക്കുക. നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവനയെപ്പോലും ഭയം ഗ്രസിച്ചുകഴിഞ്ഞു. ഇന്നലെവരെ ഇന്ത്യക്കാരായി ജീവിച്ച 19 ലക്ഷം അസംകാരുടെ തലയ്ക്കു മുകളില്‍ തടങ്കല്‍ പാളയത്തിന്റെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്', അദ്ദേഹം പറഞ്ഞു. 

'തെറ്റിവരച്ച വീട് ഒരു കുട്ടി റബര്‍ കൊണ്ട് മായ്ച്ചുകളഞ്ഞതുപോലെ'യെന്ന് വീട് നഷ്ടമായതിനെ കുറിച്ച് പി.എന്‍.ഗോപീകൃഷ്ണന്‍ എഴുതിയിട്ടുണ്ട്. അതേ ലാഘവത്വത്തോടെയാണ് പ്രജകളുടെ പൗരത്വം ഭരണാധികാരികള്‍ മായ്ച്ചുകളയാന്‍ ഒരുങ്ങുന്നത്. ഈ ഭീഷണിയെ വകവെച്ചുകൊടുക്കാനാവില്ല. ഇന്ത്യയെ വിട്ടുകൊടുക്കാനാവില്ലെന്ന് പറഞ്ഞ് തെരുവിലിറങ്ങിയ ചെറുപ്പക്കാരുടെ വാക്കുകളിലാണ് രാജ്യത്തിന്റെ ഭാവി. പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യമൊട്ടുക്ക് പ്രക്ഷോഭം ഉയരുകയാണ്. സ്ത്രീകളും യുവാക്കളുമാണ് സമരത്തിന്റെ മുന്നണിയില്‍. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രക്ഷോഭകാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. 

പ്രഭാവര്‍മ ചൂണ്ടിക്കാണിച്ചതു പോലെ 'അട്ടഹാസത്തിന്റെ മുഴക്കവും ചിലമ്പുന്ന പൊട്ടിക്കരച്ചിലിന്റെ കലക്കവും നിതാന്തമായ വൈരക്കരുത്തേളിളക്കവും സൃഷ്ടിക്കുന്ന ഭീതി'ക്ക് ഒരിഞ്ചു കീഴടങ്ങില്ല എന്ന മുഷ്ടിചുരുട്ടലില്‍ ഇരമ്പുകയാണ് ക്യാമ്പസുകള്‍. മഞ്ഞിന്റെ മീതെ പന്തമായി പെണ്‍കുട്ടികള്‍. സംഘ്‌വാദ് സെ ആസാദി മുഴക്കുന്നു ഇന്ന് ദിനംപ്രതി ആ ഇരമ്പലിന്റെ നേര്‍ക്കാഴ്ചയാണ്. 

വിശപ്പ് രഹിത കേരളം എന്ന പദ്ധതിയെക്കുറിച്ച് പറയുന്നിടത്ത് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ വരികളും അദ്ദേഹം ചൊല്ലി. 

'വിശക്കുന്നവന് ഭക്ഷണവും
ദാഹിക്കുന്നവന് വെള്ളവും
തണുക്കുന്നവന് പുതപ്പും
തളരുന്നവന് കിടപ്പും.'- എന്നാണ് സ്വാതന്ത്ര്യത്തിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് നല്‍കിയ നിര്‍വചനം. ഈ കാഴ്ചപ്പാട് തന്നെയാണ് സര്‍ക്കാരിന്. വിശപ്പ് രഹിത സംസ്ഥാനമായി മാറുന്നതിനുള്ള സ്‌കീമിന് ഭക്ഷ്യവകുപ്പ് അവസാന രൂപം നല്‍കിയിട്ടുണ്ട്. 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണശാലകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിക്കും, മന്ത്രി പറഞ്ഞു.

വനിതകള്‍ക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങള്‍ക്കിടയില്‍ ഗിരിജാ പാതേക്കരയുടെ വരികളും അദ്ദേഹം ഉദ്ധരിച്ചു. 'ഉയിരിനെ പൂട്ടിയ ചങ്ങലകള്‍ എങ്ങനെയാണ് അറുത്തുമാറ്റേണ്ടത്' എന്ന് ഗിരിജാ പത്തേക്കര സന്ദേഹിക്കുന്നുണ്ട്. ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സര്‍ക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ഈ വരികള്‍ ഉദ്ധരിച്ച് ധനമന്ത്രി പറഞ്ഞു.

Content Highlights: Kerala Budget 2020