തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും സമാധാനമുണ്ടാക്കേണ്ട കര്‍ത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ് ബഡ്ജറ്റിന്റെ സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. നിര്‍ഭയ ഹോമുകളുടെ സഹായം പത്തുകോടി രൂപയായി ഉയര്‍ത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കെട്ടിട സൗകര്യവും കുട്ടികളുമില്ലാത്ത അംഗനവാടികളും യോജിപ്പിച്ച് പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളുണ്ടാക്കും. വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകളില്‍ യാത്രക്കാരികള്‍ക്ക് സുരക്ഷിത മുറികള്‍ ഒരുക്കും. 

തിരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളില്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി സൗകര്യം ഒരുക്കും. സ്മാര്‍ട്ട് അംഗനവാടി പദ്ധതി തുടരും. സ്ത്രീകള്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രചരണത്തിനായി ജെന്‍ഡര്‍ പാര്‍ക്കുകളില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ ആരംഭിക്കും. ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സര്‍ക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ധനമന്ത്രി പറഞ്ഞു

സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായി 1509 കോടി രൂപയാണ് ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

Content Highlights: kerala budget 2020