തിരുവനന്തപുരം: സ്ത്രീയുടെ ദൃശ്യത ഉയര്‍ത്തുന്നതില്‍ കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചതെന്ന് ധനമന്ത്രി തോമസ് ഐസക്ക്‌. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പദ്ധതികളുടെ ആവിഷ്‌കാരമാണ് കേരളസര്‍ക്കാരിന്റെ ബഡ്ജറ്റിന്റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു.

2016-17-ല്‍ സ്ത്രീകള്‍ക്കുള്ള സ്‌കീമുകളുടെ അടങ്കല്‍ 760 കോടി രൂപയും പദ്ധതി അടങ്കലിന്റെ നാലുശതമാനവുമായിരുന്നു. 2021-ലെ ബഡ്ജറ്റില്‍ ഈ തുക 1509 കോടി രൂപയായും പദ്ധതി വിഹിതം 7.3 ശതമാനമായും ഉയര്‍ത്തുന്നുണ്ട്. മററു സ്‌കീമുകളില്‍ സ്ത്രീകള്‍ക്കായുള്ള പ്രത്യേക ഘടകം കൂടി കണക്കിലെടുക്കുകയാണെങ്കില്‍ മൊത്തം വനിതാ വിഹിതം 18.4 ശതമാനമാണ്. 2017-18 ല്‍ ഇത് പതിനൊന്നര ശതമാനമായിരുന്നു.  

കുടുംബശ്രീ വഴി കുട, നാളികേര ഉല്‍പന്നങ്ങള്‍, കറിപ്പൊടികള്‍ തുടങ്ങിവ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ പൊതുവായി ഉല്പാദിപ്പിച്ച് സിവില്‍ സപ്ലൈസ് ഔട്ടെലറ്റിലൂടെ ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കി. കേരള ചിക്കന്‍ മാര്‍ക്കറ്റിലിറങ്ങി. ഇതിനകം ആയിരം കോഴി വളര്‍ത്തല്‍ യൂണിറ്റുകള്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആരംഭിച്ചുകഴിഞ്ഞു. 

ന്യൂട്രിമിക്‌സ് ബ്രാന്‍ഡില്‍ പോഷക ഭക്ഷണങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിച്ചു. 275 വനിതാ കെട്ടിട നിര്‍മാണ യൂണിറ്റുകള്‍ 206 മള്‍ട്ടി ട്‌സാക് യൂണിറ്റുകള്‍ 76 ഇവന്റ് മാനേജ്‌മെന്റ് ടീമുകള്‍ എന്നിവയും തുടങ്ങിയിട്ടുണ്ട്. നൂറില്‍ പരം ടേക്ക് എ ബ്രേക്ക് കേന്ദ്രങ്ങള്‍ക്ക് കരാറായി. 

ജരാനരകള്‍ ബാധിച്ച് പുറംകവറുകള്‍ പൊളിഞ്ഞ വായിക്കപ്പെടാത്ത ആത്മകഥ എന്നാണ് വിജില ചിറപ്പാട് സ്ത്രീ ജീവിതത്തെ വിലയിരുത്തുന്നതെന്ന് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിച്ച ധനമന്ത്രി ഈ അവസ്ഥ തിരുത്തുക എന്നുള്ളത് ആധുനിക സമൂഹത്തിന്റെ കടമയാണെന്നും പറഞ്ഞു.

അതിനായി മുകളില്‍ വിവരിച്ച പ്രവര്‍ത്തനങ്ങള്‍ കുറച്ചുകൂടി ശക്തിപ്പെടുത്തുന്നതിനൊപ്പം 2020-21ല്‍ മറ്റുചില ലക്ഷ്യങ്ങള്‍ കൂടി മുന്നോട്ട് വെക്കുന്നണ്ട്. 

 • എല്ലാ നഗരങ്ങളിലും ഷീലോഡ്ജ്. 
 • 200 കേരള ചിക്കന്‍ ഔട്ടലെറ്റുകള്‍
 • ഹരിത കര്‍മ സേനകളുമായി യോജിച്ച് ആയിരം ഹരിത സംരംഭങ്ങള്‍. 
 • പ്രതിദിനം 30,000 രൂപ ടേണ്‍ഓവറുള്ള 50 ഹോട്ടലുകള്‍
 • ആയിരം വിശപ്പുരഹിത ഹോട്ടലുകള്‍
 • 500 ടോയ്‌ലറ്റ് കോംപ്ലക്‌സുകളുടെ നടത്തിപ്പ് 
 • അയ്യായിരം തൊഴില്‍ സംരഭങ്ങള്‍
 • 20,000 ഏക്കറില്‍ ജൈവകൃഷി
 • 500 ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍.
 • കോഴിക്കോട് മാതൃകയില്‍ എല്ലാ ജില്ലകളിലും ഹോം ഷോപ്പുകള്‍
 • കുടുംബശ്രീ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. 
 • 4 ശതമാനം പലിശക്ക് മൂവായിരം കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കും

ഇതിനുപുറമേ റീബില്‍ഡ് കേരളയില്‍ നിന്ന ഉപജീവന സംരഭങ്ങല്‍ക്കായി 200 കോടി രൂപ ലഭ്യമാക്കും. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ധനസഹായമടക്കം 250 കോടിരൂപയാണ് കുടുംബശ്രീക്ക് വേണ്ടി ആകെ മാറ്റിവെച്ചിരിക്കുന്നത്. ഇതിന് പുറമേ നഗരങ്ങളില്‍ 950 കോടി രൂപയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതികളും കുടുംബശ്രീ വഴി നടപ്പാക്കും. കേന്ദ്രാവിഷ്‌കൃത പദ്ധതികളടക്കം 1053 കോടി രൂപയാണ് സ്ത്രീകളുടയും കുട്ടികളുടെയും ക്ഷേമത്തിനായി മാറ്റിവെച്ചിരിക്കുന്നത്. 

അമ്മാരുടെ ജീവിതം വരച്ച തൃശ്ശൂരിലെ അനുജാതിന്റെ ചിത്രത്തെ കുറിച്ച് വിവരിച്ചുകൊണ്ടാണ് സ്ത്രീകള്‍ക്ക് വേണ്ടിയുളള പ്രഖ്യാപനങ്ങളിലേക്ക് ധനമന്ത്രി കടന്നത് അയലത്തെ അമ്മമാരുടെ കാണാ പണികളാണ് അനുജാത് തന്റെ വരകളിലൂടെ കാണിച്ചുതന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

Content Highlights: Kerala Budget 2020