തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ബജറ്റവതരണത്തിനിടയിലാണ് കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചതിനെ കുറിച്ച് തോമസ് ഐസക്ക് വാചാലനായത്. 

മാന്ദ്യം അതിജീവിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം നമുക്ക് ഉണ്ടെന്ന് പറഞ്ഞ ധനമന്ത്രി ഗള്‍ഫ് പ്രതിസന്ധിയും നാണ്യവിള തകര്‍ച്ചയും മൂലം മാന്ദ്യം കേരളത്തില്‍ സൃഷ്ടിക്കാവുന്ന വെല്ലുവിളികളും ഗൗരവമായ സ്ഥിതിയും മുന്‍കൂട്ടി കണ്ടുകൊണ്ടാണ് 2016-17  ബഡ്ജറ്റില്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചതെന്ന് പറഞ്ഞു. മാന്ദ്യകാലത്ത് നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത് എന്നും ധനമന്ത്രി കുറ്റപ്പെടുത്തി.

കേന്ദ്ര സര്‍ക്കാരിന്റെ ഈ അറുപിന്തിരിപ്പന്‍ നയത്തിന്റെ പശ്ചാത്തലത്തിലാണ് ബഡ്ജറ്റിന് പുറത്ത് കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തില്‍ മുതല്‍ മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുള്ള നിയമം ഏക കണ്ഠമായാണ് പാസാക്കിയത്. എന്നാല്‍ വലിപ്പം കൊണ്ടും സങ്കീര്‍ണതകൊണ്ടും ഇത്രയേറെ വലിപ്പമുള്ള ഒരു പദ്ധതി ദിവാസ്വപ്‌നമായി മാറുമെന്നാണ് പലരും വിമര്‍ശിച്ചു. എന്നാല്‍ ഇന്ന് കൂടുതല്‍ കൂടുതല്‍ കിഫ്ബി പ്രൊജക്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രൊജക്ടുകളിലായി 35268 കോടി പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം ന്ല്‍കി. 

പുതുതായി വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇങ്ങനെ കിഹ്ബി അംഗീകാരം നല്‍കിയ പദ്ധതികളുടെ അടങ്കല്‍ 54678 കോടി രൂപയാണ് ഇവയില്‍ 13617 കോടി പദ്ധതികള്‍ ടെന്‍ഡര്‍ വിളിച്ച് കഴിഞ്ഞു. 4500 കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു. 

പണമുണ്ടാവില്ല എന്നായി അപ്പോള്‍ വിമര്‍ശനം. ഇത്തരം സന്ദേഹവാഹികളെ മസാല ബോണ്ട് നിശബ്ദരാക്കി. ഈ കടം പിന്നെ എങ്ങനെ തിരിച്ചടക്കും എന്നുള്ളതായിരുന്നു പിന്നീടുള്ള വേവലാതി. നിയമസഭ പാസ്സാക്കിയ വ്യവസ്ഥയില്‍ പറയുന്നത് പോലെ മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും പെട്രോള്‍ സെസ്സും 15 വര്‍ഷം നല്‍കിയാല്‍ വായ്പയും പലിശയും തിരിച്ചടക്കാന്‍ ആകുമെന്ന് ഈ നിയമസഭയില്‍ വിശദമായ കണക്കുവെച്ച് വിശദമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 

2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടി രൂപ ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുനല്‍കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

LIVE UPDATE