തിരുവനന്തപുരം: കോവിഡ് പകര്‍ച്ച വ്യാധി ആഗോളതലത്തില്‍ തൊഴില്‍ ഘടനയില്‍ ഇടര്‍ച്ച സംഭവിച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇത് തുറക്കുന്ന സാധ്യതയെ പ്രയോജനപ്പെടുത്താനാവും. കോവിഡ് തൊഴില്‍ ഘടനയെ അടിമുടി പൊളിച്ചെഴുതി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. കേന്ദ്രീകൃതമായ ഐ.ടി. പാര്‍ക്കുകള്‍ക്കൊപ്പം കുണ്ടറ, ചേര്‍ത്തല, കൊരട്ടി, കോഴിക്കോട് തുടങ്ങിയ ഇടങ്ങളില്‍ ചെറുകിട പാര്‍ക്കുകള്‍ ആരംഭിക്കുകയുണ്ടായി.
കോവിഡ് കാലത്ത് വര്‍ക്ക് നിയര്‍ സ്‌കീം പ്രകാരം റിസോര്‍ട്ടുകളും മറ്റും ഹോം സ്‌റ്റേഷനുകളാക്കുന്നതില്‍ വിജയിച്ചു. ബ്ലോക്ക്, മുനിസിപ്പല്‍ തലത്തില്‍ അയ്യായിരം സ്‌ക്വയര്‍ ഫീറ്റ് എങ്കിലും കെട്ടിടം ഏര്‍പ്പാടാക്കിയാല്‍ അവ വര്‍ക്ക് സ്റ്റേഷനുകളാക്കി രൂപാന്തരപ്പെടുത്താനുള്ള സ്‌കീം പ്രഖ്യാപിക്കുകയാണെന്നും ഇതിന് ഇരുപതു കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വര്‍ക്ക് നിയര്‍ ഹോമിനു പുറമേ വര്‍ക്ക് ഫ്രം ഹോമില്‍ ജോലി ചെയ്യുന്നവര്‍ക്കു വേണ്ടിയുള്ള തൊഴില്‍ സാധ്യത കൂടി ഉപയോഗിക്കാവുന്നതാണ്. കമ്പനികള്‍ക്ക് കേന്ദ്രീകൃതവും വികേന്ദ്രീകൃതവും ആയ തരത്തിലേക്കുള്ള ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും. സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ലഭ്യമാക്കും. ഈ പ്ലാറ്റ് ഫോമില്‍നിന്ന് കമ്പനികള്‍ ജോലിക്കെടുക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ഇപ്പറയുന്ന ആനുകൂല്യങ്ങള്‍ നല്‍കും.
- ജോലിക്കാവശ്യമായ കമ്പ്യട്ടറും മറ്റും വാങ്ങാന്‍ എക്രോസ് ദ കൗണ്ടര്‍ കെഎസ്എഫ്ഇ, കേരള ബാങ്ക് തുടങ്ങയിവ വായ്പ നല്‍കും
- വര്‍ക്ക് സ്റ്റേഷന്‍ സൗകര്യം ആവശ്യമെങ്കില്‍ സഹായ വാടകയ്ക്ക് നല്‍കും
- പിഎഫിലെ തൊഴിലുടമയുടെ വിഹിതം സര്‍ക്കാര്‍ അടയ്ക്കും.
- ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കും
കരിയര്‍ ബ്രേക്ക് ചെയ്ത് കേരളത്തില്‍ വീട്ടിലിരിക്കുന്ന സ്ത്രീ പ്രൊഫഷണലുകളുടെ എണ്ണം അഞ്ചുലക്ഷത്തോളമുണ്ട്. മേല്‍പ്പറഞ്ഞ തൊഴില്‍ കര്‍മപരിപാടിയുടെ ഭാഗമായി വീട്ടിലോ സമീപത്തോ ഇരുന്ന് ജോലി ചെയ്യാന്‍ തയ്യാറുള്ള മറ്റൊരു നാല്‍പ്പതുലക്ഷം സ്ത്രീ പ്രൊഫഷണലുകളുമുണ്ട്. 16ലക്ഷം യുവതീയുവാക്കള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത് തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. ഇത്തരത്തില്‍ അറുപതുലക്ഷം പേര്‍ തൊഴിലിനായി കാത്തിരിക്കുന്നുണ്ട്. 20ലക്ഷം പേര്‍ക്കെങ്കിലും അഞ്ചുവര്‍ഷം കൊണ്ട് ഡിജിറ്റല്‍ പ്ലാറ്റ് ഫോം വഴി ജോലി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
content highlights: lerala budget 2021 20 crore for work station facility