നേരം പുലരുകയും
സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും
കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും
വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും
നാം കൊറോണയ്‌ക്കെതിരെ
പോരാടി വിജയിക്കുകയും
ആനന്ദം നിറഞ്ഞ പുലരിയെ
തിരികെ എത്തിക്കുകയും ചെയ്യും...
പാലക്കാട് കുഴല്‍മന്ദം ജിഎച്ച്എസിലെ ഏഴാം ക്ലാസുകാരി കെ.സ്‌നേഹ എഴുതിയ കവിത ഉദ്ധരിച്ചുകൊണ്ടാണ് 2021-22 ലെ കേരള ബജറ്റ് അവതരിപ്പിച്ചുകൊണ്ടുള്ള പ്രസംഗം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചത്. കോവിഡ് അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കുന്നതിന്റെ കാര്യത്തിലായാലും സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന്റെ കാര്യത്തിലായാലും കേരളം പങ്കുവയ്ക്കുന്ന ആത്മവിശ്വാസത്തിന്റെ ഉന്മേഷം ഈ കൊച്ചുമിടുക്കിയുടെ വരികളിലുണ്ടെന്ന് കവിത ചൊല്ലിക്കൊണ്ട് ധനമന്ത്രി പറഞ്ഞു. ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളുടെ മാതാവാണെന്നും കോവിഡാനന്തര കേരളത്തിന്റെ വികസന മുന്‍ഗണനകളുടെയും മുന്‍കൈകളുടെയും രൂപരേഖയാണ് ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തവണത്തെ പോലെ കവിതകള്‍ നിറഞ്ഞതായിരുന്നു തോമസ് ഐസക്കിന്റെ ഇത്തവണത്തെ ബജറ്റ് പ്രസംഗവും. നമ്മുടെ കുട്ടികളടക്കം അതിജീവനത്തിന്റെ പുതുവഴികളെക്കുറിച്ചാണ് സ്വപ്നം കാണുന്നതെന്ന് പറഞ്ഞ ധനമന്ത്രി കോവിഡ് പോരാളികളെ അഭിനന്ദിക്കാനും കോവിഡാനന്തര കേരളത്തെ കുറിച്ചുളള പ്രത്യാശ പങ്കുവെക്കാനും കൂട്ടുപിടിച്ചത് തിരുവനന്തപുരം മടവൂര്‍ എന്‍എസ്എസ് എച്ച്എസ്എസിലെ ആര്‍.എസ്. കാര്‍ത്തികയുടെ കവിതയാണ്.
യുദ്ധം ജയിച്ചിടും
യുവസൂര്യനുദിച്ചിടും
മുന്നോട്ടു നടന്നിടും നാമിനിയും
വിജയഗാഥകള്‍ ചരിത്രമായി വാഴ്ത്തിടും...
കേരളത്തിന്റെ വിജയഗാഥ ലോകചരിത്രത്തിന്റെ ഭാഗമാകുമെന്ന പ്രത്യാശ പാഴാകില്ലെന്ന് ഈ ബജറ്റ് ഉറപ്പുനല്‍കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോല്‍ക്കാന്‍ മനസില്ലാത്ത ഒരു ജനതയുടെ ഇച്ഛാശക്തിയെ ലോകം വിസ്മയത്തോടെയാണ് വീക്ഷിച്ചത്. ആ പോരാട്ടം നമ്മുടെ കുട്ടികളുടെ ഹൃദയത്തില്‍ എങ്ങനെ പതിഞ്ഞുവെന്ന് വയനാട് കണിയാമ്പറ്റ ജിഎച്ച്എസ്എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി കെ.എച്ച്. അളകനന്ദയുടെ വരികള്‍ ഉദ്ധരിച്ചുകൊണ്ട് ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു പ്രോട്ടീന്‍ പാളിയ്ക്കുള്ളില്‍ നിന്ന് നീ
ലോകയുദ്ധം പ്രഖ്യാപിച്ചപ്പോള്‍
തോറ്റുപോകാതിരിക്കാന്‍ കൂടി
ഞങ്ങളെ പഠിപ്പിക്കുകയായിരുന്നു
ആയിരം യുദ്ധചരിത്രങ്ങള്‍ പോലും
പഠിപ്പിക്കാത്ത മഹത്തായ പുസ്തകം
സ്വയം ഞങ്ങളുള്ളില്‍ എഴുതിപ്പഠിച്ചിരിക്കുന്നു...
ഒപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ സര്‍ക്കാരിനെ വാഴ്ത്തി അയ്യന്‍ കോയിക്കല്‍ ഗവ. എച്ച്എസ്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കനിഹ എഴുതിയ കവിത ചൊല്ലിയ ധനമന്ത്രി പ്രതിസന്ധിയുടെയും വിവേചനത്തിന്റെയും മുന്നില്‍ പകച്ചു നില്‍ക്കാനല്ല, സ്വന്തം പാത കണ്ടെത്തി, ലോകത്തിനു മാതൃകയായ ഒരു പാഠം രചിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാക്കി.
''കൂടപ്പിറപ്പുകള്‍ക്കു കരുത്തു നല്‍കാന്‍
ഒപ്പമല്ല മുന്നില്‍ത്തന്നെയല്ലേ
നല്ല ലക്ഷ്യബോധമുള്ളൊരു
സര്‍ക്കാരുമുണ്ടുകൂടെ''..
കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നുണ്ടായ തൊഴില്‍ പ്രതിസന്ധിയെ 'കച്ചവടമില്ലാ കാലം, വേലയും കൂലിയുമില്ലാതെ മനുഷ്യന്‍ വീട്ടിലിരിപ്പൂ' എന്ന ഗവ. ടെക്‌നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നവാലു റഹ്മാന്റെ വരികളുദ്ധരിച്ചാണ് തോമസ് ഐസക് വിശദീകരിച്ചത്.
കിഫ്ബിക്കെതിരെ സംഘടിതമായ നീക്കങ്ങള്‍ അണിയറയില്‍ ചിലര്‍ നടത്തുന്നുണ്ടെന്ന് പറഞ്ഞ ധനമന്ത്രി കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ടെന്നും പറഞ്ഞു.
എത്ര താഴ്ചകള്‍ കണ്ടവര്‍ നമ്മള്‍
എത്ര ചുഴികളില്‍ പിടഞ്ഞവര്‍ നമ്മള്‍
എത്ര തീയിലമര്‍ന്നവര്‍ നമ്മള്‍
ഉയര്‍ത്തെണീക്കാനായി ജനിച്ചവര്‍ നമ്മള്‍
മരിക്കിലും തോല്‍ക്കില്ല നമ്മള്‍ - തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസുകാരനായ എസ്.എസ്. ജാക്‌സന്റെ വരികള്‍ ഉദ്ധരിച്ച ധനമന്ത്രി നാം തോല്‍ക്കാന്‍ നിശ്ചയിച്ചിട്ടില്ല, അതിജീവിക്കുകയും മുന്നോട്ടു പോവുകയും തന്നെ ചെയ്യുമെന്നും പ്രസ്താവിച്ചു.
വീട്ടമ്മമാരുടെ ജീവിതത്തെ കുറിച്ചുളളതായിരുന്നു ബജറ്റ് പ്രസംഗത്തിലിടം പിടിച്ച മറ്റൊരു ശ്രദ്ധേയ കവിത.
എത്ര അലക്കിയാലും വെളുക്കാത്ത പഴംതുണി പോലെ
നിറം വരാത്ത ക്ലാവുപിടിച്ച പഴയ ഓട്ടുപാത്രം പോലെ
അവളുടെ ജീവിതം
അലക്കിത്തേച്ചുവച്ച തുണികള്‍ക്കിടയില്‍
കഴുകിയടുക്കിവച്ച പാത്രങ്ങള്‍ക്കിടയില്‍
തുടച്ചുമിനുക്കിവച്ച മാര്‍ബിള്‍ തറയില്‍
സ്വന്തം മുഖം കണ്ടെത്താന്‍ ശ്രമിക്കുകയും അത് എപ്പോഴോ അവള്‍ക്ക് നഷ്ടമായെന്ന നിരാശ പങ്കുവയ്ക്കുകയും ചെയ്യുന്ന കണ്ണൂര്‍ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയല്‍ എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി അരുന്ധതി ജയകുമാറിന്റെ കവിതയെ കേരളത്തിലെ സ്ത്രീകളെ വരച്ചുകാണിക്കാനാണ് ധനമന്ത്രി ഉപയോഗിച്ചത്. സ്വന്തമായി തൊഴിലും വരുമാനവും ഉറപ്പുവരുത്തിയാല്‍ മാത്രമേ സ്ത്രീകളുടെ നിരാശയ്ക്ക് അറുതിയാകൂവെന്നും അതിനുള്ള ഒരു ബൃഹത് പദ്ധതി ബജറ്റില്‍ മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് സാധാരണയായി മാറിയ വര്‍ക്ക് ഫ്രം ഹോമിനെ കുറിച്ച് വിശദീകരിക്കാനും കവിതയെ തന്നെയായിരുന്നു ധനമന്ത്രി കൂട്ടുപിടിച്ചത്. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട തോമസ് ഐസക് എറണാകുളം വാളകം മാര്‍ സെന്റ് സ്റ്റീഫന്‍ ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരി അഞ്ജന സന്തോഷിന്റെ കവിത ചൊല്ലി.
പുറത്തേയ്ക്കു പോകണ്ട
ലാപ്‌ടോപ്പ് തുറന്നാല്‍
പുറംജോലിയെല്ലാം യഥേഷ്ടം നടത്താം
പുറംലോകമെല്ലാം അതില്‍ക്കണ്ടിരിക്കാം
വര്‍ക്ക് ഫ്രം ഹോം എന്ന സാഹചര്യം ഏറ്റവും ഫലപ്രദമായും ഭാവനാത്മകമായും ഉപയോഗപ്പെടുത്തുന്ന പദ്ധതിക്കാണ് രൂപം നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സാധാരണക്കാരുടെ ഉപജീവന തൊഴിലവസരങ്ങളെക്കുറിച്ചും അവരുടെ സേവനവേതന വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുമുളള ഭാഗത്തില്‍ കണ്ണൂര്‍ പാച്ചേനി ഗവ. ഹൈസ്‌കൂളിലെ ഏഴാം ക്ലാസുകാരി ഇനാര അലിയുടെ കവിതയാണ് തോമസ് ഐസക് ഉദ്ധരിച്ചത്.
ഇരുട്ടാണു ചുറ്റിലും
മാഹാമാരി തീര്‍ത്തൊരു കൂരിരുട്ട്
കൊളുത്തണം നമുക്ക്
കരുതലിന്റെ ഒരു തിരിവെട്ടം.
സര്‍ക്കാര്‍ ഒരുക്കിയ കരുതലിന്റെ തിരിവെട്ടത്തില്‍ മഹാമാരിയെ അതിജീവിക്കുകയാണെന്ന് പറഞ്ഞ മന്ത്രി ഈ കെട്ടകാലം തീര്‍ത്ത ദുരിതത്തില്‍ നിന്ന് പൂര്‍ണ്ണമായും കരകയറാന്‍ തുടര്‍ന്നും കൈത്താങ്ങ് ആവശ്യമുള്ള ജനസാമാന്യത്തോടൊപ്പം സര്‍ക്കാര്‍ ഉണ്ടാവും. ഉപജീവനവുമായി ബന്ധപ്പെട്ട സ്‌കീമുകള്‍ക്ക് വലിയ പരിഗണനയാണ് പദ്ധതിയില്‍ നല്‍കിവരുന്നത്. 7500ഓളം കോടി രൂപയാണ് ബന്ധപ്പെട്ട സ്‌കീമുകളുടെ അടങ്കലെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷിയും അനുബന്ധ മേഖലകളും സംബന്ധിച്ച ഭാഗത്ത് കൊല്ലം കോയിക്കല്‍ ഗവ. എച്ച്എസ്എസിലെ ഒന്‍പതാം ക്ലാസുകാരനായ അലക്‌സ് റോബിന്‍ റോയുടെ കവിത മന്ത്രി ഉദ്ധരിച്ചു.
'ഇനിയും വരും വസന്തങ്ങളും
ഇല കൊഴിയും ശിശിരങ്ങളും
ശരത്കാല വൃഷ്ടിയും പേമാരിയും
തോല്‍ക്കാതെ ഇനിയും നാം പടപൊരുതും
മന്ദമാരുതന്‍ തൊട്ടുതലോടും
നെല്‍പ്പാടങ്ങള്‍ കതിരണിയും
ഒന്നിച്ചൊന്നായി മുന്നോട്ടെങ്കില്‍
എല്ലാമിനിയും തിരികെവരും.'
കോവിഡുകാലം കേരളത്തില്‍ ഭക്ഷ്യസുരക്ഷയുടെ വെല്ലുവിളി വീണ്ടും ഉയര്‍ത്തി. ഇതിനോട് സംസ്ഥാനം പ്രതികരിച്ചത് സുഭിക്ഷ കേരളം പദ്ധതിയിലൂടെയാണ്. പച്ചക്കറി, നെല്ല്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍, പഴങ്ങള്‍, പാല്‍, മുട്ട, ഇറച്ചി ഇവയുടെ ഉല്‍പ്പാദനത്തില്‍ ഒരു കുതിപ്പു സൃഷ്ടിക്കുന്നതിനുള്ള ഒരു ജനകീയ യജ്ഞമാണ് സുഭിക്ഷ കേരളം പദ്ധതി. വിവിധ വകുപ്പുകളും തദ്ദേശഭരണ സ്ഥാപനങ്ങളും കാര്‍ഷിക ഏജന്‍സികളും ചേര്‍ന്ന് ഭക്ഷ്യോല്‍പ്പാദന മേഖലയില്‍ 1500 കോടി രൂപയെങ്കിലും 2021-22ല്‍ മുതല്‍മുടക്കും. പച്ചക്കറി, പാല്‍, മുട്ട എന്നിവയില്‍ സ്വയംപര്യാപ്തത നമുക്ക് രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് കൈവരിക്കാനാകും.കവിത ചൊല്ലിക്കൊണ്ട് മന്ത്രി പറഞ്ഞു.
ആരോഗ്യമേഖലയ്ക്കനുവദിച്ച പദ്ധതികളെ കുറിച്ച് വിശദീകരിക്കുന്നതിനിടയില്‍ മലപ്പുറം മലഞ്ചേരി ജിയുപിഎസിലെ ഏഴാം ക്ലാസുകാരി ദേവനന്ദയുടെ വരികളാണ് മന്ത്രി ഉദ്ധരിച്ചത്.
കറുത്ത മേഘങ്ങളെ തള്ളിമാറ്റി
വേദനയേറും ദിനരാത്രങ്ങള്‍
തുഴഞ്ഞു നീക്കി
നഖവും കൊക്കും പതംവരുത്തി
ഉന്നതങ്ങളില്‍ പറന്നുയരും
പക്ഷി ശ്രേഷ്ഠനാം ഗരുഡനെപ്പോലെ
നമുക്കുമുയരാം പുതു പ്രഭാതത്തിനായി
പറന്നു പറന്നു പറന്നുയരാം...
മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ നേരിടാന്‍ ആരോഗ്യ വകുപ്പു തന്നെയാണ് കേരളത്തിന് ആത്മവിശ്വാസം നല്‍കിയതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബജറ്റില്‍ പരിസ്ഥിതിയെ കുറിച്ചുളള ഭാഗം പരാമര്‍ശിക്കുന്നതിന് മുമ്പായി ഏഴാം ക്ലാസുകാരിയായ അഫ്‌റ മറിയത്തിന്റെ കവിതയാണ് മന്ത്രി ഉദ്ധരിച്ചത്. മലപ്പുറം കരിങ്കപ്പാറ ജിയുപിഎസിലെ വിദ്യാര്‍ഥിനിയാണ് അഫ്‌റ മറിയം.
പരിസ്ഥിതി പരിഗണന
ഒരു മത്സ്യവും കടലിനെ
മുറിവേല്‍പ്പിക്കാറില്ല
ഒരു പക്ഷിച്ചിറകും
ആകാശത്തിനു മീതെ
വിള്ളലുകള്‍ ആഴ്ത്തുന്നില്ല
ഒരു ഭാരവും ശേഷിപ്പിക്കാതെയാണ്
ശലഭം പൂവിനെ ചുംബിക്കുന്നത്.
എന്നിട്ടും മനുഷ്യന്‍ മാത്രം
ഭൂമിയെ ഇങ്ങനെ നശിപ്പിക്കുന്നു.- പരിസ്ഥിതിയെക്കുറിച്ച് നമ്മുടെ കുട്ടികള്‍ക്കുള്ള ഈ തിരിച്ചറിവുപോലും മുതിര്‍ന്നവര്‍ക്ക് ഇല്ലായെന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്ന് കവിത ചൊല്ലിക്കൊണ്ട് അദ്ദേഹം പറഞ്ഞു.
ധനമന്ത്രി തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം അവസാനിപ്പിച്ചതും ഒരു കവിത ചൊല്ലിക്കൊണ്ടുതന്നെ. ഇടുക്കി കണ്ണംപടി ജിടിഎച്ച്എസ് സ്‌കൂളിലെ കെ.പി.അമലിന്റെ വരികളായിരുന്നു അത്
'മെല്ലെയെന്‍ സ്വപ്നങ്ങള്‍ക്ക്
ചിറകുകള്‍ മുളയ്ക്കട്ടെ
ഉയരട്ടെ അതിലൊരു മനോജ്ഞമാം
നവയുഗത്തിന്റെ പ്രഭാത ശംഖൊലി...'
ബജറ്റ് പ്രസംഗത്തിന്റെ ചിത്രം ഒരു കൊച്ചുമിടുക്കന്റെ സൃഷ്ടിയാണ്. കാസര്‍കോട് ഇരിയണ്ണി പിഎ എല്‍പിഎസിലെ ഒന്നാം ക്ലാസുകാരന്‍ വി ജീവന്‍. ജെന്‍ഡര്‍ ബജറ്റിന്റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ.
ഇംഗ്ലീഷ് പ്രസംഗത്തിന്റെ കവര്‍ ഇടുക്കി കുടയത്തൂര്‍ ഗവ. എച്ച്എസ്എസിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ശ്രീനന്ദന വരച്ച ചിത്രമാണ്. ബാക്ക് കവര്‍ കോഴിക്കോട് വേദവ്യാസ വിദ്യാലയത്തിലെ രണ്ടാം ക്ലാസുകാരന്‍ ജഹാന്‍ ജോബിയുടേയും.
ബജറ്റ് ഇന്‍ ബ്രീഫിലെ കവര്‍ചിത്രങ്ങള്‍ തൃശൂര്‍ വടക്കാഞ്ചേരി ഗവ. ഗേള്‍സ് എല്‍പിഎസിലെ അമന്‍ ഷസിയ അജയ് വരച്ചതാണ്.
എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കവര്‍ ചിത്രവും ഈ കുട്ടിയുടേതു തന്നെ. തൃശൂര്‍ എടക്കഴിയൂര്‍ എസ്എംവി എച്ച്എസിലെ എട്ടാം ക്ലാസുകാരി കെ എം മര്‍വയും യുഎഇ അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളിലെ രണ്ടാം ക്ലാസിലെ നിയ മുനീറും വരച്ച ചിത്രങ്ങളാണ് എക്‌സ്‌പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ബാക്ക് കവറില്‍.
ലോക്‌ഡൌണ്‍ കാലത്ത് കുട്ടികളുടെ സര്‍ഗശേഷിയുടെ പ്രകാശനത്തിനുവേണ്ടി അക്ഷരവൃക്ഷം എന്ന പേരില്‍ വിദ്യാഭ്യാസ വകുപ്പ് ഒരു പ്രോഗ്രാം സംഘടിപ്പിച്ചിരുന്നു. അതിബൃഹത്തായ പങ്കാളിത്തമാണ് അതിനു ലഭിച്ചത്. കഥയും കവിതയും ലേഖനങ്ങളും ചിത്രങ്ങളുമൊക്കെയായി 4947 വിദ്യാലയങ്ങളില്‍ നിന്ന് 56399 സൃഷ്ടികള്‍ സ്‌കൂള്‍ വിക്കിയുടെ പേജില്‍ വായിക്കാം. ഈ സൃഷ്ടികളില്‍നിന്നാണ് ചിത്രങ്ങളും കവിതകളും തിരഞ്ഞെടുത്തത്.
Content Highlights: Kerala Budget 2021