തിരുവനന്തപുരം: 2021-2022 വര്‍ഷം ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട് നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 2080 കോടി രൂപയാണ് വകയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് പട്ടികജാതി വിഭാഗത്തിന് 387 കോടി രൂപയും പട്ടികവര്‍ഗ വിഭാഗത്തിന് 121 കോടി രൂപയും വകയിരുത്തി.
മത്സ്യത്തൊഴിലാളി മേഖലയില്‍ 2021-2022ല്‍ 1500 കോടി രൂപ ചെലവഴിക്കും. വാര്‍ഷിക പദ്ധതിയില്‍ 250 കോടി തീരദേശ വികസനത്തിന് വകയിരുത്തി. കിഫ്ബിയില്‍ നിന്ന് ഫിഷിങ് ഹാര്‍ബറുകള്‍ക്ക് 250 കോടി രൂപ, കടല്‍ഭിത്തി 150 കോടി, ആശുപത്രികളും സ്‌കൂളുകളും 165 കോടി, മാര്‍ക്കറ്റുകള്‍ക്ക് 191 കോടി രൂപ എന്നിങ്ങനെയും ചെലവഴിക്കും.
ദാരിദ്ര്യം സമ്പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യും. മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി ഓരോ കുടുംബങ്ങളുടെയും ആവശ്യങ്ങള്‍ കണ്ടെത്തി അത് പരിഹരിക്കാനുള്ള പദ്ധതിയാണ് നടപ്പാക്കുക. ദുര്‍ബല വിഭാഗങ്ങള്‍ക്ക് വീട്, കക്കൂസ്, തൊഴില്‍ തുടങ്ങിയവയെല്ലാം ഉറപ്പുവരുത്തും. നിലവിലുള്ള സ്‌കീമുകളെ പ്ലാനില്‍ സംയോജിപ്പിച്ചാണ് നടപ്പിലാക്കുക. ആശ്രയ പദ്ധതിക്കായി അധികമായി 100 കോടി രൂപകൂടി അനുവദിക്കും.