തിരുവനന്തപുരം: കേരളത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റര്‍നെറ്റ് ഉറപ്പാക്കുന്നതിനുള്ള കെ-ഫോണ്‍ പദ്ധതി ഉടന്‍ പൂര്‍ത്തിയാകുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഇതിനായി നെറ്റ്‌വര്‍ക്ക് ഓപ്പറേറ്റിങ്ങ് സെന്റര്‍, 14 ജില്ലാ പോപ്പുകൾ (POP) അതുമായി ബന്ധപ്പെട്ട് 600 ഓഫീസുകള്‍ എന്നിവ ഫെബ്രുവരി മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ജൂലൈ മാസത്തോടെ കെ-ഫോണ്‍ പദ്ധതി പൂര്‍ത്തിയാക്കും. കെ-ഫോണ്‍ പദ്ധതിയില്‍ ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് ലഭ്യമാക്കും. കേരളത്തിലെ 30,000 സര്‍ക്കാര്‍ ഓഫീസുകളില്‍ അതിവേഗ ഇന്‍ട്രാനെറ്റ് സേവനം വഴി ബന്ധപ്പെടാനുള്ള സംവിധാനമൊരുങ്ങും. 10 എം.പി പെര്‍ സെക്കന്റ് മുതല്‍ 1 ജി.ബി പെര്‍ സെക്കന്റ് വരെയായിരിക്കും ഇന്റര്‍നെറ്റിന്റെ വേഗത.
കേരളത്തിലെ ഇന്റര്‍നെറ്റ് ഹൈവേ ഒരു കമ്പനിയുടെയും കുത്തകയായിരിക്കില്ലെന്ന് മന്ത്രി ഉറപ്പുനല്‍കി. കേരളത്തിലെ എല്ലാ സേവന ദാതാക്കള്‍ക്കും കെ-ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. ഇന്റര്‍നെറ്റിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും കുറഞ്ഞ നിരക്കില്‍ മികച്ച ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുകയുമാണ് കെ-ഫോണിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യയുടെ വികസനം ഈ പദ്ധതിയിലൂടെ സാധ്യമാകുമെന്ന് മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ചെറുകിട വ്യവസായങ്ങള്‍, ടൂറിസം ഉള്‍പ്പെടെയുള്ള വാണിജ്യ-വ്യവസായ മേഖലകള്‍, ഇ-കൊമേഴ്‌സ് മേഖലകളിലും ഡിജിറ്റല്‍ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കെ-ഫോണ്‍ പദ്ധതി ഉപകരിക്കും. കെ-ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights: Government Ensure Free Internet For BPL Family Through K-Fon