തിരുവനന്തപുരം: കൈയെത്തും ദൂരത്തെത്തിയ റെക്കോഡ് വേണ്ടെന്നുവെച്ച് ധനമന്ത്രി തോമസ് ഐസക്. ഏറ്റവുമധികം സമയം ബജറ്റ് പ്രസംഗം നടത്തിയെന്ന റെക്കോഡാണ് ഒട്ടേറെ പേജുകൾ വായിക്കാതെവിട്ട് അദ്ദേഹം വേണ്ടെന്നുവെച്ചത്.

രണ്ട് മണിക്കൂറും 47 മിനിറ്റുമാണ് വ്യാഴാഴ്ച അദ്ദേഹം ബജറ്റ് പ്രസംഗത്തിനെടുത്തത്. ഒട്ടേറെ പേജുകൾ അദ്ദേഹം വായിക്കാതെ തന്നെ വായിച്ചതായി പരിഗണിക്കണമെന്നു പറഞ്ഞ് വിട്ടുകളഞ്ഞു. അവകൂടി വായിച്ചിരുന്നെങ്കിൽ പ്രസംഗം ചുരുങ്ങിയത് മൂന്നു മണിക്കൂറിലധികം നീളുമായിരുന്നു. 2016-ൽ ഉമ്മൻചാണ്ടി നടത്തിയ ബജറ്റ് പ്രസംഗം രണ്ടുമണിക്കൂറും 54 മിനിറ്റുമായിരുന്നു. 2014-ൽ കെ.എം. മാണിയുടെ പ്രസംഗം രണ്ടുമണിക്കൂറും 50 മിനിറ്റുമായിരുന്നു. ബഹളംമൂലം തടസ്സപ്പെട്ട ആറുമിനിറ്റുകൂടി പരിഗണിച്ചാൽ അതായിരിക്കും റെക്കോഡ് ബജറ്റ് പ്രസംഗം.

ലൈബ്രേറിയന്മാര്‍ക്ക് അലവന്‍സ് 20 ശതമാനം കൂടും 

 സംസ്ഥാന ലൈബ്രറി കൗണ്‍സിലിനുകീഴിലുള്ള ലൈബ്രേറിയന്മാരുടെ അലവന്‍സില്‍ 20 ശതമാനം വര്‍ധനയ്ക്ക് ബജറ്റ് നിര്‍ദേശം. കൗണ്‍സിലിന് 1.20 കോടി രൂപയും വകയിരുത്തി.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കും. മാര്‍ക്കറ്റിങ് ശക്തമാക്കും. ഇതിന് പണം നീക്കിവെച്ചു. മുഴുപ്പിലങ്ങാട് ടൂറിസത്തിന് പ്രത്യേകപദ്ധതി. ആക്കുളം കിഫ്ബിയുടെ പരിഗണനയില്‍. ഡെസ്റ്റിനേഷനുകളുടെ മാനേജ്മെന്റില്‍ കെ.ടി.ഡി.സി.യ്ക്ക് പങ്കാളിത്തം. നൂതന ആശയങ്ങളോ പദ്ധതികളോ നല്‍കുന്ന സംരംഭങ്ങള്‍ക്ക് സഹായധനം.

റബ്ബറിന് വിലയിടിഞ്ഞാലും കര്‍ഷകരെ സഹായിക്കാന്‍ വിലസ്ഥിരതാപദ്ധതി തുടരും. കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കും. താങ്ങുവില ഉറപ്പിക്കാന്‍ വകയിരുത്തിയത് 500 കോടി.

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം 500 രൂപ കൂട്ടി

ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം അഞ്ഞൂറുരൂപ വര്‍ധിപ്പിക്കും. ആരോഗ്യമേഖലയ്ക്ക് 1406 കോടി ബജറ്റില്‍ നീക്കിവെച്ചു.

:വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ഥ്യമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഈ സര്‍ക്കാര്‍. വയനാട് മെഡിക്കല്‍ കോളേജിന് നീക്കിവെച്ച സ്ഥലം പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രിക്ക് അനുയോജ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. സ്ഥലം വാങ്ങുന്നതിനും കെട്ടിടത്തിന്റെ പ്രാഥമികഘട്ട നിര്‍മാണം ആരംഭിക്കുന്നതിനുമുള്ള പണം കിഫ്ബിയില്‍നിന്ന് ലഭ്യമാക്കും. 14 മെഡിക്കല്‍ കോളേജുകള്‍ക്കായി 232 കോടി രൂപയും മാറ്റിവെച്ചു.

തുടക്കവും ഒടുക്കവും കുമാരനാശാനില്‍; കേന്ദ്രത്തിന് കുത്തും

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും കുമാരനാശാനില്‍. 'ചിന്താവിഷ്ടയായ സീത' പ്രസിദ്ധീകരിച്ചതിന്റെ നൂറാംവാര്‍ഷികത്തില്‍ കവിക്ക് അഭിവാദ്യമര്‍പ്പിക്കാനും മന്ത്രി മറന്നില്ല. 'ശരി! പാവയോ ഇവള്‍' എന്ന് ആശാന്റെ സീത രാമനോട് ചോദിച്ചതിന്റെ നൂറാംവാര്‍ഷികത്തില്‍ തങ്ങള്‍ അശുദ്ധകളല്ലെന്ന് പ്രഖ്യാപിക്കാന്‍ കേരളത്തിലെ ലക്ഷക്കണക്കിന് സ്ത്രീകള്‍ തെരുവില്‍ പ്രതിരോധത്തിന്റെ വന്മതില്‍ തീര്‍ത്തു. ഇതിലൂടെ അവര്‍ പാവകളല്ലെന്ന് ധീരമായി പ്രഖ്യാപിച്ചു. സീത പറഞ്ഞതുപോലെ 'എന്‍ മനവും ചേതനയും വഴങ്ങിടാ' എന്നുപ്രഖ്യാപിച്ച മതില്‍ മലയാളിയുടെ ആത്മാഭിമാനം ഉയര്‍ത്തിയെന്നുപറയാനും കുമാരനാശാന്റെ വരികളായിരുന്നു മന്ത്രിക്ക് തുണ.

മനുഷ്യരുടെ മതം, വേഷം, ഭാഷ എന്നിവയെന്തായിരുന്നാലും ജാതി ഒന്നാണെന്ന ഗുരുദര്‍ശനം ഏറ്റവും പ്രസക്തമായ കാലമാണിതെന്ന് പറഞ്ഞാണ് നവോത്ഥാനത്തിലേക്ക് മന്ത്രി പ്രവേശിച്ചത്. ഗുരു വിഭാവനംചെയ്ത മനുഷ്യജാതിയിലുള്ളവരായി നവോത്ഥാനം മലയാളികളെ പുനഃസൃഷ്ടിച്ചു. അതുകൊണ്ടാണ് കുമാരനാശാനെക്കൊണ്ട് ഗുരു ഓട്ടുകമ്പനിയും മനുഷ്യര്‍ക്ക് വൃത്തിയും ആരോഗ്യവും ഉണ്ടാകാന്‍ ശിഷ്യനായ സി.ആര്‍. കേശവന്‍വൈദ്യരെക്കൊണ്ട് സോപ്പുകമ്പനിയും തുടങ്ങിച്ചത്. അയ്യങ്കാളിയും മന്നത്തു പദ്മനാഭനും ചാവറയച്ചനും മക്തി തങ്ങളും വിദ്യാലയനിര്‍മിതിക്കായി പുറപ്പെട്ടത് അമ്പലങ്ങളല്ല, പള്ളിക്കൂടങ്ങളാണ് ഇനി വേണ്ടതെന്ന് ഗുരു പറഞ്ഞതുകൊണ്ടാണ്.

നവകേരള സൃഷ്ടിക്കിറങ്ങുമ്പോള്‍ ഇതൊക്കെ മനസ്സില്‍വേണമെന്നും മന്ത്രി പറഞ്ഞു. യുവതീപ്രവേശം അനുവദിച്ച സുപ്രീംകോടതിവിധിയെ വര്‍ഗീയധ്രുവീകരണത്തിനുള്ള സുവര്‍ണാവസരമാക്കി വര്‍ഗീയവാദികള്‍ അരയുംതലയും മുറുക്കി പുറത്തിറങ്ങിയെന്നും മന്ത്രി കുറ്റപ്പെടുത്തി. 'മാറ്റുവിന്‍ ചട്ടങ്ങളേ സ്വയമല്ലെങ്കില്‍, മാറ്റുമതുകളീ നിങ്ങളെത്താന്‍

മാറ്റൊലിക്കൊണ്ടീ മൊഴിതന്നെ സര്‍വദാ

കാറ്റിരമ്പുന്നിന്നു കേരളത്തില്‍' എന്ന ആശാന്റെ വരികളിലാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.

ബജറ്റ് പുസ്തകത്തിന്റെ കവറിലും നവോത്ഥാനമുണ്ട്. അയ്യങ്കാളിയും സവര്‍ണരെ വെല്ലുവിളിച്ച് പള്ളിക്കൂടത്തില്‍ പ്രവേശിപ്പിച്ച പഞ്ചമിയുമാണ് പി.എസ്. ജലജ വരച്ച കവര്‍ ചിത്രത്തിലുള്ളത്.

പ്രളയാഘാതത്തോട് മുഖംതിരിച്ച കേന്ദ്രസര്‍ക്കാരിനും പ്രസംഗത്തില്‍ വേണ്ടുവോളം കുറ്റപ്പെടുത്തലുണ്ട്. സൈനികവിഭാഗങ്ങളുടെ സേവനത്തില്‍ നന്ദിയുണ്ട്. പക്ഷേ, ആഘാതത്തില്‍നിന്ന് കരകയറാനുള്ള സഹായകരമായ നിലപാട് പിന്നീടുണ്ടായില്ല. സുഹൃദ് രാജ്യങ്ങള്‍ വാഗ്ദാനംചെയ്ത സഹായം ലഭ്യമാക്കാനായില്ല. പ്രവാസികളുടെ സഹായം തേടാന്‍ മന്ത്രിമാരെ അനുവദിച്ചില്ല. സംസ്ഥാനങ്ങളുടെ ധനാവശ്യത്തിന് കൂടുതല്‍ ഉദാരനയം സ്വീകരിക്കുന്ന സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് 250 കോടി

തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2100 കോടി രൂപ ലഭിക്കും. പദ്ധതിസഹായം ഏഴായിരം കോടിയില്‍നിന്ന് 7500 കോടിയാക്കി. ഇതില്‍ 250 കോടിരൂപ പ്രളയബാധിത പഞ്ചായത്തുകള്‍ക്ക് പ്രത്യേക പദ്ധതികള്‍ക്കാണ്. ഉപ പദ്ധതികളെല്ലാം ചേര്‍ത്ത് 11,867 കോടി രൂപ ലഭിക്കും. കേന്ദ്രവിഹിതവും ലൈഫ് മിഷനിലൂടെ ചെലവിടുന്നതും ചേരുമ്പോള്‍ 21,000 കോടിയാവുമെന്ന് ബജറ്റ് കണക്കാക്കുന്നു.

ബ്ലേഡിനും വട്ടിപ്പലിശയ്ക്കും കടിഞ്ഞാണ്‍

തിരുവനന്തപുരം: സ്വകാര്യവ്യക്തികള്‍ പണം കടംകൊടുക്കുന്നതിന് പലിശനിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. മണി ലെന്‍ഡേഴ്സ് നിയമപ്രകാരം പണം കടംകൊടുക്കുന്നവര്‍ പരമാവധി 18 ശതമാനം പലിശയേ ഈടാക്കാവൂ. 20,000 രൂപയില്‍ കൂടുതലുള്ളത് ഇനി ചെക്കുവഴിയേ നല്‍കാനാവൂ.

കടംകൊടുപ്പുകാര്‍ക്ക് വാണിജ്യബാങ്കുകള്‍ ഈടാക്കുന്നതിനെക്കാള്‍ രണ്ടുശതമാനം അധികം പലിശ ഈടാക്കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍, ബാങ്കുകളുടെ പലിശനിരക്ക് ഏകീകൃതമല്ല. സ്വകാര്യ ആവശ്യങ്ങള്‍ക്ക് 24 ശതമാനംവരെ പലിശ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. അതിനാല്‍ സ്വകാര്യ പണമിടപാടുകാരുടെ പലിശ നിയന്ത്രിക്കാനാവുന്നില്ല. ഇതുപരിഹരിക്കാനാണ് പലിശ 18 ശതമാനമായി നിയന്ത്രിക്കുന്നത്.

ന്യായവില കൂടുമ്പോള്‍ ആധാരച്ചെലവും കൂടും 

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില കൂടുമ്പോള്‍ അതിന് ആനുപാതികമായി സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസും കൂടും. രണ്ടുശതമാനമാണ് രജിസ്ട്രേഷന്‍ ഫീസ്. സ്റ്റാമ്പ് ഡ്യൂട്ടി എട്ട് ശതമാനവും.

ഇപ്പോള്‍ ഒരുലക്ഷം രൂപ ന്യായവിലയുള്ള സ്ഥലം കൈമാറുമ്പോള്‍ രണ്ടായിരം രൂപ രജിസ്ട്രേഷന്‍ ഫീസും എണ്ണായിരം രൂപ സ്റ്റാമ്പ് ഡ്യൂട്ടിയുമായി പതിനായിരം രൂപ ചെലവിടണം. ന്യായവില പത്തുശതമാനം വര്‍ധിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന്‍ ഫീസുമായി ആയിരം രൂപ അധികം നല്‍കേണ്ടിവരും.

ഒമ്പതുവര്‍ഷംകൊണ്ട് സംസ്ഥാനത്ത് ഭൂമിയുടെ ന്യായവില ഏതാണ്ട് ഇരട്ടിയോളമായി. 2010-ലാണ് ന്യായവില നിലവില്‍വന്നത്. അതിനുശേഷം ആദ്യം അമ്പത് ശതമാനം കൂടി. പിന്നീട് വര്‍ധിച്ചതിന്റെ 15 ശതമാനം കൂടി. ഇപ്പോള്‍ നിലവിലുള്ളതിന്റെ പത്ത് ശതമാനവും.

തിരുവനന്തപുരത്ത് മുഴുവന്‍ ബസുകളും വൈദ്യുതിയില്‍ 

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി. ബസുകളും ഇലക്ട്രിക് ബസുകളിലേക്കു മാറും. ഇതോടെ മുഴുവന്‍ ബസുകളും വൈദ്യുതിയില്‍ ഓടുന്ന രാജ്യത്തെ ആദ്യനഗരമായി തിരുവനന്തപുരം മാറും.

2022 ആകുമ്പോഴേക്കും സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കും. സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കും. ഇ-മൊബിലിറ്റി പ്രമോഷന്‍ ഫണ്ടിന് രൂപം നല്‍കി ഇതില്‍നിന്ന് ഈ വര്‍ഷം 10,000 ഇലക്ട്രിക് ഓട്ടോകള്‍ക്ക് സബ്സിഡി നല്‍കും.

ചാര്‍ജ്‌ചെയ്ത ഇലക്ട്രിക് ബാറ്ററികള്‍ മാറ്റിയെടുക്കാനുള്ള കേന്ദ്രങ്ങളും സ്വകാര്യ ചാര്‍ജിങ് സ്റ്റേഷനുകളും സ്ഥാപിക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഫാക്ടറികളും ഗവേഷണസ്ഥാപനങ്ങളും കേരളത്തില്‍ നിര്‍മിക്കും.

പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ നികുതിയില്‍ അഞ്ചുവര്‍ഷത്തേക്ക് 50 ശതമാനവും മറ്റ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 25 ശതമാനവും ഇളവുനല്‍കും

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടും; ഡി.എ. കുടിശ്ശിക ഏപ്രിലില്‍ 

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. കുടിശ്ശികയുള്ള രണ്ടുഗഡു ഡി.എ. ഏപ്രിലിലെ ശമ്പളത്തോടൊപ്പം പണമായി നല്‍കും.

അഞ്ചുവര്‍ഷം കൂടുമ്പോഴാണ് ശമ്പളപരിഷ്‌കരണം. ഇതനുസരിച്ച് ഈ വര്‍ഷം ജൂലായ് മുതലാണ് പുതിയ ശമ്പളം നല്‍കേണ്ടത്. ഇതിനുമുമ്പ് പതിനൊന്നാം ശമ്പളപരിഷ്‌കരണ കമ്മിഷനെ നിയോഗിച്ചേക്കും. ശുപാര്‍ശയനുസരിച്ച് മുന്‍കാല പ്രാബല്യത്തോടെ ശമ്പളവര്‍ധന നടപ്പാക്കുന്നതാണ് കേരളത്തിലെ രീതി.

2018 ജനുവരിയിലും ജൂലായിലും കുടിശ്ശികയായ നാലുശതമാനം ക്ഷാമബത്തയാണ് ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളത്.

ലോകോത്തര സംരംഭകരെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍

തിരുവനന്തപുരം: ഇന്ത്യയിലേക്കുള്ള കോര്‍പ്പറേറ്റ് നിക്ഷേപം കേരളത്തിലേക്കാകര്‍ഷിക്കാന്‍ ബജറ്റില്‍ വിവിധ പദ്ധതികള്‍. വാര്‍ത്താവിനിമയ രംഗത്തെ പ്രമുഖരായ തേജസ്, ഓഗ്മെന്റഡ് റിയാലിറ്റി മേഖലയിലെ സിങ്കപ്പുര്‍ കമ്പനി യുണൈറ്റഡ്, കംപ്യൂട്ടര്‍ എയ്ഡഡ് എന്‍ജിനീയറിങ് മേഖലയിലെ കമ്പനിയായ ആള്‍ട്ടെയര്‍ എന്നിവ കൊച്ചിയില്‍ പ്രവര്‍ത്തനംതുടങ്ങും.

ഫുജിത്സു, ഹിറ്റാച്ചി തുടങ്ങിയ കമ്പനികളും കേരളത്തിലെത്തും. സ്റ്റാര്‍ട്ടപ് കമ്പനികളിലേക്ക് അന്താരാഷ്ട്ര കമ്പനികളെ ആകര്‍ഷിക്കുന്ന പദ്ധതിക്ക് കേരള ഇന്നവേഷന്‍ സോണിന്റെ നേതൃത്വത്തില്‍ രൂപംനല്‍കും.

അക്ഷയയ്ക്കും ഫ്രണ്‍ഡ്സിനും പുതിയ പതിപ്പുകള്‍

സംസ്ഥാനത്ത് അക്ഷയയ്ക്കും ഫ്രണ്‍ഡ്സിനും പുതിയ പതിപ്പുകള്‍ ഉണ്ടാക്കും. ഒരു പ്രദേശത്തുള്ള എല്ലാവിധ സര്‍ക്കാര്‍ സേവനങ്ങളെയും ഏകോപിപ്പിക്കുന്നതിനും ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാകുമിത്. കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംരംഭക സമ്മിറ്റ് തിരഞ്ഞെടുക്കുന്ന യുവസംരംഭകര്‍ക്ക് സീഡ് ഫണ്ടിങ് നല്‍കും.

പാലക്കാട്, തൃശ്ശൂര്‍, ആലപ്പുഴ എന്നിവിടങ്ങളില്‍ അന്തര്‍ദേശീയ നിലവാരത്തിലുള്ള റൈസ് പാര്‍ക്കുകള്‍ സ്ഥാപിക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഇന്‍കുബേഷന്‍ സെന്ററുകളായും ഈ പാര്‍ക്കുകള്‍ പ്രവര്‍ത്തിക്കും.

2010-ല്‍ ഉപേക്ഷിച്ച ഓട്ടോകാസ്റ്റ് ബോഗി നിര്‍മാണപദ്ധതി പുനരുജ്ജീവിപ്പിക്കും. പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല. പുതിയ മേഖലകളില്‍ സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ തുടങ്ങും.

400 ചകിരിമില്ലുകള്‍

ഒരുവര്‍ഷംകൊണ്ട് 400 ചകിരി മില്ലുകളും 5000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളും സ്ഥാപിക്കും. ചകിരിയും ചകിരിച്ചോറും ഉപയോഗിച്ച് തടിക്കുപകരം ഉപയോഗിക്കാനാവുന്ന കയറിന്റെ ബോര്‍ഡുകള്‍ നിര്‍മിക്കുന്ന ഫാക്ടറി ആലപ്പുഴയില്‍ സ്ഥാപിക്കും. ചകിരിച്ചോറിന്റെയും കുഞ്ഞുനാരുകളുടെയും വില ഉയര്‍ത്തുന്നതിനും ചകിരി ഉത്പാദനം ആദായകരമാക്കുന്നതിനും സഹായിക്കുന്നതാകും പുതിയ കമ്പനി.

കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം രൂപവത്കരിച്ച് കേരളത്തെ ഈ മേഖലയിലെ ഒരു നിര്‍മാണകേന്ദ്രമാക്കും. 60 പുതിയ സാങ്കേതികവിദ്യകളെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ സന്നിവേശിപ്പിക്കും. വാണിജ്യ വകുപ്പിനുകീഴില്‍ കേരള മാര്‍ട്ട് എന്നപേരില്‍ ഒരു സ്ഥിരം എക്‌സിബിഷന്‍, മാര്‍ക്കറ്റിങ് കോംപ്ലക്സ് പണിയാനും ബജറ്റില്‍ ലക്ഷ്യമിടുന്നു.

സിയാല്‍ മാതൃകയിലെ റബ്ബര്‍ കമ്പനി; കര്‍ഷകര്‍ക്ക് പ്രതീക്ഷ

കൊച്ചി വിമാനത്താവള കമ്പനി (സിയാല്‍) മാതൃകയില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റബ്ബര്‍ കമ്പനി ഈ വര്‍ഷംതന്നെ തുടങ്ങുമെന്നുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കര്‍ഷകര്‍ക്ക് പ്രതീക്ഷയായി. ഈ സാമ്പത്തികവര്‍ഷം കമ്പനി രജിസ്റ്റര്‍ ചെയ്യുമെന്നാണ് പ്രഖ്യാപനം.

ബജറ്റ് പ്രസംഗത്തില്‍നിന്ന്: 'കോട്ടയം ജില്ലയില്‍ 200 ഏക്കര്‍ ഭൂമി കണ്ടെത്താന്‍ കിന്‍ഫ്രയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു വന്‍കിട ടയര്‍ നിര്‍മാണക്കമ്പനിയെ പാര്‍ക്കിലെ മുഖ്യനിക്ഷേപകരായി കണ്ടെത്താനാണ് ശ്രമം. ചെറുകിട റബ്ബര്‍ ഉത്പാദകര്‍ക്കുള്ള പൊതുസംസ്‌കരണ സൗകര്യങ്ങളും ഇവിടെയുണ്ടാകും. ബലൂണ്‍മുതല്‍ ടയര്‍വരെയുള്ള എല്ലാത്തരം ഉത്പന്നങ്ങളുടെയും വ്യവസായ സമുച്ചയം നിര്‍മിക്കുകയാണ് ലക്ഷ്യം'.

വന്‍കിട ടയര്‍ കമ്പനികളെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകുന്നതിനാലാണ് റബ്ബര്‍ വില കൂടാത്തതെന്ന വിലയിരുത്തലിലാണ് സിയാല്‍ മാതൃകയില്‍ കമ്പനിക്കുള്ള ആലോചന തുടങ്ങിയത്. 2017 ജൂലായ് 16-ന് മാതൃഭൂമി ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ച് വിവിധതലങ്ങളിലുള്ള ആളുകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആശയം ആദ്യം ഉയര്‍ന്നത്. സര്‍ക്കാരിന് 51-ഉം റബ്ബര്‍ ഉത്പാദക സംഘങ്ങള്‍ക്ക് (ആര്‍.പി.എസ്.) 49-ഉം ശതമാനം വിഹിതമുള്ള കമ്പനിയെന്ന ആശയമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സാധ്യതകള്‍ പഠിച്ചു. ആഗോള ടെന്‍ഡര്‍ വിളിക്കുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ 26 ശതമാനം ഓഹരി വഹിക്കുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി സ്വകാര്യ നിക്ഷേപകര്‍ക്കായിരിക്കും.

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങളുടെ ഇന്ത്യയിലെ വര്‍ഷ വിറ്റുവരവുമൂല്യം 75,000-80,000 കോടിരൂപയാണെന്ന് കണക്കാക്കുന്നു. അസംസ്‌കൃത വസ്തുവായ സ്വാഭാവിക റബ്ബറിന്റെ മൂല്യം 8000 കോടി മാത്രമാണ്. ബാക്കി മൂല്യവര്‍ധനയാണ്. കേരളത്തില്‍ റബ്ബര്‍ വ്യവസായങ്ങള്‍ താരതമ്യേന കുറവായതിനാല്‍ ഇവിടെ പത്തുശതമാനം മൂല്യവര്‍ധനയേ നടക്കുന്നുള്ളൂവെന്നാണ് വിലയിരുത്തല്‍. പത്തുശതമാനത്തില്‍ താഴെ റബ്ബര്‍ ഉത്പാദിപ്പിക്കുന്ന തമിഴ്നാട് 22 ശതമാനം മൂല്യവര്‍ധന നടത്തുന്നുണ്ടെന്ന് റബ്ബര്‍ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പുതിയ റബ്ബര്‍ കമ്പനി ഈ സ്ഥിതിക്ക് മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2017-ല്‍ പ്രഖ്യാപിച്ച റബ്ബര്‍ കമ്പനിയെന്ന പദ്ധതി വീണ്ടും ആവര്‍ത്തിച്ചതില്‍ പുതുമയില്ലെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. റബ്ബര്‍ വിലസ്ഥിരതാപദ്ധതിക്ക് 500 കോടി വകയിരുത്തിയിട്ടുണ്ടെങ്കിലും പണം വിതരണം മുടങ്ങിയ സ്ഥിതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.