തിരുവനന്തപുരം: പ്രളയസെസ് ഏർപ്പെടുത്തിയത് വിലക്കയറ്റത്തിന്‌ കാരണമാവില്ലെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. മറിച്ചുള്ള പ്രചാരണം പ്രതിപക്ഷം ഉയർത്തുന്നത് വിലക്കയറ്റത്തിന് അന്തരീക്ഷമൊരുക്കാനാണ്. ജി.എസ്.ടി. വന്നപ്പോൾ നികുതികുറഞ്ഞ പല ഉത്പന്നങ്ങൾക്കും വിലകുറച്ചിട്ടില്ല. പിന്നെ, എന്തിനാണ് ഒരുശതമാനം സെസ് ചുമത്തിയാൽ വിലകൂട്ടുന്നതെന്ന് ഐസക് ചോദിച്ചു.

വിൽപ്പനവിലയ്ക്കുള്ളിൽ നിൽക്കുന്ന നികുതി മാത്രമാണ് അധികമായി ഈടാക്കുന്നത്. അതിനാൽ, വിലകൂട്ടേണ്ട കാര്യമില്ല. 15 ശതമാനത്തിലേറെ നികുതികുറഞ്ഞപ്പോൾ പലതിനും വിൽപ്പനവില കുറച്ചിട്ടില്ല. ഈ കുറവിനുശേഷമാണ് ഒരുശതമാനം അധികനികുതി ഇപ്പോൾ ഈടാക്കുന്നത്. വിലകൂട്ടി വിൽക്കുകയാണെങ്കിൽ അത് അപ്പോൾ പരിശോധിക്കും.

പിരിച്ചെടുക്കുന്ന സെസ്സിനേക്കാൾ തുക ക്ഷേമപെൻഷനുകളിൽ വർധിപ്പിച്ച് ജനങ്ങൾക്കുതന്നെ നൽകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നികുതികൂട്ടി ജനങ്ങളെ പിഴിയുന്നത് എൽ.ഡി.എഫ്. നയമല്ല. വാറ്റും ഇന്ധനനികുതിയും പലവട്ടംകൂട്ടിയവരാണ് ഇപ്പോൾ പ്രളയസെസ് ഏർപ്പെടുത്തിയപ്പോൾ വിലക്കയറ്റമുണ്ടാകുമെന്ന് പറയുന്നതെന്ന് പ്രതിപക്ഷനേതാവിന്റെ വിമർശനത്തിന് ഐസക് മറുപടിയായി പറഞ്ഞു.

30 ശതമാനം നികുതിവരുമാന വർധന പ്രായോഗികമല്ലെന്നാണ് മറ്റൊരു വിമർശനം. ജി.എസ്.ടി.യുടെ ഗുണം കേരളത്തിന് കിട്ടിയിട്ടില്ല. 13 ശതമാനം നികുതിചോർച്ചയുണ്ടായിട്ടുണ്ട്. ഇത്‌ തിരിച്ചുപിടിക്കും. വാറ്റ് കുടിശ്ശികയും പിരിച്ചെടുക്കും. ഇത്രയുമായാൽ നികുതിവർധന ലക്ഷ്യമിട്ട നിരക്കിൽ കൈവരിക്കാനാകും. ഓരോ പ്രദേശത്തെയും ലക്ഷ്യമിട്ടുള്ള വികസനമാണ് ബജറ്റിന്റെ കാഴ്ചപ്പാട്.

കാരുണ്യപദ്ധതി ഇല്ലാതാക്കുകയല്ല, കൂടുതൽ കാര്യക്ഷമമായി നടത്തുകയാണ്. കാരുണ്യ-ആരോഗ്യ സുരക്ഷാപദ്ധതി എന്നുതന്നെയാണ് അതിന്റെ പേരും. തീരദേശവികസനത്തിന് സമഗ്ര കാഴ്ചപ്പാടും പദ്ധതികളുമാണുള്ളത്. എന്നിട്ടും പ്രതിപക്ഷനേതാവ് വിമർശിക്കുന്നത് കാര്യങ്ങൾ മനസ്സിലാക്കാത്തതുകൊണ്ടാണ്. വാചകമടികൊണ്ട് കാര്യമില്ലെന്നും കാര്യങ്ങൾ വിശദീകരിച്ചാൽ ഉൾക്കൊള്ളാമെന്നും അദ്ദേഹം പറഞ്ഞു.