തിരുവനന്തപുരം: വിൽപ്പനനികുതിക്കുടിശ്ശിക വരുത്തിയ ബാറുകൾക്ക് ഇളവ് പ്രഖ്യാപിച്ചു. കുടിശ്ശിക അടച്ചാൽ പിഴ ഒഴിവാക്കും. 2019 ജൂൺ മുതൽ പത്തു തുല്യ തവണകളായി അടയ്ക്കാം. ബാർ പൂട്ടുകയും പിന്നീട് തുറക്കുകയും ചെയ്ത കാലയളവിലെ സാമ്പത്തിക നഷ്ടം കാരണം ഒട്ടേറെ ബാറുടമകൾ നികുതിക്കുടിശ്ശിക വരുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ഇളവ്.

ടേൺ ഓവർ ടാക്സിലെ അപാകവും പരിഹരിച്ചിട്ടുണ്ട്. ബാറുകൾ പൂട്ടിയപ്പോഴുണ്ടായിരുന്ന മദ്യം ബിവറേജ് കോർപ്പറേഷന് നൽകിയിരുന്നു. ഈ മദ്യത്തിന്റെ വിൽപ്പനയിൽ ബാറുടമകളിൽനിന്നും ബിവറേജസ് കോർപ്പറേഷനിൽനിന്നും രണ്ടുതവണ ടേൺ ഓവർ ടാക്സ് കണക്കാക്കിയിട്ടുണ്ട്. ഇതിൽ ബാറുകൾക്ക് മേൽ ചുമത്തിയിരുന്ന നികുതി പിൻവലിച്ചു.

മൂന്നുവർഷത്തെ വിൽപ്പനയ്ക്കനുസരിച്ചാണ് ബാറുകളിൽനിന്ന് നികുതി കണക്കാക്കിയിരുന്നത്. ബാറുകൾ പൂട്ടുകയും ബിയർ വൈൻ പാർലർ ലൈസൻസ് നൽകുകയും പിന്നീട് വീണ്ടും ബാർ അനുവദിക്കുകയുംചെയ്ത കാലയളവിലെ വിറ്റുവരവ് തമ്മിൽ വ്യത്യാസമുണ്ട്. അതിനാൽ മൂന്നുവർഷത്തിനുപകരം ഒരോ വർഷത്തെയും കണക്കെടുത്ത് നികുതി വിലയിരുത്തും.

Content Highlights: mTax arrears of Bar has been relaxed