തിരുവനന്തപുരം: കായലും ജലാശയങ്ങളും ഒറ്റത്തവണയായി ശുചീകരിക്കുന്നതുൾപ്പെടെ കുട്ടനാടിന് ആയിരം കോടിയുടെ രണ്ടാംപാക്കേജ്. അമിതവും അശാസ്ത്രീയവുമായ കീടനാശിനി, വളപ്രയോഗങ്ങൾ ഒഴിവാക്കുന്നതാണ് രണ്ടാംപാക്കേജ്.

പ്ലാസ്റ്റിക്കും മറ്റുമാലിന്യങ്ങളും ജനപങ്കാളിത്തത്തോടെ നീക്കി ചെളിവാരി കായലിന് ആഴം കൂട്ടും. പുറംബണ്ടുകൾ പുനർനിർമിച്ച് ബലപ്പെടുത്തും. പുറംബണ്ട് അറ്റകുറ്റപ്പണിക്കും നിർമാണത്തിനും 47 കോടി ചെലവിടും. 200 കോടിയുടെ കുടിവെള്ള പദ്ധതിയും യാഥാർഥ്യമാക്കും.

തണ്ണീർമുക്കം ബണ്ട് ഒരുവർഷത്തേക്കെങ്കിലും തുറന്ന് ഉപ്പുവെള്ളം കയറ്റി ശുദ്ധീകരിക്കുന്നതിന് പാരിസ്ഥികാഘാത പഠനവും കാർഷികകലണ്ടറും തയ്യാറാക്കും. കൃഷിനഷ്ടം പരിഹരിക്കാൻ 20 കോടി വകയിരുത്തി.

കായലിനുചുറ്റുമുള്ള പ്രദേശങ്ങളിലെ മലിനജലം കുട്ടനാട്ടിലേക്ക് ഒഴുക്കുന്നതു തടയും. വൃത്തിയാക്കുന്ന തോടുകളുടെ ശുചിത്വം ഉറപ്പാക്കാൻ കനാൽ പ്രദേശത്ത് സെപ്റ്റിക് ടാങ്കുകളും ഉറവിടമാലിന്യ സംസ്കരണവും ഉറപ്പാക്കും.

വിവാഹമണ്ഡപങ്ങൾക്കും ജലമാലിന്യ സംസ്കരണ യൂണിറ്റുകൾക്കും വെറ്റ്‌ലാൻഡ് അതോറിറ്റിയുടെ കേന്ദ്രഫണ്ടിൽനിന്ന് 25 ശതമാനം സബ്‌സിഡി. മത്സ്യക്കൃഷിക്ക് അഞ്ചുകോടി. ഇൻഷുറൻസോടെയുള്ള പുതിയ താറാവ് ബ്രീഡിങ് ഫാമിന് 16 കോടി.

പുളിങ്കുന്നിൽ ബഹുനില ആശുപത്രി

ഹെലിപ്പാഡ് സൗകര്യത്തോടെ പുളിങ്കുന്നിൽ ബഹുനില ആശുപത്രി കിഫ്ബി സഹായത്തോടെ നിർമിക്കും. മതിപ്പ് ചെലവ് 150 കോടി. ആലപ്പുഴ-ചങ്ങനാശ്ശേരി കനാലിന്റെ നവീകരണത്തിനും തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ് ചാനലിന് വീതിയും ആഴവും കൂട്ടുന്നതിനും 40 കോടി. പ്രളയത്തെ അതിജീവിക്കാൻ പറ്റുംവിധം എ.സി. റോഡ് പുനർനിർമിക്കും. കുട്ടനാട്ടിലെ കമ്യൂണിറ്റിഹാളുകൾ പ്രളയകാലത്ത് അഭയകേന്ദ്രങ്ങളാക്കാവുന്ന രീതിയിലാക്കും. പ്രളയമുണ്ടായാൽ മൃഗങ്ങളെ സംരക്ഷിക്കാൻ ഉയരത്തിലുള്ള സംരക്ഷണ കേന്ദ്രം. 2019-’20-ൽ 500 കോടി രൂപയെങ്കിലും പാക്കേജിനു വിനിയോഗിക്കുകയാണ് ലക്ഷ്യം.

Content Highlights; Kerala Budget 2019 Kuttanad package 2