തിരുവനന്തപുരം: നവകേരളസൃഷ്ടിക്ക് 25 പരിപാടികൾ മുന്നോട്ടുവെച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ ബജറ്റ്. പദ്ധതികൾക്ക് പണം കണ്ടെത്താൻ പ്രളയസെസ് ഉൾപ്പെടെ 1,758 കോടി രൂപയുടെ അധിക വിഭവസമാഹരണവും പ്രഖ്യാപിച്ചു. എല്ലാ കുടുംബങ്ങൾക്കും പ്രയോജനപ്പെടുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയും തിരുവനന്തപുരം-കാസർകോട് ആകാശ റെയിൽപ്പാതയുമാണ് പ്രധാന പ്രഖ്യാപനങ്ങൾ. ക്ഷേമപെൻഷൻ 100 രൂപ കൂട്ടി 1200 ആക്കിയതാണ് മറ്റൊരു ശ്രദ്ധേയപ്രഖ്യാപനം.

വരുംവർഷം 15,348.13 കോടി രൂപയുടെ അധികവരുമാനമാണ് ബജറ്റ് ലക്ഷ്യമിടുന്നത്. ഇതിൽ 1785 കോടിരൂപ പുതിയ നികുതികളിലൂടെ നേടും. ബാക്കി നികുതിപിരിവ് ഊർജിതമാക്കിയും കുടിശ്ശിക പിരിച്ചെടുത്തും നേടുമെന്നും ധനമന്ത്രി പറഞ്ഞു.

പ്രളയസെസ് ഒരുശതമാനം

ജി.എസ്.ടി. നിരക്ക് അഞ്ചുശതമാനത്തിനുമുകളിലുള്ള എല്ലാ സാധനങ്ങൾക്കും ഏപ്രിൽമുതൽ രണ്ടു വർഷത്തേക്ക് ഒരു ശതമാനം അധികനികുതി നൽകേണ്ടിവരും. ഇത് പൊതുവേ വിലക്കയറ്റത്തിന് വഴിവെക്കും. ഒരു വിഭാഗം അവശ്യവസ്തുക്കളൊഴികെ എല്ലാ ഉപഭോഗ വസ്തുക്കൾക്കും നിർമാണസാമഗ്രികൾക്കും ഗൃഹോപകരണങ്ങൾക്കും ഇലക്‌ട്രോണിക്സ് ഉത്പന്നങ്ങൾക്കും വാഹനങ്ങൾക്കും ഫലത്തിൽ ഒരു ശതമാനം നികുതി കൂടും. സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങൾക്കും കാൽ ശതമാനം സെസും ഏർപ്പെടുത്തി.

ഭൂമിയുടെ ന്യായവില പത്ത് ശതമാനം കൂട്ടിയതിനാൽ വസ്തു ഇടപാടുകൾക്ക് ചെലവേറും. ബിയർ, വൈൻ ഉൾപ്പെടെ എല്ലാ മദ്യങ്ങൾക്കും രണ്ടുശതമാനം നികുതി കൂട്ടി. വാഹനങ്ങളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം കൂട്ടി. സർക്കാർ സേവനങ്ങൾക്ക് ഫീസും ചാർജും അഞ്ച് ശതമാനം കൂട്ടിയിട്ടുണ്ട്. ഇത് സർക്കാർ ആശുപത്രികളിലെ സേവനങ്ങൾക്കും ബാധകമാവും. സിനിമാ ടിക്കറ്റിന് പത്തുശതമാനം വിനോദനികുതി കൂട്ടിയത് സിനിമ കാണാനും ചെലവേറ്റും.

സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും മാരകരോഗങ്ങളുടെ ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപവരെ ഇൻഷുറൻസ് ലഭിക്കുന്ന സമഗ്ര ആരോഗ്യ സുരക്ഷാപദ്ധതി അടുത്തവർഷം നിലവിൽ വരും. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ആയുഷ്മാൻ ഭാരതുമായി സംയോജിപ്പിച്ചാണിത്. ഒരു ലക്ഷം രൂപവരെയുള്ള ചികിത്സയ്ക്ക് ഇൻഷുറൻസ് കമ്പനി നേരിട്ട് പണം നൽകും. കാൻസർ, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സയ്ക്ക് അഞ്ചുലക്ഷം രൂപവരെ സർക്കാർ നേരിട്ട് ആശുപത്രികൾക്ക് നൽകും. നിലവിലെ ആർ.എസ്.ബി.വൈ. പദ്ധതിയിലുള്ള 42 ലക്ഷം കുടുംബങ്ങളുടെ പ്രീമിയം സർക്കാർ അടയ്ക്കും. ഇതിന് 800 കോടി രൂപ ചെലവിടും. ഇ.എസ്.ഐ. ആനുകൂല്യം ലഭിക്കാത്ത ശേഷിക്കുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം നിലയ്ക്ക് പ്രീമിയമടച്ച് പദ്ധതിയിൽ ചേരാം.

ആകാശറെയിൽപ്പാത

55,000 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽപ്പാത 2020-ൽ നിർമാണം തുടങ്ങും. ഇതിനായി ഭൂമി ഏറ്റെടുക്കാനാവാത്തതിനാൽ നിലവിലുള്ള പാതയിൽനിന്ന് വേറിട്ട് തൂണുകളിൽ(എലവേറ്റഡ്) രണ്ടുവരിപ്പാത നിർമിക്കും. 515 കിലോമീറ്ററായിരിക്കും ഇതിന്റെ ദൂരം. നിലവിലെ പാതയെക്കാൾ 65 കിലോമീറ്റർ കുറവ്. ഇതിലൂടെ തീവണ്ടികൾ മണിക്കൂറിൽ 180 കിലോമീറ്റർ വേഗത്തിൽ ഓടും. തിരുവനന്തപുരം-കാസർകോട് സഞ്ചാരത്തിന് നാലുമണിക്കൂർ മതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമാണിത്. വിദേശ വായ്പകളും പ്രയോജനപ്പെടുത്തും. ഏഴുവർഷംകൊണ്ട് പൂർത്തിയാക്കും.

പ്രളയത്തിൽനിന്ന് കരകയറാൻ 4700 കോടി

കിഫ്ബിയിൽ 20,000 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കും. പ്രളയത്തിൽ നഷ്ടപ്പെട്ട ജീവിതോപാധികൾ തിരിച്ചുപിടിക്കാൻ 4700 കോടി രൂപ അനുവദിച്ചു. പ്രതിസന്ധിയിലായ കെ.എസ്.ആർ.ടി.സി.യെ കരകയറ്റാൻ ഈവർഷവും ആയിരം കോടി രൂപ നൽകും. ശബരിമലയിലെ വരുമാന വിടവ് നികത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‌ നൂറു കോടിരൂപയുടെ സഹായം. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 20 കോടിയും നൽകും.

40 ലക്ഷം വിറ്റുവരവുള്ളവരെ ഒഴിവാക്കി

നാൽപ്പതുലക്ഷം രൂപവരെ വിറ്റുവരവുള്ള ചെറുകിട വ്യാപാരികളെ ജി.എസ്.ടി. നികുതിപരിധിയിൽനിന്ന് ഒഴിവാക്കും. സർക്കാരിന്റെ നേരത്തേയുള്ള തീരുമാനത്തിൽനിന്നുള്ള നയംമാറ്റമാണിത്. 40 ലക്ഷം രൂപമുതൽ ഒന്നരക്കോടിവരെ വിറ്റുവരവുള്ളവർ ഇനി വരുമാനത്തിന്റെ ഒരു ശതമാനം നികുതി നൽകിയാൽ മതി. സേവനദാതാക്കൾക്കും ഇത്തരത്തിൽ കോമ്പൗണ്ടിങ് സമ്പ്രദായം ഏർപ്പെടുത്തും. 50 ലക്ഷംവരെ വിറ്റുവരവുള്ള സേവനദാതാക്കൾ വരുമാനത്തിന്റെ ആറുശതമാനം നികുതി നൽകണം.

അധികവരുമാനം: 1785 കോടി രൂപ ഇങ്ങനെ

  • ഒരു ശതമാനം പ്രളയസെസിലൂടെ: 600 കോടി
  • മദ്യത്തിന് രണ്ടുശതമാനം അധികനികുതിയിലൂടെ: 180 കോടി
  • പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന: 200 കോടി
  • വില കുറച്ച് വസ്തുക്കച്ചവടം നടത്തിയ കേസുകൾ ഒറ്റത്തവണ തീർപ്പാക്കുമ്പോൾ: 100 കോടി
  • ഭൂമിയുടെ ന്യായവില 10 ശതമാനം കൂടുമ്പോൾ: 400 കോടി
  • വലിയ വീടുകളുടെ ആഡംബരനികുതി: 50 കോടി
  • പാട്ടം കുടിശ്ശിക: 200 കോടി
  • ശേഷിക്കുന്നത് സർക്കാർ സേവനങ്ങളുടെ ചാർജുകളും ഫീസുകളും കൂട്ടുന്നതുവഴി.

കേന്ദ്രം സഹായിക്കുന്നില്ല

പ്രളക്കെടുതിയിൽനിന്നു കരകയറാൻ കേന്ദ്രം സഹായിക്കുന്നില്ല. നികുതിവരുമാനം പ്രതീക്ഷിച്ച തോതിൽ ഉണ്ടാവുന്നില്ല. പത്തുശതമാനമേ വളരുന്നുള്ളൂ. ചെലവാകട്ടെ, 16-17 ശതമാനം വീതം വർഷംതോറും കൂടുന്നു. പുനർനിർമാണത്തിനായി വൻതോതിൽ പണം ചെലവിടേണ്ടതുണ്ട്. സംസ്ഥാനം സാമ്പത്തിക ദൃഢീകരണത്തിന്റെ പാതയിലാണ്. 1,15,354.71 കോടിരൂപ വരവും 1,24,125 കോടി രൂപ ചെലവുമാണ് പ്രതീക്ഷിക്കുന്നത്. ധനക്കമ്മി മൂന്നുശതമാനമായും റവന്യൂക്കമ്മി ഒരു ശതമാനമായും കുറയ്ക്കാനാണ് ലക്ഷ്യം. -ധനമന്ത്രി തോമസ് ഐസക്

Content Highlights: Kerala Budget 2019 Flood Cess