തിരുവനന്തപുരം: പ്രളയാനന്തര കേരളത്തെ പുനർസൃഷ്ടിക്കാനും നവോത്ഥാനത്തിന് സാമൂഹ്യ സാഹചര്യമൊരുക്കാനുള്ള മാർഗരേഖയായാണ് മന്ത്രി തോമസ് ഐസക്ക് ബജറ്റ് അവതരിപ്പിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിന് വിവിധ വഴികൾ തേടുന്നതിനൊപ്പം ജനങ്ങളുടെ പോക്കറ്റിനെയും ബജറ്റ് കൂടുതലായി ആശ്രയിക്കുന്നു.
രണ്ടുവർഷത്തേക്ക് നിത്യോപയോഗ സാധനങ്ങൾക്കടക്കം ഒരു ശതമാനം സെസ് ഏർപ്പെടുത്തിയത് എല്ലാവിഭാഗം ജനങ്ങളെയും നേരിട്ട് ബാധിക്കും. തിരഞ്ഞെടുപ്പ് വർഷമായിട്ടും വലിയ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിച്ച് കൈയടി നേടാൻ മന്ത്രി ശ്രമിച്ചില്ല. ക്ഷേമപെൻഷൻ വർധന 100 രൂപയിൽ ഒതുക്കി. സമഗ്ര ആരോഗ്യ ഇൻഷുറൻസാണ് മറ്റൊരു വലിയ പദ്ധതി. എന്നാൽ ഏറെ ജനപ്രിയമായിരുന്ന കാരുണ്യ ഇതിൽ ലയിപ്പിക്കുന്നതിലൂടെ നേരിട്ട് ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്ന സ്ഥാനത്ത് ഇൻഷുറൻസിലേക്ക് പദ്ധതി മാറിയെന്ന വിമർശനം ഉയരുന്നു.
ബജറ്റിൽ സാധാരണ പ്രഖ്യാപിക്കുന്ന പദ്ധതികളെല്ലാം ഏകോപിപ്പിച്ച് നവകേരളത്തിനായി 25 പദ്ധതികളെന്ന് ധനമന്ത്രി ബ്രാൻഡ് ചെയ്തതിൽ മാനേജ്മെന്റ് വൈദഗ്ധ്യമുണ്ട്. അടിസ്ഥാനവികസന പദ്ധതികളിൽ പ്രധാനം തെക്ക്-വടക്ക് ആകാശ റെയിൽ പാതയാണ്. ഐ.ടി. മേഖലയിൽ വലിയ കമ്പനികളുടെ വരവും തൊഴിൽ സാധ്യതയും ബജറ്റ് പ്രതീക്ഷിക്കുന്നു.
55,000 കോടി രൂപയുടെ ആകാശപാതയ്ക്ക് പണവും സ്ഥലവും കണ്ടെത്താനുള്ള വിഷമം ഇതിന്റെ പ്രായോഗികതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. ഭൂമിയുടെ ന്യായവില പത്ത് ശതമാനം ഉയർത്തിയത് ഭൂമി ക്രയവിക്രയങ്ങൾക്ക് ചെലവേറ്ും.
ശബരിമല പ്രശ്നത്തിന്റെ പേരിൽ സർക്കാർ കേട്ട പഴിക്ക് ബജറ്റ് പരിഹാരംതേടുന്നു. ശബരിമലയെ തകർക്കാനല്ല, അടിസ്ഥാനസൗകര്യം ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പറയുന്ന ബജറ്റ് അതിനായി 739 കോടി മാറ്റിവച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് 100 കോടി അനുവദിച്ചതിലും രാഷ്ട്രീയ സന്ദേശമുണ്ട്. നവോത്ഥാന മ്യൂസിയവും ജില്ലകളിൽ സ്മാരക മതിലുകളും സ്ഥാപിക്കുന്നതുവഴി നവോത്ഥാനമൂല്യ സംരക്ഷണമെന്ന സർക്കാർ നയവും ബജറ്റ് ഉയർത്തിപിടിക്കുന്നു.
സർക്കാർ ജീവനക്കാരുടെ സാലറി ചലഞ്ചിലെ എതിർപ്പ് രണ്ട് ഗഡു ഡി.എ. അനുവദിച്ചതുവഴി മറികടക്കാനും ശ്രമമുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് ഇക്കുറിയും പാക്കേജുണ്ട്.
സംസ്ഥാന പുനർനിർമാണത്തിന് 41,000 കോടി രൂപ വേണ്ടിടത്ത് പ്രളയ സെസും മറ്റ് വിഭവസമാഹരണം വഴിയും കണ്ടെത്തുന്ന പണം ചെറിയൊരു ഭാഗമേ ആകുന്നുള്ളൂ.
കേന്ദ്രത്തിന് വിമർശനം
പുനർനിർമാണവും കേന്ദ്ര സർക്കാരും എന്ന ഒരു അധ്യായംതന്നെ ബജറ്റ് പ്രസംഗത്തിലുണ്ട്. പ്രളയ പുനർനിർമാണത്തിന് ആകെ 3000 കോടി രൂപയുടെമാത്രം സഹായം തന്നതും വിദേശ സഹായം വിലക്കിയ കേന്ദ്രനിലപാടിനെയും ബജറ്റ് വിമർശിക്കുന്നു. കേരള ജനതയോട് എന്തിനീ ക്രൂരത എന്ന ചോദ്യമാണ് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ ഉന്നയിച്ചത്
Content Highlights: Kerala Budget 2019