തിരുവനന്തപുരം: ക്ഷീരകര്‍ഷകരുടെ പെന്‍ഷന്‍ 1,100 രൂപയാക്കി നല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റില്‍ പ്രഖ്യാപിച്ചു. മൃഗസംരക്ഷണമേഖലക്ക് 308 കോടി രൂപയും ഡയറി വികസനത്തിന് 97 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 

ഉള്‍നാടന്‍ മത്സ്യമേഖലക്ക് 49 കോടി രൂപ അനുവദിക്കും. പഞ്ഞമാസ പ്രകാരം സമാശ്വാസപദ്ധതി 3,600 രൂപ വീതം നല്‍കും. മത്സ്യത്തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുകയിലും വര്‍ധനയുണ്ട്. മരിക്കുന്നവര്‍ക്കും കാണാതാവുന്നവര്‍ക്കും 10 ലക്ഷം രൂപയും തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപയുടേയും ഇന്‍ഷുറന്‍സ് നല്‍കും. അനുബന്ധ തൊഴിലാളികള്‍ക്കും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തി.

അര്‍ത്തുങ്കല്‍,വെള്ളയില്‍,താനൂര്‍,പരപ്പനങ്ങാടി,മഞ്ചേശ്വരം,കൊയിലാണ്ടി,മുനക്കടവ്,ചേറ്റുവ ചെറുവത്തൂര്‍,തലായി ചെത്തി ഹാര്‍ബറുകളുടെ നിര്‍മ്മാണത്തിന് 39 കോടി രൂപ അനുവദിച്ചു. തീരപ്രദേശ വികസനത്തിനായി 216 കോടിയും കടല്‍ത്തീരത്തുനിന്ന് 50 മീറ്ററിനുള്ളില്‍ തമാസിക്കുന്ന 24,851 മത്സ്യതൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 150 കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

തീരദേശ ചെറുറോഡുകള്‍ക്ക് വേണ്ടി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന് 100 കോടി രൂപയും മത്സ്യ-കയര്‍-കര്‍ഷകത്തൊഴിലാളി ക്ഷേമനിധി റിട്ടയര്‍മെന്റ് ആനുകൂല്യത്തിന് 50 കോടിയും അനുവദിച്ചു.

ചെറുകിട കൃഷിക്കാര്‍ക്ക് റബ്ബറിന് 150 രൂപ ഉറപ്പുവരുത്തുന്നതിനുള്ള വിലസ്ഥിരപദ്ധതി തുടരാന്‍ 500 കോടി രൂപ നീക്കിവെച്ചു. കുരുമുളക്,വയനാടിന്റെ തനത് നെല്ലിനങ്ങള്‍,മണ്ണ്-ജല സംരക്ഷണ പ്രവര്‍ത്തനം എന്നിവയ്ക്കായുള്ള വയനാട് പാക്കേജിന് 500 കോടി രൂപയും കാസര്‍കോട് പാക്കേജിന് 90 കോടിയും വകയിരുത്തി.

നെല്ല,പച്ചക്കറി,വാഴ,പൂക്കള്‍,നാളികേരം,എന്നീ വിളകള്‍ക്ക് 15 പ്രത്യേക സാമ്പത്തിക സോണുകള്‍ ആരംഭിക്കാന്‍ 10 കോടിരൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.