തിരുവനന്തപുരം: വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളില്‍ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ്. ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിച്ചും ജീവിത ശൈലീ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ വാഗ്ദാനചെയ്തും ബജറ്റിനെ ജനകീയമാക്കി. 

സംസ്ഥാനത്ത് ഇന്റര്‍നെറ്റ് വിപ്ലവും ലക്ഷ്യമിട്ടുകൊണ്ടുള്ള പദ്ധതിയും ശ്രദ്ധേയമായി. കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്ക് സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക് ഫൈബര്‍ പാതവഴി എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. 

25,000 കോടിയുടെ പശ്ചാത്തലവികസനത്തിനും കെ.ഫോണ്‍ ഉള്‍പ്പടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും കിഫ്ബി വഴി പണം കണ്ടെത്തണമെന്നുള്ളതാണ് സര്‍ക്കാരിന് മുന്നിലുള്ള വെല്ലുവിളി.

കെഎസ്എഫ്ഇ ഈ വര്‍ഷം ആരംഭിക്കുന്ന പ്രവാസി ചിട്ടി പദ്ധതിയിലൂടെ ലഭിക്കുന്ന പണം തീരദേശ-മലയോര ഹൈവേകളുടെ നിര്‍മാണത്തിനായി ഉപയോഗിക്കാനാണ് പദ്ധതി. 

Iamge
ഫോട്ടോ: ബിജു വര്‍ഗീസ്.

ബജറ്റ് സോഷ്യല്‍ മീഡിയയില്‍ ചോര്‍ന്നെന്ന് ആരോപിച്ച് അവതരണത്തിനിടെപ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബജറ്റിന്റെ പ്രസക്തഭാഗങ്ങളുടെ പകര്‍പ്പുമായി എത്തിയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബജറ്റ് ചോര്‍ന്നെന്ന ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ബജറ്റ് അവതരണം തടസ്സപ്പെട്ടു.

ഇതേത്തുടര്‍ന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ അവസരം നല്‍കി. ധനമന്ത്രി ബജറ്റ് അവതരിപ്പിക്കും മുമ്പേ ബജറ്റ് പുറത്തായെന്നും ബജറ്റിന്റെ പവിത്രത നഷ്ടമായെന്നും ചെന്നിത്തല പറഞ്ഞു.

ഇതേത്തുടര്‍ന്ന് വിഷയം പരിശോധിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിയ്ക്കായി എഴുന്നേറ്റു. ബജറ്റ് വിവരങ്ങള്‍ അപ്പപ്പോള്‍ ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുമ്പും ഇത് നടന്നിട്ടുണ്ടെന്നും വിഷയം പരിശോധിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ല.

വീണ്ടും ബജറ്റ് അവതരണം തുടങ്ങിയതോടെ പ്രതിപക്ഷം സഭയുടെ നടുത്തളത്തില്‍ ഇറങ്ങുകയും സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന് നിയമസഭ മീഡിയ റൂമില്‍ രമേശ് ചെന്നിത്തല ബദല്‍ ബജറ്റ് അവതരിപ്പിച്ചു.